റഷ്യക്ക് മേൽ ഉപരോധം കടുപ്പിച്ച് ലോകരാഷ്ട്രങ്ങൾ
വ്ലാദിമർ പുടിന് തന്നെ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് അമേരിക്ക
യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി ലോകരാഷ്ട്രങ്ങൾ. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിന് തന്നെ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് അമേരിക്ക അറിയിച്ചു.
അമേരിക്ക, ബ്രിട്ടൺ, കാനഡ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും യൂറോപ്യൻ യൂണിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിക്കുകയാണ്. ആഗോള തലത്തിൽ പുടിനെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള റഷ്യയിലെ ബാങ്കുകൾക്ക് മേൽ യുഎസ് ഉപരോധം കൂടുതൽ ശക്തമാക്കി. സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ മാറ്റിനിർത്തുമെന്ന് അമേരിക്ക അറിയിച്ചു.
യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി അംഗീകരിക്കാനാകാത്തതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കുറ്റപ്പെടുത്തി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യയുടെ 12 യു.എൻ പ്രതിനിധികളെ അമേരിക്ക പുറത്താക്കി. ഈ മാസം ഏഴിനകം രാജ്യം വിടണമെന്നാണ് നിർദേശം. യു.എസ് തീരുമാനം നീതികരിക്കാനാകാത്തതാണെന്ന് റഷ്യ പ്രതികരിച്ചു.
രാജ്യത്തെ തുറമുഖങ്ങളിൽ റഷ്യൻ കപ്പലുകൾക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കാനഡ നിരോധിച്ചു. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റഷ്യയെ വിലക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലൻസ്കി ആവശ്യപ്പെട്ടു.
അതേസമയം വ്യോമപാത നിഷേധിച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മറുപടിയുമായി റഷ്യ രംഗത്തെത്തി. ബ്രിട്ടൺ, ജർമനി ഉൾപ്പെടെ 36 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് റഷ്യയും വ്യോമപാത നിഷേധിച്ചു. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പുടിൻ വിലയിരുത്തി. വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിന് റഷ്യ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബെലറൂസിലെ എംബസിയും അമേരിക്ക അടച്ചു.
സുരക്ഷാ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൺ പറഞ്ഞു. വരും ദിവസങ്ങളിൽ ഉപരോധം കൂടുതൽ ശക്തമാക്കാനാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ തീരുമാനം. അതിനിടെ ഇ.യുവിലെ അംഗത്വത്തിനായി യുക്രൈൻ പ്രസിഡന്റ് വ്ലോദിമർ സെലൻസ്കി അപേക്ഷ നൽകി.
Adjust Story Font
16