മക്കാബി എഫ്‌സിയുടെ ആംസ്റ്റർഡാം യാത്രയിൽ താരങ്ങള്‍ക്കൊപ്പം മൊസാദ് ഏജന്റുമാരും: റിപ്പോർട്ട്
ഡച്ച് മാധ്യമമായ 'ഡി ടെലെഗ്രാഫ്' ദിവസങ്ങള്‍ക്കുമുന്‍പ് പുറത്തുവിട്ട വാർത്ത 'ജറൂസലം പോസ്റ്റും' റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ആംസ്റ്റർഡാം: ഇസ്രായേൽ ഫുട്‌ബോൾ ക്ലബായ മക്കാബി തെൽഅവീവ് എഫ്‌സിയുടെ നെതർലൻഡ്‌സ് പര്യടനത്തിൽ അനുഗമിച്ച് മൊസാദ് സംഘവും. പതിവു സുരക്ഷാ സംഘത്തിനൊപ്പമാണ് ഇസ്രായേൽ രഹസ്യാന്വേഷണ സംഘത്തിലെ ഏജന്റുമാരും താരങ്ങൾക്കൊപ്പം പോയത്. ഡച്ച് മാധ്യമമായ 'ഡി ടെലെഗ്രാഫ്' ദിവസങ്ങള്‍ക്കുമുന്‍പ് പുറത്തുവിട്ട വാർത്ത 'ജറൂസലം പോസ്റ്റും' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അയാക്‌സുമായി നടന്ന മത്സരത്തിനു പിന്നാലെ ഇസ്രായേൽ ആരാധകരും ഫലസ്തീൻ അനൂകൂലികളായ ആരാധകരും തമ്മിൽ വന്‍സംഘർഷമുണ്ടായിരുന്നു.
നെതർലൻഡ്‌സിൽ ഇസ്രായേൽ ക്ലബ് താരങ്ങൾക്കു സുരക്ഷാഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് മൊസാദ് ഏജന്റുമാർ യാത്രയിൽ അനുഗമിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നവംബർ അഞ്ചിനുതന്നെ 'ജറൂസലം പോസ്റ്റ്' ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ആംസ്റ്റർഡാമിലെ സ്‌റ്റേഡിയത്തിനു പുറത്ത് ഫലസ്തീൻ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ആസൂത്രണം ചെയ്യുന്നുണ്ടെന്നായിരുന്നു കാരണമായി പറഞ്ഞത്.
ഒക്ടോബർ ഏഴ് ആക്രമണത്തിനുശേഷം ഇസ്രായേൽ മത്സരങ്ങൾക്ക് കനത്ത സുരക്ഷാഭീഷണി നിലനിൽക്കുന്നുണ്ട്. ഇസ്രായേലില്‍ നടക്കാനിരുന്ന അന്താരാഷ്ട്ര മത്സരങ്ങളെല്ലാം റദ്ദാക്കിയിരുന്നു. വിദേശ ക്ലബുകള്‍ ഇസ്രായേല്‍ പര്യടനം ഒഴിവാക്കുകയും ചെയ്തു. അടുത്തിടെ നേഷൻസ് ലീഗിൽ ബെൽജിയം-ഇസ്രായേൽ മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്. ഹംഗറിയിലെ ഡെബ്രെസെനിലായിരുന്നു മത്സരം.
ജൂത പശ്ചാത്തലമുള്ള ക്ലബാണ് അയാക്‌സ്. ഇസ്രായേൽ അനുകൂല നിലപാടുള്ള ടീമിനെതിരെ നേരത്തെയും പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞ മാസം നടന്ന ഒരു മത്സരത്തിൽ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരനെ അയാക്‌സ് ആരാധകൻ ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേൽ ക്ലബുമായുള്ള മത്സരവും നടന്നത്.
