Quantcast

ഹമാസിന്റെ 'ഏഴ് ജന്മങ്ങളുള്ള പൂച്ച', ദെയ്‌ഫിന്റെ മരണത്തിൽ പൊളിഞ്ഞ ഇസ്രായേലിന്റെ നുണക്കഥകൾ

ഹമാസിന്റെ പതനം സ്വപ്‌നം കാണുന്ന ഇസ്രായേലിന് അത് യാഥാർഥ്യമാക്കാൻ ഇനിയും എത്ര ദൂരം സഞ്ചരിക്കേണ്ടി വന്നേക്കുമെന്നത് ചോദ്യമാണ്. ഓരോ നേതാവും പോകുന്നത് ഇസ്രായേൽ മെനഞ്ഞുണ്ടാക്കിയ ഓരോ നുണക്കഥകളും പൊളിച്ചുകൊണ്ടാണ്. ദെയ്‌ഫിന്റെ മരണത്തോടെ അങ്ങനെ കെട്ടിപ്പൊക്കിയ ഒരു നുണക്കഥ കൂടി പൊളിഞ്ഞുവീണിരുന്നു

MediaOne Logo

Web Desk

  • Published:

    4 Feb 2025 10:38 AM

mohammed deif
X

2025 ജനുവരി 15... അധിനിവേശ ഫലസ്‌തീനിലെ ഗസ്സയിൽ വെടിനിർത്തൽ കരാറിനെ തുടർന്നൊരു ആഘോഷം നടക്കുകയാണ്, കൂട്ടംകൂടി നിന്ന് കൈകൾ കൊട്ടി ആഘോഷിക്കുന്ന ഒരു വിഭാഗം ആളുകൾ വിളിച്ചുപറയുന്നത് 'ഞങ്ങൾ മുഹമ്മദ് ദെയ്‌ഫിന്റെ ആളുകളാണ്, ഒരു പോരാട്ടത്തിലൂടെയല്ലാതെ ഞങ്ങൾ കീഴടങ്ങില്ല...', ഈ ആഘോഷം നടന്ന് 15 ദിവസം പിന്നിടുമ്പോഴാണ് അൽ-ഖസ്സാം ബ്രിഗേഡുകളുടെ സൈനിക വക്താവ് അബു ഉബൈദ ദെയ്‌ഫിന്റെ രക്തസാക്ഷിത്വം പ്രഖ്യാപിക്കുന്നത്. വീണുപോയ ഓരോ നേതാവിനും പകരം ആയിരം പേർ കൂടി ഉയർന്നുവരുന്നുവെന്ന് കൂട്ടിച്ചേർത്തുകൊണ്ട് അബൂ ഉബൈദ ആ പ്രസംഗത്തിൽ ഒരു കാര്യംകൂടി പറയുന്നുണ്ട്... അൽ-ഖസ്സാം ബ്രിഗേഡുകളുടെ നേതൃനിര ഒരിക്കലും ശൂന്യമായിട്ടില്ല... ഒരു മണിക്കൂർ നേരത്തേക്ക് പോലും..

ഇസ്രായേലിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ ഒന്നാമൻ... മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്‌രി. ഒക്ടോബർ ഏഴിനാണ് നീണ്ട കുറേ വർഷങ്ങൾക്ക് അദ്ദേഹത്തിന്റെ ശബ്‌ദം പുറംലോകം കേൾക്കുന്നത്. ഹമാസിന്റെ ടിവി ചാനലായ അൽ അഖ്‌സ ടിവിയിലൂടെ അദ്ദേഹത്തിന്റെ ശബ്‌ദസന്ദേശമെത്തിയപ്പോഴേ വലുതെന്തോ വരാനിരിക്കുന്നുവെന്ന് ഫലസ്‌തീനികൾ ഉറപ്പിച്ചിരുന്നു. , ലോകരാഷ്ട്രങ്ങള്‍ പാടിപ്പുകഴ്ത്തിയ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി മൊസാദിനെ നടുക്കി അയൺ ഡോമുകൾ തുളച്ച് ഹമാസിന്റെ റോക്കറ്റുകൾ ഓരോന്നായി ഇസ്രായേലിന് മേൽ വീഴുന്നതിന് മുന്നോടിയായിരുന്നു അത്... മസ്‌ജിദുല്‍ അഖ്‌സക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കും എല്ലാ അധിനിവേശത്തിനും അല്‍ അഖ്‌സ ഫ്‌ളഡിലൂടെ മറുപടി നൽകുമെന്ന മുഹമ്മദ് അൽ ദെയ്‌ഫിന്റെ അന്ത്യശാസനം.

