Quantcast

യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ; മിസൈലുകളും ആയുധങ്ങളും നൽകുമെന്ന് ജർമനി

റഷ്യ നടത്തുന്നത് അർഥശൂന്യമായ യുദ്ധമെന്ന വിമർശനവുമായി അമേരിക്കയും യുക്രൈനൊപ്പമാണ്

MediaOne Logo

Web Desk

  • Published:

    27 Feb 2022 1:31 AM GMT

യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ; മിസൈലുകളും ആയുധങ്ങളും നൽകുമെന്ന് ജർമനി
X

റഷ്യയുടെ അധിനിവേശത്തെ ചെറുക്കാൻ യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ. പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു.യുക്രൈന് ഉപരിതല മിസൈലുകളും, ആന്റി-ടാങ്ക് ആയുധങ്ങളും നൽകുമെന്ന് ജർമ്മനി അറിയിച്ചു. 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 'സ്റ്റിംഗർ' ഉപരിതല മിസൈലുകളും യുക്രൈനിലേക്ക് അയക്കുമെന്ന് ബെർലിൻ സർക്കാർ സ്ഥിരീകരിച്ചു. സംഘട്ടന മേഖലകളിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കുന്ന ദീർഘകാല നയത്തിൽ നിന്നുള്ള വലിയ മാറ്റമാണ് ഈ നീക്കം. നേരത്തെ റഷ്യയ്ക്കെതിരായ സ്വിഫ്റ്റ് ഉപരോധത്തെ ജർമ്മനി പിന്തുണച്ചിരുന്നു.

അതേസമയം, റഷ്യ നടത്തുന്നത് അർത്ഥശൂന്യമായ യുദ്ധമെന്ന് അമേരിക്ക കുറ്റപ്പെടുത്തി. യുക്രൈന് സൈനിക സഹായമായി 350 മില്യൺ ഡോളർ കൂടി അനുവദിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഏത് വിധേനയും തങ്ങളുടെ രാഷ്ട്രത്തെ സംരക്ഷിക്കാൻ പോരാടുന്ന യുക്രൈനിലെ ജനങ്ങൾക്കൊപ്പമാണ് അമേരിക്ക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രൈന്റെ പ്രതിരോധത്തിന് പിന്തുണയായി 350 മില്യൺ ഡോളർ കൂടി അനുവദിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ബ്ലിങ്കനോട് നിർദ്ദേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. മാരകമായ പ്രതിരോധ ആയുധങ്ങൾ വാങ്ങിക്കുന്നതിനായി യുക്രൈന് സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നതായി യു.എസ് ജനപ്രതിനിധി സഭ സപീക്കർ നാൻസി പെലോസി അറിയിച്ചിരുന്നു. റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ തീരുമാനം. അമേരിക്കയിലുള്ള റഷ്യൻ സമ്പത്തുകൾ മരവിപ്പിക്കും. നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി അമേരിക്കയിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാൻസ് യുക്രൈന് നൽകുമെന്നും അവർക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികൾ നൽകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചിരുന്നു. നേരത്തെ ഫ്രാൻസ് യുക്രൈന് നൽകിയിട്ടില്ലെങ്കിലും മാനുഷിക സഹായവും ബജറ്റും പിന്തുണയും നൽകിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് ചാനലിൽ റഷ്യയുടെ ചരക്കുകപ്പലും ഫ്രാൻസ് തടഞ്ഞിരുന്നു. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ വിമാനങ്ങൾക്ക് വിവിധ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പോളണ്ട്, ബൾഡേറിയ, ചെക്ക് റിപ്പബ്ലിക്, ബാൾട്ടിക് രാജ്യമായ എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

അതേസമയം റഷ്യൻ കപ്പലുകൾ തുർക്കിയും വിലക്കിയിരുന്നു . യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് പിന്തുണ തേടി യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു.സമാധാനം പുന: സ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണയും മോദി വാഗ്ദാനം ചെയ്തിരുന്നു.

യുക്രൈനിൽ നാലാം ദിവസവും പോരാട്ടം തുടരുന്ന റഷ്യ കിയവ് പിടിച്ചടക്കാനുള്ള ശ്രമം ശക്തമാക്കി. ഖർകീവിൽ യുക്രൈൻ - റഷ്യൻ സേനകൾ തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. കിയവ് പൊരുതി നിൽക്കുകയാണെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലൻസ്‌കി പറഞ്ഞത്. യുക്രൈൻ ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി.

TAGS :

Next Story