യുവേഫ യൂറോപ്പ ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിന്റെ ഭാഗമായായിരുന്നു മക്കാബി-അയാക്‌സ് മത്സരം. മത്സരത്തില്‍ ഇസ്രായേലികൾക്കായി മാറ്റിവച്ചിരുന്ന 2,600 ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു. അതേസമയം, മക്കാബയെ യുവേഫ ചാംപ്യൻഷിപ്പിൽ മത്സരിപ്പിക്കുന്നതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നു. ലീഗിൽനിന്ന് ഇസ്രായേൽ ക്ലബിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആംസ്റ്റർഡാമിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന് നേരത്തെ തന്നെ ആംസ്റ്റർഡാം മേയർ ഫെംകെ ഹാൽസെമ വിലക്കേർപ്പെടുത്തിയിരുന്നു. സ്റ്റേഡിയത്തിന്‍റെ പരിസരത്തേക്ക് പ്രവേശവും തടഞ്ഞിരുന്നു.
ഇന്നലെ നടന്ന മത്സരത്തിനു മുൻപ് തന്നെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നൂറുകണക്കിന് ആരാധകര്‍ ഇസ്രായേല്‍ പതാകകളുമായി മത്സരത്തിനു മണിക്കൂറുകള്‍ക്കു മുന്‍പേ നഗരത്തിലിറങ്ങിയിരുന്നു. ഇവര്‍ ഫലസ്തീൻ പതാകകൾ കത്തിക്കുകയും ഫലസ്തീനികൾക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മത്സരശേഷവും ഇസ്രായേൽ ആരാധകർ ഇത് ആവർത്തിച്ചതായാണു വിവരം. ഇതിനിടയിലാണ് ഫലസ്തീൻ അനുകൂലികളായ ആരാധകരും ഇസ്രായേൽ ആരാധകരും തമ്മിൽ ഏറ്റുമുട്ടിയത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചിലരെ കാണാതാകുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഏതാനും പേര്‍ ആശുപത്രികളിലും കഴിയുന്നുണ്ട്. സംഭവത്തിനു പിന്നാലെ 60ാളം പേരെ ആംസ്റ്റർഡാം പൊലീസ് അറസ്റ്റ് ചെയ്തതായാണു പുറത്തുവരുന്ന വിവരം.
ഇസ്രായേല്‍ ആരാധകര്‍ക്കെതിരായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്‍റ് ഇസാഖ് ഹെര്‍സോഗും രംഗത്തെത്തിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് നെതന്യാഹു ഡച്ച് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നും സംഭവത്തിനു പിന്നാലെ നെതന്യാഹുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ഡച്ച് പ്രധാനമന്ത്രി ഡിക്ക് സ്‌കൂഫ് പ്രതികരിച്ചു. ആരാധകരെ നാട്ടിലെത്തിക്കാനായി ഇസ്രായേൽ ഭരണകൂടം ആംസ്റ്റര്‍ഡാമിലേക്ക് രണ്ട് വിമാനങ്ങള്‍ അയച്ചിട്ടുണ്ട്.
അതേസമയം, വ്യാഴാഴ്ച രാത്രി ആംസ്റ്റർഡാമിലെ അയാക്‌സ് തട്ടകമായ യോഹാൻ ക്രൈഫ് അറീനയിലായിരുന്നു മത്സരം നടന്നത്. ഏകപക്ഷീയമായ മത്സരത്തിൽ 5-0ത്തിന് അയാക്‌സ് മക്കാബി എഫ്‌സിയെ തകർത്തുകളഞ്ഞു. ആദ്യ പകുതിയിൽ എതിരില്ലാത്ത മൂന്ന് ഗോളിനു മുന്നിലായിരുന്നു അയാക്‌സ്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഡച്ച് ക്ലബിനു ഭീഷണിയുയർത്താൻ ഇസ്രായേൽ സംഘത്തിനായില്ല.
Summary: Mossad agents joined Maccabi Tel Aviv FC trip to Amsterdam
Adjust Story Font
16