ദെയ്‌ഫിനെ വധിച്ചുവെന്ന ഇസ്രായേലിന്റെ പ്രഖ്യാപനങ്ങൾക്ക് രണ്ടുപതിറ്റാണ്ടോളം പഴക്കമുണ്ട്. ഓരോ തവണ ഇസ്രായേൽ പ്രഖ്യാപനം നടത്തുമ്പോഴും തൊട്ടടുത്ത നിമിഷം അത് പൊളിച്ചുകൊണ്ട് ഹമാസ് രംഗത്തെത്തും. ഇത്തവണ പക്ഷേ, ഹമാസ് സ്ഥിരീകരിച്ച് കഴിഞ്ഞു... മുഹമ്മദ് ദെയ്‌ഫ്‌ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മർവാൻ ഇസ്സ, ഒപ്പം മറ്റ് അഞ്ച് കമാൻഡർമാർ കൂടി രക്തസാക്ഷിത്വം വഹിച്ചു. ദെയ്‌ഫ് എവിടെ വെച്ചാണ്, എപ്പോഴാണ് കൊല്ലപ്പെട്ടതെന്നടക്കമുള്ള വിവരങ്ങൾ ഹമാസ് പുറത്തുവിട്ടിട്ടില്ല. ഗസ്സ മുനമ്പിൽ നടന്ന വംശഹത്യക്കിടെ ഇസ്രായേൽ അധിനിവേശ സേനയുമായി പോരാടുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ഈ ഒരു കൊലപാതകം ഇസ്രായേലിന് നൽകിയ ആശ്വാസം ചെറുതല്ല, പക്ഷേ.. ഹമാസിന്റെ പതനം സ്വപ്‌നം കാണുന്ന ഇസ്രായേലിന് അത് യാഥാർഥ്യമാക്കാൻ ഇനിയും എത്ര ദൂരം സഞ്ചരിക്കേണ്ടി വന്നേക്കുമെന്നത് ചോദ്യമാണ്. ഓരോ നേതാവും പോകുന്നത് ഇസ്രായേൽ മെനഞ്ഞുണ്ടാക്കിയ ഓരോ നുണക്കഥകളും പൊളിച്ചുകൊണ്ടാണ്. ദെയ്‌ഫിന്റെ മരണത്തോടെ അങ്ങനെ കെട്ടിപ്പൊക്കിയ ഒരു നുണക്കഥ കൂടി പൊളിഞ്ഞുവീണിരുന്നു.

അതിലേക്ക് വരുന്നതിന് മുൻപ് മുഹമ്മദ് ദെയ്‌ഫ്‌ എന്ന എസ്സെദീൻ അൽ-ഖസ്സാം ബ്രിഗേഡ്‌സ്‌ തലവനെ കുറിച്ച് അറിയേണ്ടതുണ്ട്. കാരണം, ഇതൊന്നും തുടങ്ങിയത് ഒക്ടോബർ ഏഴിനല്ലല്ലോ...

ഫലസ്‌തീനിലെ 'അതിഥി'

1965ൽ ഗസ്സ മുനമ്പിലെ ഖാൻ യൂനിസ് അഭയാർഥി ക്യാമ്പിലാണ് ജനനം. 1948ലെ അറബ്- ഇസ്രായേൽ യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടതായിരുന്നു മുഹമ്മദ് ദിയാബിന്റെ കുടുംബം. പട്ടിണിയില്ലാതെ കഴിയാൻ പാടുപെടുന്ന കാലമായിരുന്നു, കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി അവരെ പോറ്റാനായി സ്‌കൂൾ പഠനം താൽകാലികമായി അവസാനിപ്പിച്ചു. പിതാവിനൊപ്പം അപ്ഹോൾസ്റ്ററിയിൽ ജോലി ചെയ്യുകയും ഒരു ചെറിയ കോഴി ഫാം ആരംഭിക്കുകയും ചെയ്തു. പിന്നീട് 1988ലാണ് അദ്ദേഹം വീണ്ടും പഠനത്തിലേക്ക് തിരിയുന്നത്. ഗസ്സയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സയൻസിൽ ബിരുദം നേടി. യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം അല്‍-അയുദീന്‍ എന്ന പേരിൽ ഒരു നാടകസംഘം സ്ഥാപിക്കുകയും ഹാസ്യനാടകങ്ങളിൽ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇസ്രായേൽ അധിനിവേശത്തിനെതിരെ 1987ൽ ഫലസ്‌തീൻ നടത്തിയ ഒന്നാം ഇന്‍തിഫാദയ്ക്ക് പിന്നാലെയാണ് ഹമാസ് രൂപീകൃതമാകുന്നത്. 87കളുടെ അവസാനത്തോടെ മുഹമ്മദ് ദിയാബും ഹമാസിൽ ചേരുന്നു. ഇതിന് ശേഷമാണ് 88ല്‍ പഠനം പൂര്‍ത്തിയാക്കാന്‍ തിരികെ സര്‍വകലാശാലയിലെത്തുന്നത്. ദിയാബിന്റെ നാടകത്തിലുടനീളം ഇസ്രായേൽ അധിനിവേശവും ഫലസ്‌തീൻ അഭയാർഥികളുമൊക്കെയായിരുന്നു. ചരിത്രപുരുഷൻമാരുടേതടക്കം നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്‌തിട്ടുണ്ട്‌. പഠനം പൂർത്തിയാക്കിയതിന്റെ തൊട്ടടുത്ത വർഷം, 1989ൽ ഇസ്രായേലിന്റെ പിടിയിലായ ഇദ്ദേഹം 16 മാസത്തോളം ജയിലിൽ കഴിഞ്ഞു. പുറത്തിറങ്ങിയ ശേഷവും ഹമാസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. നാടകങ്ങളിലൂടെയായിരുന്നു പ്രധാനമായും ആശയപ്രചാരണം.

1990-ല്‍ ഹമാസിന്റെ പ്രധാന ബോംബ് നിർമാതാവും ഇസ്സദ് ദിൻ അൽ ഖസം ബ്രിഗേഡിന്റെ വെസ്റ്റ് ബാങ്ക് ബറ്റാലിയൻ നേതാവുമായ യഹ്യാ അയ്യശിനും അദ്‌നാന്‍ അല്‍- ഘോളിനുമൊപ്പമാണ് ഇദ്ദേഹം ഹമാസിലേക്ക് മടങ്ങിയെത്തുന്നത്. ബോംബ് നിർമാണത്തിന്റെ ആദ്യപാഠങ്ങൾ അയ്യശിനിൽ നിന്ന് ഇക്കാലയളവിൽ പഠിച്ചെടുത്തു. 1996ൽ ഇസ്രായേൽ യഹ്യ അയ്യാഷിനെ വധിച്ചതിന് പിന്നാലെ ദിയാബ് തന്റെ പ്രൊഫൈൽ ചുരുക്കുകയായിരുന്നു. അധികം പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുകയോ നേരിട്ട് പങ്കെടുക്കുകയോ ചെയ്‌തിട്ടില്ല.

