Quantcast

ഇസ്രായേലിന്റെ യുദ്ധവെറി തകർത്തത് ഗസയിലെ 6,30,000 കുട്ടികളുടെ വിദ്യാഭ്യാസം

ഈ മുറിവുകൾക്കിടയിലും സ്കൂളിലേക്ക് പോകാൻ ഗസയിലെ കുട്ടികൾ ആവേശം കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ

MediaOne Logo

Web Desk

  • Published:

    9 Sep 2024 10:43 AM GMT

ഇസ്രായേലിന്റെ യുദ്ധവെറി തകർത്തത് ഗസയിലെ 6,30,000  കുട്ടികളുടെ വിദ്യാഭ്യാസം
X

ഗസസിറ്റി: ലോകത്തിന്റെ പലയിടങ്ങളിലും പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും ഇസ്രാ​യേലിന്റെ യുദ്ധവെറിയിൽ ഗസയിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 6,30,000 വിദ്യാർഥികൾക്കെന്ന് കണക്കുകൾ. വെസ്റ്റ് ബാങ്കിലെ സ്‌കൂളുകളിലടക്കം ക്ലാസ് ആരംഭിച്ചെങ്കിലും ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനാൽ ഗസയിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ കഴിഞ്ഞി​ല്ലെന്ന് അൽ ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

307 പബ്ലിക് സ്കൂൾ കെട്ടിടങ്ങളിൽ 90 ശതമാനവും ഇസ്രായേൽ തകർത്തുവെന്ന് ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. ഗസയിലെ 85 ശതമാനം സ്‌കൂളുകളും ഇസ്രായേൽ നശിപ്പിക്കുകയോ തകർക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നത്. അവശേഷിക്കുന്ന സ്കൂളുകൾ പലതും അഭയാർത്ഥി ക്യാമ്പുകളായി ഉപയോഗിക്കുകയാണ്. ഈ മുറിവുകൾക്കിടയിലും സ്കൂളിലേക്ക് പോകാൻ കുട്ടികൾ ആവേശം കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്കൂളുകൾക്ക് നേരെ ബോംബാക്രമണ ഭീഷണി നിലനിൽക്കുന്നതിനൊപ്പം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. 10,000 ലധികം വിദ്യാർത്ഥികൾ ഉൾപ്പെടെ 25,000 ലധികം കുട്ടികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. ഗുരുതരമായി പരിക്കേറ്റവർ ഇതിന്റെ ഇ​രട്ടിവരും.ആയിരക്കണക്കിന് വിദ്യാർഥികൾ അനാഥരുമാണ്. 39,000 വിദ്യാർത്ഥികൾക്ക് ഹൈസ്‌കൂൾ പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടില്ല.

ഇസ്രായേൽ വംശഹത്യമൂലം തുടർച്ചയായി രണ്ടാം വർഷവും ഫലസ്തീൻ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്ന് ഫലസ്‍തീൻ അധികൃതർ പറഞ്ഞു. അതേസമയം, ഗസയിലെ സ്കൂളുകൾ തകർത്തതിൽ ആഘോഷിക്കുന്ന ഇസ്രായേലി സൈന്യത്തിന്റെ ചിത്രങ്ങൾ വൈറലായി. ഇതിനെതിരെ ഫലസ്തീൻ മന്ത്രാലയം രംഗ​ത്തെത്തി. ‘ഗസയിലെ വിദ്യാർത്ഥികളെ പരിഹസിക്കുന്ന നിലപാടാണ് ഇ​സ്രായേൽ സേനയുടേത്. ഗസ മുനമ്പിൽ ഇസ്രായേലിന്റെ യുദ്ധവെറിയിൽ തകരാതെ അവശേഷിച്ച സ്കൂളിലൊന്നിൽ ഇസ്രായേൽ സൈനികരിരുന്ന് ഉല്ലസിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

‘കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം ഇല്ലാതാക്കുന്നത് എങ്ങനെയാണ് ഒരാൾക്ക് ആസ്വദിക്കാനാവുന്നതെന്ന് മന്ത്രാലയം വിമർശിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ നടപടിയെ വിമർശിച്ച് നിരവധിയാളുകൾ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേൽ സൈനികരുടെ നടപടികളെ ‘മനുഷ്യത്വരഹിതവും, ഭീരുത്വവുമാണെന്നാണ് ഫലസ്തീൻ വിമർശിച്ചു. അതേസമയം, യുഎൻആർഡബ്ല്യൂഎ മേധാവി ഫിലിപ്പ് ലസാരിനി ഗസയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസവും പഠനവും സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞു. ‘വിദ്യാഭ്യാസം നിഷേധിക്കാനാവില്ല. കുട്ടികളും അവരുടെ പഠനവും എപ്പോഴും സംരക്ഷിക്കപ്പെടണം’ അദ്ദേഹം എക്‌സിലെഴുതി.

ഒരു മാസത്തിനിടെ അഭയകേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്ന 16 സ്‌കൂളുകളിലെങ്കിലും ഇസ്രായേൽ ബോംബെിട്ടുണ്ടെന്ന് മനുഷ്യാവകാശ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഗസയിലെ വിദ്യാഭ്യാസ ഇടപെടലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎൻആർഡബ്ല്യൂഎ ബാക് ടു ലേണിങ് പ്രോഗ്രാം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ കുട്ടികൾക്ക് മാനസികമായ പിന്തുണ നൽകാനുള്ള ശ്രമമായിരിക്കും നടത്തുക. കല, സംഗീതം, കായികം എന്നിവയിൽ പരിശീലനം നൽകും. യുദ്ധഭീകരതയെ കുറിച്ച് അവബോധം വളർത്തുകയും അതിജീവിക്കാൻ മാനസികമായി ഒരുക്കുകയുമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കും. രണ്ടാം ഘട്ടത്തിൽ, വായന, എഴുത്ത് എന്നിവ ഉൾപ്പെടുന്ന പഠനപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും പദ്ധതിയിട്ടുണ്ട്.

TAGS :

Next Story