Quantcast

റഈസിക്ക് താൽക്കാലിക പിൻ​ഗാമി; മുഹമ്മദ് മുഖ്ബർ ഇറാന്‍റെ ഇടക്കാല പ്രസിഡന്റ്

നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റാണ് 68കാരനായ മുഖ്ബർ.

MediaOne Logo

Web Desk

  • Updated:

    2024-05-20 15:15:19.0

Published:

20 May 2024 1:58 PM GMT

Mohammad Mokhber Appointed as the Iran’s acting president
X

തെഹ്റാൻ: പ്രസിഡന്‍റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ മുഖ്ബറിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ച കാര്യം സ്ഥിരീകരിച്ചു. നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റാണ് 68കാരനായ മുഖ്ബർ.

ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം, അധികാരത്തിലിരിക്കെ പ്രസിഡന്റ് മരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താൽ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാവാം. 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം.

ഒന്നാം വൈസ് പ്രസിഡൻ്റ്, പാർലമെൻ്റ് സ്പീക്കർ, ജുഡീഷ്യറി തലവൻ എന്നിവരടങ്ങുന്ന ഒരു കൗൺസിലായിരിക്കണം പുതിയ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. 2025ലാണ് ഇനി ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

1955 സെപ്തംബര്‍ ഒന്നിന് ജനിച്ച മുഖ്ബർ റഈസിയെ പോലെ അലി ഖാംനഈയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. റഈസി പ്രസിഡന്‍റായി ചുമതലയേറ്റതിനു പിന്നാലെ 2021 ആഗസ്റ്റിലാണ് മുഖ്ബറിനെ ഒന്നാം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. അതിനു മുമ്പ് 14 വർഷം ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള നിക്ഷേപ ഫണ്ടായ ‘സെറ്റാഡി’ന്റെ തലവനായിരുന്നു.

കഴിഞ്ഞ ഒക്‌ടോബറിൽ റഷ്യയുമായുള്ള ചർച്ചകളിൽ മുഖ്ബറും പങ്കാളിയായിരുന്നു. റഷ്യൻ സൈന്യത്തിന് ഉപരിതല മിസൈലുകളും ഡ്രോണുകളും നൽകാനുള്ള കരാറുകൾ സുഗമമാക്കിയ ഈ പ്രതിനിധി സംഘത്തിൽ ഇറാൻ്റെ റെവല്യൂഷണറി ഗാർഡിലെയും സുപ്രിം നാഷണൽ സെക്യൂരിറ്റി കൗൺസിലിലെയും ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു.

ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് 2010ല്‍ യൂറോപ്യന്‍ യൂനിയന്‍ ഉപരോധ പട്ടികയില്‍ ഉൾപ്പെടുത്തിയവരിൽ മുഖ്ബറും ഉണ്ടായിരുന്നു. രണ്ടു വർഷത്തിനു ശേഷം മുഖ്ബറിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി.



TAGS :

Next Story