ഈ സമയത്താണ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്‌രിക്ക് മുഹമ്മദ് അൽ ദെയ്‌ഫ് എന്ന വിളിപ്പേര് ലഭിക്കുന്നത്. ദെയ്‌ഫ് എന്നാൽ അറബിയിൽ "സന്ദർശകൻ" അല്ലെങ്കിൽ "അതിഥി എന്നാണ് അർഥം. ശത്രുക്കൾ ലക്ഷ്യമിടാതിരിക്കാനും അവരുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പടാനും അദ്ദേഹം സ്വീകരിച്ചത് ഒരു നാടോടി ശൈലിയായിരുന്നു. ഓരോ വീടുകൾ മാറിമാറിയാണ്‌ താമസിച്ചിരുന്നത്. ഒരു സ്ഥലത്ത് സ്ഥിരമായി തങ്ങിയിരുന്നുമില്ല.

ദി മാസ്റ്റർമൈൻഡ്

1994ല്‍ ഇസ്രയേല്‍ പ്രതിരോധ സേനയിലെ മൂന്നു സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നിൽ മുഹമ്മദ് ദെയ്‌ഫ് ആണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതായിരുന്നു ഹമാസിൽ ദെയ്‌ഫ് ആധിപത്യം ഉറപ്പിക്കുന്നതിന്റെ തുടക്കം. , 1996ലെ ജാഫ റോഡ് ബസ് ബോംബിംഗുകൾ ഉൾപ്പെടെ 1990നും 2000ത്തിനുമിടെ നിരവധി ചാവേർ ബോംബിംഗ് ആക്രമണങ്ങൾ അദ്ദേഹം ആസൂത്രണം ചെയ്‌തു. ഏതാണ്ട് അമ്പതിലേറെ ഇസ്രയേല്‍ പൗരന്മാരുടെ മരണത്തില്‍ കലാശിച്ച ജെറുസലേമിലെയും അഷ്‌കലോണിലെയും ബസ് ബോംബാക്രമണം ആസൂത്രണം ചെയ്‌തത്‌ യഹ്യ അയ്യശിനും ദെയ്‌ഫും കൂടിയാണ്. പിന്നീട് 2002 ജൂലൈയിൽ രണ്ടാം ഇന്‍തിഫാദ കാലത്ത് അല്‍ ഖസം മേധാവി സാലാഹ് ഷഹാദെയെ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെ ദെയ്ഫ് അല്‍ അൽ-ഖസ്സാം ബ്രിഗേഡുകളുടെ നേതൃത്വം ഏറ്റെടുത്തു.

ഖസ്സാം ബ്രിഗേഡുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊര്ജിതമാകുന്നത് ദെയ്‌ഫിന്റെ നേതൃത്വത്തിലാണ്. , അമച്വർ സെല്ലുകളുടെ ഒരു കൂട്ടത്തിൽ നിന്ന് സംഘടിത സൈനിക യൂണിറ്റുകളായി മാറ്റി ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടികള്‍ക്ക് സൈന്യത്തെ പാകപ്പെടുത്തി. റോക്കറ്റുകൾ ഉപയോഗിച്ച് ഇസ്രായേലി പ്രദേശത്തെ ആക്രമിക്കുകയും ഇസ്രായേൽ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ഭൂഗർഭ തുരങ്കങ്ങൾ നിർമിക്കുകയും ചെയ്ത പദ്ധതികളുടെ പിന്നിൽ പ്രവർത്തിച്ച തല ദെയ്ഫിന്റേത് തന്നെയാണ്.

അൽ-ഖസ്സാം ബ്രിഗേഡുകൾക്കുള്ളിൽ "ഷാഡോ യൂണിറ്റ്" ഉണ്ടാക്കിയതും ദെയ്‌ഫാണ്. ശത്രു ബന്ദികളെ സംരക്ഷിക്കുക, അവരെ ഒളിപ്പിക്കുക, ബന്ദികളെ ശത്രുക്കൾ കണ്ടെത്തുന്നത് തടയുക എന്നിവയൊക്കെയായിരുന്നു ഷാഡോ യൂണിറ്റിന്റെ ഡ്യൂട്ടി. 2002ൽ ഖസ്സാം ബ്രിഗേഡിന്‍റെ നേതൃപദവിയിൽ ഹമാസിന്‍റെ തുരങ്കങ്ങളുടെ ശൃംഖല വികസിപ്പിച്ചത് ദെയ്‌ഫ് ആണെന്നാണ് കരുതുന്നത്

ചുരുങ്ങിയ കാലംകൊണ്ട് തന്നെ മൊസാദിന്റെ കണ്ണിലെ കരടായി മാറുന്നുണ്ട് ദെയ്‌ഫ്. 2000 മെയ് മാസത്തിൽ, ഇസ്രായേലിന്റെ അഭ്യർത്ഥനപ്രകാരം ഫലസ്തീൻ നാഷണൽ അതോറിറ്റി ദെയ്‌ഫിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഡിസംബറിൽ തന്റെ ചില ഗാർഡുകളുടെ സഹായത്തോടെ അദ്ദേഹം രക്ഷപെട്ടു. കൊടുംകുറ്റവാളി പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ഇയാളുടെ ഫോട്ടോയിൽ റെഡ് ഇങ്ക് പടർത്താൻ ഇസ്രായേൽ നടത്തിയ ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടുകൊണ്ടേയിരുന്നു.

