Quantcast

മുഹമ്മദ് ദൈഫ്; ഫലസ്തീന്റെ ഷാഡോ കമാന്‍ഡര്‍

1965ല്‍ ഗസ്സയിലെ ഖാന്‍ യൂനുസിലാണ് ദൈഫ് ജനിച്ചത്. യഥാര്‍ത്ഥ പേര് മുഹമ്മദ് ദയ്ബ് ഇബ്രാഹീം അല്‍ മസ്‌രി.

MediaOne Logo

Web Desk

  • Updated:

    2021-05-23 11:04:49.0

Published:

23 May 2021 8:23 AM GMT

മുഹമ്മദ് ദൈഫ്; ഫലസ്തീന്റെ ഷാഡോ കമാന്‍ഡര്‍
X

മെയ് ആദ്യവാരത്തില്‍ ശൈഖ് ജറാഹ് മേഖലയില്‍ നിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സുപ്രീംകോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കരുതിയ സമയത്താണ് ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പുമായി ഒരു സന്ദേശം പുറത്തുവന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ മേധാവിയായ മുഹമ്മദ് ദൈഫായിരുന്നു ആ മുന്നറിയിപ്പുകാരന്‍. ജറാഹ് മേഖലയില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നായിരുന്നു ദൈഫിന്റെ മുന്നറിയിപ്പ്.

ഇസ്രായേലിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള ഹമാസിന്റെ രഹസ്യകമാന്‍ഡറാണ് മുഹമ്മദ് ദൈഫ്. ഏഴ് വര്‍ഷത്തോളമായി അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ നിന്ന് അപ്രത്യക്ഷനായിട്ട്. ഇക്കാലയളവിനിടെ അദ്ദേഹത്തിന്റെതായി പുറത്തുവന്ന ആദ്യ സന്ദേശമായി മെയ് ആദ്യവാരത്തില്‍ പുറത്തുവന്ന ഇസ്രായേലിനുള്ള മുന്നറിയിപ്പ്. ഇസ്രായേല്‍ അക്രമം മുന്‍കൂട്ടി കണ്ട് തിരിച്ചടിക്കാന്‍ ഹമാസ് ഒരുങ്ങിയിരുന്നുവെന്ന് തെളിയിക്കുന്നതായിന്നു ദൈഫിന്റെ സന്ദേശം. അഖ്‌സ് മസ്ജിദില്‍ ഇസ്രായേല്‍ അതിക്രമം നടത്തിയപ്പോള്‍ ഹമാസ് ഉടന്‍ നടത്തിയ തിരിച്ചടികള്‍ പിന്നീട് ലോകം കണ്ടു.

11 ദിവസത്തെ അതിക്രമത്തിനിടെ രണ്ട് തവണ ദൈഫിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ പരാജയപ്പെടുകയായിരുന്നു. രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ തന്നെ ദൈഫിനെ വധിക്കാന്‍ ഇസ്രായേല്‍ നീക്കമാരംഭിച്ചിരുന്നു. 2002ല്‍ ഇസ്രായേല്‍ അക്രമത്തില്‍ അദ്ദേഹത്തിന് ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. 2006ല്‍ ഹമാസ് നേതാക്കന്‍മാര്‍ ഒരുമിച്ചു കൂടിയ കെട്ടിടത്തിന് നേരെ നടന്ന അക്രമത്തില്‍ ദൈഫിന് ഗുരുതരമായി പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. 2014ല്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ദൈഫിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു. പക്ഷേ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. നിരന്തരമായി വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ ഫലസ്തീനികള്‍ അദ്ദേഹത്തിന് ഒരു ഓമനപ്പേരിട്ടു 'ഒമ്പത് ജീവനുകളുള്ള പൂച്ച'.

