ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി
നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയുധങ്ങൾ നിരോധിക്കണമെന്ന് ജി7 ഉച്ചകോടിയിൽ മാർപാപ്പ
മിലാൻ: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിക്കിടെ മാർപാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തി. ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മോദി മാർപാപ്പയെ കണ്ടത്. അദ്ദേഹത്തെ ആശ്ലേഷിച്ച മോദി കൈപിടിച്ച് കുശലാന്വേഷണം നടത്തി. തുടർന്നാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഇരുവരും തമ്മിൽ വെള്ളിയാഴ്ച വിശദമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കൊപ്പം വീൽചെയറിലാണ് 87കാരനായ ഫ്രാൻസിസ് മാർപാപ്പ ഉച്ചക്കോടിക്കെത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യൂറോപ്യൻ പാർലമെന്റ് മേധാവി ഉർസുല വോൺ ദേർ ലിയൻ എന്നിവരും മാർപാപ്പയുടെ ആശീർവാദം ഏറ്റുവാങ്ങനെത്തി. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ക്ഷണിതാവായാണ് പോപ്പ് ഉച്ചകോടിക്കെത്തിയത്. ആദ്യമായിട്ടാണ് പോപ്പ് ജി7 നേതാക്കളെ അഭിസംബോധന ചെയ്യുന്നത്.
നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയുധങ്ങൾ നിരോധിക്കണമെന്ന് മാർപാപ്പ ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. മനുഷ്യജീവനെടുക്കാൻ ഒരിക്കലും ഒരു യന്ത്രത്തെ നിയോഗിക്കരുത്. നിർമിത ബുദ്ധി ഒരേസമയം ആവേശവും ഭീഷണിയും ഉയർത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യയിലെ കുത്തക അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിന്റെ അടിത്തറ പാകാൻ അത് സർഗാത്മകമാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ജി7 ഉച്ചകോടിയിലെ ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ലോകമെമ്പാടുമുള്ള അനിശ്ചിതത്വങ്ങളുടെയും പിരിമുറുക്കങ്ങളുടെയും ആഘാതം ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ വഹിക്കുകയാണ്. ഈ രാജ്യങ്ങളുടെ മുൻഗണനകളും ആശങ്കകളും ലോക വേദിയിൽ അവതരിപ്പിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ വളർച്ചക്കും സ്ഥിരതക്കും സുരക്ഷക്കും ഇന്ത്യ സംഭാവന ചെയ്യുന്നുണ്ട്. ഭാവിയിലും അത് തുടരുമെന്നും മോദി പറഞ്ഞു.
Adjust Story Font
16