വാക്കിങ് ഗോസ്റ്റ്

ദെയ്‌ഫ് എവിടെയാണെന്ന് ഫലസ്തീനികൾക്ക് തന്നെ യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഗസ്സയിലെ തുരങ്കങ്ങളിൽ എവിടെയോ അയാൾ ഒളിച്ചുകഴിയുകയാണെന്നാണ് പൊതുവെ കരുതിയിരുന്നത്. സാധാരണജനങ്ങള്‍ക്ക് ദെയ്ഫിനെ കുറിച്ച് പരിമിതമായ അറിവേയുള്ളൂ. പൊതുരംഗത്ത് പ്രത്യക്ഷപ്പെടാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധപുലർത്തിയിരുന്നു. പുറത്തുവന്നത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രം. ഈ ഫോട്ടോകളെല്ലാം അദ്ദേഹത്തെ ചെറുപ്പകാലത്തേതാണ്. ഇപ്പോൾ 60 വയസ്സാണ് പ്രായം. 2024 ജനുവരിയിൽ, ഒരു കൈയിൽ ഒരു കപ്പ് ജ്യൂസും മറുകൈയിൽ ഒരു കപ്പ് യുഎസ് ഡോളറും പിടിച്ചിരിക്കുന്ന ഡീഫിന്റെ ഒരു ഫോട്ടോ ഐഡിഎഫ് പുറത്തിറക്കിയിരുന്നു. ഹമാസിൽ നിന്ന് ഇസ്രായേൽ പിടിച്ചെടുത്ത ഒരു കമ്പ്യൂട്ടറിൽ നിന്നാണ് ഈ ഫോട്ടോ കണ്ടെത്തിയത്.

walking ghost, സഞ്ചരിക്കുന്ന പ്രേതം എന്നും ദെയ്‌ഫിനൊരു വിളിപ്പേരുണ്ട്. ബഹുഭൂരിപക്ഷം പലസ്തീനികള്‍ക്കും ദെയ്ഫ് ഒരു പ്രേതത്തെ പോലെയാണെന്ന്‌ ഗാസയിലെ അല്‍ അസ്ഹ സര്‍വകലാശാലയിലെ അധ്യാപകന്‍ അബുസാദ പറഞ്ഞതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇരുപതുകളിലെ രണ്ട് ചിത്രങ്ങളും മുഖം മറച്ച ഒരു ചിത്രവും മാത്രമാണ് ആളുകൾ കണ്ടിട്ടുള്ളത്. ഇങ്ങനെ പിടികിട്ടാത്ത സ്വഭാവക്കാരൻ ആയിരുന്നിട്ട് കൂടി ഇസ്രായേലിനെതിരായ കടുത്ത നിലപാടുകൾ കൊണ്ട് ഫലസ്തീനികൾക്ക് ഏറെ പ്രിയപ്പെട്ടയാളായിരുന്നു ദെയ്‌ഫ്.

നാടോടി നായകനെന്നും ദി മാസ്റ്റർ മൈൻഡ് എന്നൊക്കെ ആളുകൾ അദ്ദേഹത്തെ വിളിച്ചുപോന്നു. ദെയ്‌ഫിന്റെ ജനപ്രീതി വർധിപ്പിക്കാൻ പ്രതിഷേധ മുദ്രാവാക്യങ്ങളിലും ഹമാസ് അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു.

ഏറ്റവും ഒടുവിലായി ദെയ്‌ഫിന്റെ ശബ്‌ദം ലോകം കേൾക്കുന്നത് ഒക്ടോബർ ഏഴിന് ഹമാസിന്റെ റോക്കറ്റാക്രമണത്തിനു പിന്നാലെ പുറത്തുവന്ന സന്ദേശത്തിലൂടെയാണ്. പക്ഷേ, ഓരോ തവണയും അൽ അഖ്‌സ ടിവിയിലൂടെ ദെയ്‌ഫിന്റെ ശബ്‌ദം കേൾക്കുമ്പോൾ എന്തോ സംഭവിക്കാൻ പോകുന്നു എന്ന കാര്യത്തിൽ ഫലസ്‌തീനികൾക്ക് ഉറപ്പായിരുന്നു.

ഏഴ് ജന്മങ്ങളുള്ള പൂച്ച

അൽ-ഖസ്സാം ബ്രിഗേഡുകളുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുൻപ്, 2001-ൽ ഒരു വ്യോമാക്രമണത്തിലൂടെയായിരുന്നു ദെയ്‌ഫിന് നേരെ ഇസ്രായേലിന്റെ ആദ്യ വധശ്രമം നടക്കുന്നത്. അവിടുന്നങ്ങോട്ട് ദെയ്ഫിനെ വകവരുത്താന്‍ മൊസാദ് ഏഴുതവണ ശ്രമം നടത്തി. ഓരോ തവണയും അയാൾ മരണത്തിൽ നിന്ന് വഴുതിമാറി. ഇസ്രയേലിന്റെ അഞ്ച് വ്യോമാക്രമണങ്ങളെ ദെയ്ഫ് അതിജീവിച്ചിട്ടുണ്ട്.