1965ല്‍ ഗസ്സയിലെ ഖാന്‍ യൂനുസിലാണ് ദൈഫ് ജനിച്ചത്. യഥാര്‍ത്ഥ പേര് മുഹമ്മദ് ദയ്ബ് ഇബ്രാഹീം അല്‍ മസ്‌രി. ഗാസാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. ആദ്യകാലത്ത് ദൈഫ് മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകനായിരുന്നു. 1987ല്‍ ഹമാസ് രൂപീകരിക്കപ്പെടുകയും ആദ്യ ഇന്‍തിഫാദ ആരംഭിക്കുകയും ചെയ്തതോടെ ദൈഫ് ഹമാസില്‍ ചേര്‍ന്നു. തന്ത്രപരമായ നിരവധി ആക്രമണങ്ങള്‍ ആസൂത്രമണം ചെയ്ത് നടപ്പാക്കിയതോടെ ഹമാസില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉയര്‍ന്നു. 2002ല്‍ രണ്ടാം ഇന്‍തിഫാദയുടെ മൂര്‍ധന്യാവസ്ഥയില്‍ അല്‍ ഖസ്സാം മേധാവിയായിരുന്നു സലാഹ് ഷഹാദെ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദൈഫ് പുതിയ മേധാവിയായി.

ദൈഫ് മേധാവിയായി എത്തുമ്പോള്‍ അല്‍ ഖസ്സാം ബ്രിഗേഡ് അത്രശക്തമായ ഒരു സേനാവിഭാഗമായിരുന്നില്ല. ബ്രിഗേഡിനെ ശക്തിപ്പെടുത്തിയ ദൈഫ് ഇസ്രായേലിനെതിരെ ശക്തമായി തിരിച്ചടിച്ചു. തങ്ങളുടെ നിരവധി പൗരന്‍മാരുടെ മരണത്തിന് പിന്നില്‍ ദൈഫ് ആണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. 2015ല്‍ യു.എസ് ദൈഫിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. 2014ലെ സംഘര്‍ഷക്കാലത്ത് ദൈഫ് ഇസ്രായേലില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്താനും ഇസ്രായേല്‍ പട്ടാളക്കാരെ തട്ടിക്കൊണ്ടുപോവാനും നേതൃത്വം കൊടുക്കുന്നുവെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ആരോപിച്ചു.

ഹമാസ് ഒരു ബഹുജനസംഘടനയായി മാറുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തതോടെ ചാവേര്‍ ആക്രമണങ്ങള്‍ നിര്‍ത്തി ദൈഫ് ഖസ്സാം ബ്രിഗേഡിനെ ഒരു സൈനിക വിഭാഗമാക്കി മാറ്റി. റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് തിരിച്ചടിക്കാന്‍ ഹമാസ് പരിശീലിച്ചത് ദൈഫിന് കീഴിലാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ഇസ്രായേല്‍ അക്രമത്തില്‍ പരിക്കേറ്റ ദൈഫ് വീല്‍ചെയറിലാണ് സഞ്ചരിക്കുന്നതെന്നാണ് ഇസ്രായേല്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാന്‍ ഹമാസ് ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം ഹമാസിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവ് മുഹമ്മദ് ദൈഫ് ആണെന്ന കാര്യത്തില്‍ ഇസ്രായേലിനോ ഫലസ്തീനികള്‍ക്കോ അഭിപ്രായവ്യത്യാസമില്ല. 2014ല്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയപ്പോള്‍ ദൈഫിന്റെ ഒരു ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഫലസ്തീനികള്‍ സമാധാനപരമായി ജീവിക്കുന്നത് വരെ സുരക്ഷിതമായ ഒരു ജീവിതമുണ്ടാവുമെന്ന് സിയോണിസ്റ്റുകള്‍ കരുതേണ്ട എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. ഇസ്രായേലിന്റെ ഓരോ അതിക്രമത്തിന് മുന്നിലും ഫലസ്തീനികള്‍ക്ക് അതിജീവനത്തിന് ധൈര്യം പകരുന്നതും ദൈഫിന്റെ ഈ വാക്കുകളാണ്.

TAGS :

Next Story