സിറിയയില്‍ ഇസ്രായേല്‍ ആക്രമണം; 40ലധികം പേര്‍ കൊല്ലപ്പെട്ടു
ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം അലപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ആയുധ ഡിപ്പോയില്‍ വലിയ സ്‌ഫോടനത്തിന് വഴിയൊരുക്കകയായിരുന്നു
ഡമസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40-ലധികം പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സൈനികരെന്ന് റിപ്പോര്‍ട്ട്.
ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയിലെ ആറ് അംഗങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്(എസ്.ഒ.എച്ച്.ആര്‍) മരണസംഖ്യ 42 ആയതായും നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1:45 ഓടെയായിരുന്നു ആക്രമണം. അലപ്പോയിലെ ഗ്രാമപ്രദേശങ്ങളിലെ നിരവധി സ്ഥലങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രായേലും സായുധ സംഘങ്ങളും നടത്തിയ ആക്രമണത്തില്‍ നിരവധി സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടു, വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി സിറിയന്‍ വാര്‍ത്താ ഏജന്‍യിയായ സന റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം അലപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ആയുധ ഡിപ്പോയില്‍ വലിയ സ്‌ഫോടനത്തിന് വഴിയൊരുക്കകയായിരുന്നു. എസ്.ഒ.എച്ച്.ആര്‍ എക്‌സിലൂടെ അറിയിച്ചു. 36 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സംഭവം നടന്ന പ്രദേശത്ത് ഹിസ്ബുല്ലാ സംഘത്തിന്റെ ആയുധ ഡിപ്പോ സ്ഥിതി ചെയ്യുന്നതായും എസ്.ഒ.എച്ച്.ആര്‍ കൂട്ടിച്ചേര്‍ത്തു.
ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള ഇറാനിയന്‍ ഗ്രൂപ്പുകള്‍ സ്വാധീനം ചെലുത്തുന്ന സിറിയയില്‍ വര്‍ഷങ്ങളായി ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.
ആക്രമത്തിന്റെ കാരണം സിറിയ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും നിരന്തരമായി സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമത്തെയും ലംഘിച്ചു കൊണ്ടാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാല്‍ ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേഷത്തിനിടയില്‍ സിറിയയിലും ഇസ്രായേല്‍ ആക്രമണം നടത്തുകയാണ്.
Adjust Story Font
16