2002 സെപ്റ്റംബര്‍ 27-ന് ഇസ്രായേൽ വീണ്ടും ദെയ്‌ഫിന്റെ കാറിൽ ഇടിച്ചുകയറി കൊല്ലാൻ ശ്രമിച്ചു. അന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ രക്തത്തിൽ കുളിച്ച നിലയിൽ ദെയ്‌ഫിനെ ഒരാൾ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കാണാം. തുടർന്ന് ദെയ്‌ഫിനെ കൊന്നതായി ഇസ്രായേൽ പ്രഖ്യാപിച്ചെങ്കിലും അധികം വൈകാതെ അത് തിരുത്തേണ്ടി വന്നു. അന്നത്തെ ആക്രമണത്തിൽ ഇടത് കണ്ണ് മാത്രമാണ് ദെയ്‌ഫിന് നഷ്‌ടമായത്. പിന്നീട് 2004 ഒക്ടോബര്‍ 21ന് വീണ്ടുമൊരു വധശ്രമം. കൈപ്പത്തി അറ്റുപോയെങ്കിലും അതും അതിജീവിച്ചു.അന്നത്തെ ആക്രമണത്തില്‍ കൂട്ടാളി അദ്‌നാന്‍ അല്‍- ഘോള്‍ കൊല്ലപ്പെട്ടിരുന്നു.

2006 ജൂലായ് 12ന് മുതിര്‍ന്ന ഹമാസ് നേതാക്കള്‍ യോഗം ചേര്‍ന്ന വീടിനു നേരെയും ഇസ്രായേൽ സേനയുടെ വ്യോമാക്രമണമുണ്ടായി. ആരും ബാക്കിയില്ലെന്ന് വിധിയെഴുതുന്നതിനിടെ ഞെട്ടിച്ചുകൊണ്ട് അവിടെനിന്നും ദെയ്‌ഫ്‌ തിരിച്ചെത്തി. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ശരീരം തളർന്ന ഇദ്ദേഹം കാലങ്ങളോളം വീൽചെയറിലായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സമയം അല്‍ ഖസം ബ്രിഗേഡ്‌സിന്റെ മേധാവിത്വം അഹമ്മദ് ജബരി ഏറ്റെടുത്തു.

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ദെയ്ഫിനെ ഇല്ലാതാക്കാന്‍ ഇസ്രായേൽ ഒരു ശ്രമം നടത്തിയെങ്കിലും അതും വിഫലമായിരുന്നു. വ്യോമാക്രമണങ്ങളിലൂടെ ദെയ്ഫിന്റെ കുടുംബത്തിലെ നിരവധി അംഗങ്ങളെ ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്. 2014 ഓഗസ്റ്റ് 19നു നടന്ന ആക്രമണത്തില്‍ ദെയ്ഫിന്റെ രണ്ടാം ഭാര്യ വിദാദ് അസ്‌ഫൌറയും മൂന്നു വയസ്സുള്ള മകള്‍ സേറയും ഏഴു മാസം പ്രായമുള്ള മകന്‍ അലിയും കൊല്ലപ്പെട്ടിരുന്നു.

ഇവരെ ഖബറടക്കിയപ്പോൾ പോലും ചടങ്ങുകളിൽ പങ്കെടുക്കാൻ ദെയ്ഫിന് കഴിഞ്ഞിരുന്നില്ല.

പിന്നാലെ 2015 ഏപ്രിലില്‍ നടന്ന വധശ്രമത്തില്‍ നിന്നും ദെയിഫ് രക്ഷപെട്ടു. ഏറ്റവും ഒടുവിൽ വധശ്രമം നടന്നത് 2021ലാണ്. ഓപ്പറേഷന്‍ ഗാര്‍ഡിയന്‍ ഓഫ് വോള്‍സ് എന്നുപേരിട്ട ദൗത്യത്തിലൂടെയാണ് ഇസ്രായേൽ സൈന്യം ദെയിഫിനെ ലക്ഷ്യമിട്ട് ഇറങ്ങിയത്. 11 ദിവസത്തിനിടെ രണ്ടുതവണ ദെയിഫിന് നേരെ വധശ്രമം നടത്തിയെങ്കിലും ഒന്നും നടന്നില്ല.

2001നും 2021നും ഇടയിൽ ഇസ്രായേൽ സൈന്യം ദെയ്‌ഫിന് നേരെ ഏഴ് വധശ്രമങ്ങളാണ് നടത്തിയത്. കണ്ണ് നഷ്ടപ്പെട്ടു, കൈപ്പത്തിയറ്റു... ശരീരം തളർന്നു. എന്നിട്ടും ഇസ്രായേലിന് തീരാത്ത തലവേദനയായി ദെയ്‌ഫ്‌ ജീവനോടെ തിരിച്ചുവന്നു... വീണ്ടും ഇസ്രായേലിനെതിരെ പോരാടി. ഇതോടെ ദെയ്‌ഫിന് വീണ ഓമനപ്പേരാണ് 'The ‘cat with nine lives’... ഏഴ് ജന്മമുള്ള പൂച്ച.

