75 വർഷമായി പെയിന്റിങ് തൂങ്ങുന്നത് തല തിരിഞ്ഞ്: ഒടുവിൽ തിരിച്ചറിഞ്ഞപ്പോഴേക്കും...
ടേപ്പുകൾ ഇപ്പോൾ തന്നെ അയഞ്ഞുവെന്നും ഇനി ചിത്രം നേരെ തൂക്കിയാൽ അത് നശിക്കുമെന്നുമാണ് നിർദേശം
വിശ്വപ്രസിദ്ധ ചിത്രകാരൻ പിയറ്റ് മോൺഡ്രിയന്റെ ചിത്രം മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് തല തിരിച്ചെന്ന് കണ്ടെത്തൽ. 75 വർഷമായി ചിത്രം തെറ്റായ രീതിയിലാണ് തൂക്കുന്നതെന്ന് സുസെയ്ൻ മേയർ എന്ന ഗവേഷകയാണ് അടുത്തിടെ കണ്ടെത്തിയത്. ചിത്രം ഇനി ശരിയായ രീതിയിൽ തൂക്കുന്നതിന് അർഥമില്ലെന്നും സുസെയ്ൻ നിർദേശിച്ചിട്ടുണ്ട്.
1941ൽ മോൺഡ്രിയൻ തയ്യാറാക്കിയ ന്യൂയോർക്ക് സിറ്റി എന്ന ചിത്രത്തിന്റെ ടേപ്പ് പതിപ്പായ ന്യൂയോർക്ക് സിറ്റി 1 ആണ് തെറ്റായ രീതിയിൽ പ്രദർശിപ്പിക്കുന്നത്. ചുവപ്പും മഞ്ഞയും നീലയും ഇടകലർന്ന ടേപ്പുകൾ ചതുരത്തിൽ അടുക്കിയിരിക്കുന്നതാണ് പെയിന്റിംഗ്. 1945ൽ ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്‌സിൽ ആണ് ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. 1980ൽ ചിത്രം ഡസൽഫോർഡിലെ ജർമൻ ഫെഡറൽ സ്റ്റേറ്റിന്റെ ആർട്ട് കളക്ഷനിലേക്ക് മാറ്റി.
അടുത്തിടെ പിയറ്റിനെ ആദരിച്ച് മ്യൂസിയം സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് സൂസെയ്ൻ ചിത്രം തൂക്കിയതിലെ പിഴവ് കണ്ടെത്തിയത്. ചിത്രം ആകാശത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും അതിനാൽ അതിലെ നീല വരകൾ മുകളിൽ വരണം എന്നുമാണ് സുസെയ്‌ന്റെ നിരീക്ഷണം. താനിത് മറ്റ് ഗവേഷകരോട് സൂചിപ്പിച്ചപ്പോൾ അവരും അപ്പോഴത് തിരിച്ചറിഞ്ഞുവെന്ന് ചിത്രം തെറ്റായാണ് ഇത്ര നാളും തൂക്കിയതെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും സൂസെയ്ൻ പറയുന്നു. ടേപ്പുകൾ ഇപ്പോൾ തന്നെ അയഞ്ഞുവെന്നും ഇനി ചിത്രം നേരെ തൂക്കിയാൽ അത് നശിക്കുമെന്നുമാണ് സൂസെയ്‌ന്റെ നിർദേശം.
Adjust Story Font
16