കൊറിയയിൽ മിസൈൽ യുദ്ധം; പരസ്പരം മിസൈൽ തൊടുത്ത് ഇരു കൊറിയകൾ
ഉത്തര കൊറിയ തൊടുത്ത പത്തോളം മിസൈലുകളാണ് ദക്ഷിണ കൊറിയൻ സമുദ്രാതിർത്തിയിൽ പതിച്ചത്.
സിയോൾ: ദക്ഷിണ കൊറിയയിലേക്ക് മിസൈൽ തൊടുത്ത് ഉത്തര കൊറിയയുടെ പ്രകോപനം. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ അയച്ചത്. ദക്ഷിണ കൊറിയൻ നഗരമായ സോക്‌ചോയിൽനിന്ന് 60 കിലോ മീറ്റർ മാത്രം അകലെയാണ് മിസൈൽ പതിച്ചത്. കൊറിയൻ യുദ്ധവിരാമത്തിന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് ദക്ഷിണ കൊറിയയുടെ സമുദ്രാതിർത്തിക്ക് സമീപം ഉത്തര കൊറിയയുടെ മിസൈൽ പതിക്കുന്നത്.
ഉത്തര കൊറിയൻ പ്രകോപനത്തിന് മറുപടിയായി മൂന്ന് മിസൈലുകൾ തൊടുത്ത് ദക്ഷിണ കൊറിയ തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിർത്തിയിലാണ് ദക്ഷിണ കൊറിയ അയച്ച മിസൈലുകൾ പതിച്ചതെന്നാണ് റിപ്പോർട്ട്. ഉത്തര കൊറിയ പത്തോളം മിസൈലുകൾ തൊടുത്തുവെന്നാണ് ദക്ഷിണ കൊറിയ ആരോപിക്കുന്നത്.
ഇത്തരം പ്രകോപനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി. ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സൂക് യോൾ മിസൈൽ ആക്രമണത്തെ അപലപിച്ചു. ഹാലോവൻ ദിനത്തിൽ 156 പേർ മരിച്ചതിന്റെ ദുഃഖത്തിൽ രാജ്യം കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16