2009-ല്‍ അമേരിക്ക ദെയ്ഫിനെ ആഗോളഭീകരരുടെ പട്ടികയില്‍ ഉൾപ്പെടുത്തിയിരുന്നു. ഇയാളുടെ ഒളിത്താവളം കണ്ടുപിടിക്കാൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഫലമുണ്ടായില്ല. 2015 സെപ്റ്റംബറിൽ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ദെയ്ഫിനെയും മറ്റ് മൂന്ന് ഹമാസ് നേതാക്കളെയും പ്രത്യേകമായി നിയുക്ത ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 2023 ഡിസംബറിൽ, യൂറോപ്യൻ യൂണിയൻ 2023ൽ അദ്ദേഹത്തെ അവരുടെ ഭീകരരുടെ കരിമ്പട്ടികയിലും ചേർത്തു. പിടികിട്ടാപുള്ളിയെ തിരഞ്ഞ് ഇന്റലിജൻസ് സംഘം നാലുപാടും അന്വേഷണം തുടരുന്നതിനിടെയാണ് ഞെട്ടിപ്പിച്ച ആ സംഭവം ഉണ്ടാകുന്നത്....

ഒക്ടോബർ ഏഴിന്റെ സൂത്രധാരൻ

രണ്ടു നൂറ്റാണ്ടിലേറെയായി പുകഞ്ഞുകൊണ്ടിരുന്ന കനലുകൾ ആളിക്കത്തിയ ദിവസമായിരുന്നു 2023 ഒക്ടോബർ 7. അയണ്‍ ഡോമിനെ തുളച്ച് ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകള്‍ ഇസ്രായേലിലേക്കെത്തി. മണിക്കൂറുകൾക്ക് ശേഷം ദെയ്‌ഫിന്റെ ശബ്‌ദത്തിലൂടെ ഹമാസിന്റെ യുദ്ധപ്രഖ്യാപനം. റമദാനിൽ മസ്‌ജിദുൽ അഖ്‌സയിലേക്ക് കടന്നുകയറിയതിന് ഇസ്രായേലിന് നൽകുന്ന മറുപടി... ഓപ്പറേഷൻ അൽ അഖ്‌സ ഫ്ളഡ്. ഒരു സാല്‍വോ റോക്കറ്റ് ആക്രമണം, ഒരേ സമയം നിരവധി റോക്കറ്റുകൾ തൊടുത്തുകൊണ്ടായിരുന്നു അയൺ ഡോമിനെ കീഴടക്കിയ ഹമാസിന്റെ ആക്രമണം. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നത് അയണ്‍ ഡോം സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. ഹമാസ് അവരുടെ തന്ത്രത്തില്‍ വിജയിച്ചു. അയണ്‍ ഡോമിനെ ചെറുക്കാനുള്ള കെല്‍പ് ഹമാസിന്റെ റോക്കറ്റുകള്‍ക്ക് നല്‍കിയതിന് പിന്നിലെ ആസൂത്രകൻ ദെയ്ഫാണെന്നാണ് പറയപ്പെടുന്നത്.

ഇസ്രയേലിന്റെ 9/11 എന്നായിരുന്നു ഈ ആക്രമണത്തെ പിന്നീട് ഇസ്രായേൽ തന്നെ വിശേഷിപ്പിച്ചത്. ന്യുയോര്‍ക്കിലെ വ്യാപാരസമുച്ചയങ്ങള്‍ക്ക് നേരെ അല്‍ ഖായിദ നടത്തിയ ഭീകരാക്രമണവുമായി ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ ഇസ്രയേല്‍ താരതമ്യപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ അവിടെ ഒസാമ ബിന്‍ലാദന്റെ വേഷമാണ് ദെയ്‌ഫിന്.

ലക്ഷ്യം കണ്ട് ഇസ്രായേൽ

എങ്ങനെയെങ്കിലും തിരിച്ചടിക്കണമെന്ന ഇസ്രായേലിന്റെ ചിന്ത പക്ഷേ ഗസ്സയിലെ സാധാരണക്കാരുടെ കൂട്ടക്കൊലയിലേക്കാണ് പിന്നീട് നയിച്ചത്. ഹമാസ് നേതാക്കളെ തിരഞ്ഞ് പിടിച്ച് കൊല്ലാനുള്ള ആവേശത്തിലായിരുന്നു ഇസ്രായേൽ. യഹ്‌യ സിൻവാർ കൊല്ലപ്പെട്ട വാർത്ത ഹമാസ് സ്ഥിരീകരിക്കുമ്പോഴും മുഹമ്മദ് ദെയ്‌ഫ് കാണാമറയത്ത് തന്നെയായിരുന്നു. ഒടുവിൽ ആ ലക്ഷ്യത്തിലേക്കും ഇസ്രായേൽ എത്തി.

2024 ജൂലൈ 13 തെക്കൻ ഗസ്സ മുനമ്പിലെ ഖാൻ യൂനിസിലെ അൽ-മവാസിയിൽ നടന്ന ഒരു ഇസ്രായേലി ആക്രമണത്തിൽ മുഹമ്മദ് ദെയ്‌ഫും ഇരയായിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഈ ആക്രമണത്തിൽ കുറഞ്ഞത് 90 ഫലസ്തീനികൾ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദെയ്‌ഫിന്റെ കൂട്ടാളികളിൽ ഒരാളും ഒക്ടോബർ 7ലെ ആക്രമണത്തിന്റെ സൂത്രധാരനുമായ ഖാൻ യൂനിസ് ബ്രിഗേഡ് കമാൻഡർ റാഫ സലാമ മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐഡിഎഫ് റിപ്പോർട്ട് പുറത്തുവിട്ടു.

ദെയ്‌ഫും കൊല്ലപ്പെട്ടെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ഇത് പൂർണമായും സ്ഥിരീകരിക്കാൻ ഐഡിഎഫിന് കഴിഞ്ഞിരുന്നില്ല. ദെയ്‌ഫിന്റേതെന്ന് സംശയിക്കുന്ന ഒരു മൃതദേഹം സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തെങ്കിലും തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായിരുന്നു. 2024 ഓഗസ്റ്റ് 1 ന്, ജൂലൈ 13ലെ ആക്രമണത്തിൽ ഡീഫ് മരിച്ചുവെന്ന് സ്ഥിരീകരിച്ചതായി ഐഡിഎഫ് പ്രഖ്യാപിച്ചു.

ഐഡിഎഫ് സ്ഥിരീകരണം പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും, ദെയ്‌ഫ് കൊല്ലപ്പെട്ടുവെന്ന വാർത്ത ഹമാസ് നിഷേധിക്കുകയായിരുന്നു. ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ഒസാമ ഹംദാൻ അസോസിയേറ്റഡ് പ്രസ്സിനു നൽകിയ അഭിമുഖത്തിൽ ദെയ്‌ഫ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് പറഞ്ഞിരുന്നത്.

ഒക്ടോബറിൽ യഹ്‌യ സിൻവാറിന്റെ മരണം സ്ഥിരീകരിച്ചപ്പോഴും ദെയ്ഫിന്റെ മരണം സംബന്ധിച്ചോ ആരോഗ്യസ്ഥിതി സംബന്ധിച്ചോ ഒരക്ഷരം പോലും ഹമാസ് പുറത്തുവിട്ടിരുന്നില്ല. നവംബർ ആദ്യം, ലണ്ടൻ ആസ്ഥാനമായുള്ള സൗദി പത്രമായ അഷാർക്ക് അൽ-ഔസത്ത് ദെയ്ഫിന്റെ മരണം ഹമാസ് സ്വകാര്യമായി അംഗീകരിച്ചതായി റിപ്പോർട്ട് ചെയ്തു, എന്നാൽ, ഈ പത്രറിപ്പോർട്ടും ഹമാസ് നിരുപാധികം തള്ളിക്കളഞ്ഞു.

ഇതിനിടെ 2024 നവംബർ 21ന് ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമൊപ്പം മുഹമ്മദ് ദെയ്ഫിനെതിരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതി ഒരു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മരണം സ്ഥിരീകരിച്ചാൽ അറസ്റ്റ് വാറന്റ് പിൻവലിക്കുമെന്നും കോടതി അറിയിച്ചിരുന്നു.

പിന്നാലെ 2024 ഡിസംബർ 4-ന് ഇസ്രായേലി വാർത്താ ചാനലായ കാൻ 11 ഹമാസ് ദെയ്‌ഫിന്റെ മൃതദേഹം കണ്ടെത്തി എവിടെയോ രഹസ്യമായി കുഴിച്ചിട്ടിരിക്കുകയാണെന്ന് റിപ്പോർട്ട് ചെയ്‌തു. തങ്ങളുടെ പോരാളികളുടെ മനോവീര്യം കുറയുമെന്ന് കരുതിയാണ് ഹമാസ് രഹസ്യം പാലിച്ചതെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ അദ്ദേഹത്തിന്റെ ശവക്കുഴിയുടെ സ്ഥാനം കണ്ടെത്തിയാൽ, ഐഡിഎഫ് അത് കുഴിച്ച് മൃതദേഹം ഒരു ബന്ദി ഇടപാടിൽ വിലപേശൽ ചിപ്പായി ഉപയോഗിക്കുമെന്ന ഭയവും ഹമാസിന് ഉണ്ടായിരുന്നുവെന്നും ഇസ്രായേൽ ചാനൽ പറയുന്നുണ്ട്.

ഒടുവിൽ 2025 ജനുവരി 30ന് അബു ഉബൈദ വഴി, മുഹമ്മദ് ദെയ്ഫും മറ്റ് ആറ് മുതിർന്ന ഹമാസ് കമാൻഡർമാരും ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ ഫലമായി മരിച്ചുവെന്ന് ഹമാസ് സ്ഥിരീകരിച്ചു . ഒപ്പം , ദെയ്ഫിന്റെ ഒരു ഫോട്ടോയും ഹമാസ് ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു.

അദ്ദേഹം എപ്പോഴാണ് കൊല്ലപ്പെട്ടതെന്നോ എവിടെയാണ് മറവ് ചെയ്തിരിക്കുന്നതെന്നോ അടക്കമുള്ള കാര്യങ്ങൾ ഹമാസ് പുറത്തുവിട്ടിട്ടില്ല. ദെയ്‌ഫിന്റെ മരണം നൽകുന്ന ആശ്വാസം ഇസ്രായേലിന് ചെറുതല്ലെങ്കിലും മുന്നിൽ വെല്ലുവിളികളേറെയാണ്. അതേ മനോവീര്യം ഒട്ടും ചോർന്ന് പോകാതെ മറ്റുള്ളവർക്ക് പകർന്നുനൽകിയിട്ടാണ് ഓരോ കമാൻഡർമാരും പോകുന്നതെന്നായിരുന്നു അബൂ ഉബൈദയുടെ പ്രസ്‌താവന. പ്രതിരോധത്തിന്റെ പാത തുടരുന്ന സ്വതന്ത്രരായ ജനങ്ങളുടെ ഒരു പ്രതീകമായി രക്തസാക്ഷി ദെയ്ഫ് തുടരുമെന്ന് ഹിസ്ബുള്ളയും പറഞ്ഞു.

പൊളിയുന്ന നുണക്കഥകൾ

ദെയ്‌ഫിന്റെ മരണം ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ സംഭവിച്ചതാണെന്ന് ഹമാസ് അംഗീകരിക്കുന്നില്ല. ഫലസ്തീൻ നേതാക്കളെ കൊന്നതായി ഇസ്രായേൽ വ്യാജമായി അവകാശപ്പെടുന്നത് ഇതാദ്യമല്ല. നടത്തിയ കൂട്ടക്കൊലയുടെ വ്യാപ്തി മറയ്ക്കാൻ മാത്രമാണ് ഈ നുണകൾ സഹായിക്കുന്നതെന്നായിരുന്നു ഹമാസിന്റെ വാദം.

ദെയ്‌ഫിന്റെ മരണത്തോടെ ഇസ്രായേലിന്റെ മറ്റൊരു നുണപ്രചാരണം കൂടി കെട്ടഴിഞ്ഞ് വീഴുകയാണ്. ഫലസ്തീനിലെ സാധാരണക്കാർ രക്തംവാർന്ന് മരിക്കുമ്പോൾ ഹമാസ് നേതാക്കളും അവരുടെ കുടുംബങ്ങളും വിദേശത്തും ബങ്കറുകളിലും സുഖജീവിതം നയിക്കുകയാണെന്ന് ഇസ്രായേൽ ആവർത്തിച്ച് പ്രചരിപ്പിക്കുന്ന ഒരു കാര്യമാണ്. ദെയ്‌ഫിന്റെ കുടുംബത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അതിനൊരു അവസാനമായിരിക്കുന്നു.

ഗാസ നഗരത്തിന് കിഴക്കുള്ള പകുതിയോളം തകർന്നടിഞ്ഞ ഒരു ചെറിയ അപ്പാർട്മെന്റിലാണ് ദെയ്‌ഫിന്റെ ആദ്യഭാര്യ ഗദീർ സിയാമും മക്കളും അഭയം തേടിയിരിക്കുന്നത്. ആയിരക്കണക്കിന് ഫലസ്തീനികളെ പോലെ നിരന്തരമായ ബോംബാക്രമണങ്ങളെ അതിജീവിച്ച് പട്ടിണിയും ദാരിദ്ര്യവും കാരണം പൊറുതിമുട്ടിയ ഒരു സാധാരണ കുടുംബം. ഫലസ്‌തീൻ നേതാക്കളുടെ പ്രതിച്ഛായ തകർക്കാനാണ് ആഡംബര ജീവിതം നയിക്കുന്നുവെന്ന പ്രചാരണം ഇസ്രായേൽ അഴിച്ചുവിടുന്നതെന്ന് ദെയ്‌ഫിന്റെ കുടുംബം പറയുന്നു. മറ്റ് ഫലസ്തീനികളിൽ നിന്ന് യാതൊരു വ്യത്യാസവും തങ്ങൾക്കില്ലെന്ന് പറയുന്നുണ്ട് കുടുംബം.

ദെയ്‌ഫ് ഒരിക്കലും തന്റെ ജനങ്ങളിൽ നിന്ന് അകന്നുനിന്നിരുന്നില്ല. രക്തസാക്ഷിയാകുന്നത് വരെ ചെറുത്തുനിന്നു. ഒക്ടോബർ ആറിനാണ് പിതാവിനെ ഖാലിദ് അവസാനമായി കാണുന്നത്. ഖുർആൻ മനഃപാഠമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രക്തസാക്ഷിത്വം അവസാനമല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണെന്ന് പിതാവ് ഞങ്ങളെ പഠിപ്പിച്ചെന്നും ഖാലിദ് പറയുന്നുണ്ട്.

ദെയ്ഫിന്റെ പദവി ഉണ്ടായിരുന്നിട്ടും കുടുംബം എന്തുകൊണ്ടാണ് അഭയകേന്ദ്രങ്ങളിൽ തുടരുന്നതെന്ന് ചോദിച്ചപ്പോൾ യുദ്ധത്തിന് മുൻപും ശേഷവുമുള്ള ഞങ്ങളുടെ ജീവിതത്തിന്റെ യാഥാർഥ്യമാണ് ഈ കാണുന്നതെന്ന് അഭയാർഥി ഷെൽട്ടറിൽ ഇരുന്നുകൊണ്ട് ഗദീർ സിയാം മറുപടി പറഞ്ഞു. ബറ്റാലിയനുകളിലെ ഏതൊരു സൈനികനെയും പോലെയാണ് ദെയ്ഫ് ജീവിച്ചതെന്നും അവർ പറയുന്നു. ശരീരം കൊണ്ട് അകലയായിരുന്നെങ്കിലും അദ്ദേഹം എപ്പോഴും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ദെയ്‌ഫിന്റെ മകൾ ഹലീമയും പറയുന്നു. ഒടുവിൽ കുടുംബം പറഞ്ഞവസാനിപ്പിക്കുന്നത് വിട്ടുവീഴ്ച ചെയ്യാതെയും പതറാതെയും, തന്റെ നാടിന്റെ വിമോചനത്തിനായി ജീവിതം സമർപ്പിച്ച ഒരു അസാധാരണ നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ പേര് പലസ്തീൻ ജനതയുടെ ഓർമ്മയിൽ മായാതെ നിലനിൽക്കുന്നു.എന്നാണ്.

ദെയ്‌ഫ് ഒരു അവസാനമല്ല തുടക്കമാണ്.. അബൂ ഉബൈദയുടെ വാക്കുകളെ ഇസ്രായേൽ എങ്ങനെയാണ് പ്രതിരോധിക്കുക? വീണുപോയ ഓരോ നേതാവിനും പകരം ആയിരം പേർ കൂടി ഉയർന്നുവരുന്നു...

TAGS :

Next Story