Quantcast

ഇരയല്ല, അതീജിവിച്ചവള്‍;യുദ്ധത്തിന്‍റെ അവസാന മുറിപ്പാടും നീക്കം ചെയ്ത് നപാം പെണ്‍കുട്ടി

യുദ്ധത്തിന്‍റെ ജീവിക്കുന്ന പ്രതീകമായി മാറിയ അവള്‍ പിന്നീട് 'നപാം പെണ്‍കുട്ടി' എന്ന പേരിലാണ് അറിയപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    30 Jun 2022 7:09 AM GMT

ഇരയല്ല, അതീജിവിച്ചവള്‍;യുദ്ധത്തിന്‍റെ അവസാന മുറിപ്പാടും നീക്കം ചെയ്ത് നപാം പെണ്‍കുട്ടി
X

മിയാമി: കത്തിയെരിയുന്ന വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞുകൊണ്ട് നഗ്നയായി തെരുവിലൂടെ നിലവിളിച്ചുകൊണ്ടോടുന്ന ഒന്‍പതു വയസുകാരി. വിയ്റ്റ്നാം യുദ്ധത്തിന്‍റെ തീവ്രത മുഴുവന്‍ വിളിച്ചോതുന്നതായിരുന്നു ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് പകര്‍ത്തിയ ഈ ചിത്രം. യുദ്ധത്തിന്‍റെ ജീവിക്കുന്ന പ്രതീകമായി മാറിയ അവള്‍ പിന്നീട് 'നപാം പെണ്‍കുട്ടി' എന്ന പേരിലാണ് അറിയപ്പെട്ടത്. 59കാരിയായ ഫാൻ തി കിം ഫുക് ഇപ്പോള്‍ യുദ്ധത്തിന്‍റെ നടുക്കുന്ന ഓര്‍മകളെല്ലാം തന്നില്‍ നിന്നും മായ്ച്ചിരിക്കുകയാണ്. ബോംബാക്രമണത്തിലുണ്ടായ പൊള്ളലിന്‍റെ അവസാന പാടും ചികിത്സയിലൂടെ നീക്കം ചെയ്തു കിം ഫുക്.

അമേരിക്കയിലെ മിയാമിയിലുള്ള ഒരു സ്വകാര്യ ക്ലിനികില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. 1972 ജൂണ്‍ 8നായിരുന്നു അമേരിക്ക 'നപാം' എന്ന ബോംബ് വിയറ്റ്നാമിനു മേല്‍ വര്‍ഷിച്ചത്. 1200 ഡിഗ്രി സെൽഷ്യസിനും 800 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ചൂടിൽ പൊട്ടിത്തെറിച്ച ബോംബിൽ മുറ്റത്തു കളിച്ചുകൊണ്ടിരുന്നു കിം ഫുകിന് 30 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞുകൊണ്ട് അവള്‍ മറ്റു കുട്ടികള്‍ക്കൊപ്പം അലമുറയിട്ടുകൊണ്ട് തെരുവിലേക്ക് ഇറങ്ങിയോടി. നിക് ഉട്ട് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. സൈഗോണിന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ട്രാങ് ബാംഗ് ഗ്രാമത്തിന് പുറത്ത് നിന്നാണ് നിക്ക് ആ ദൃശ്യം പകർത്തിയത്. 1973 ൽ ഈ ചിത്രത്തിന് പുലിറ്റ്‌സർ പ്രൈസ് നിക്കിനെ തേടിയെത്തി.

അന്ന് അസോസിയേറ്റഡ് പ്രസ്സിലെ ഫോട്ടോഗ്രാഫറായിരുന്നു നിക് ഫോട്ടോ പകർത്തിയതിന് ശേഷം ഫുക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വർഷത്തെ ആശുപത്രി വാസത്തിനിടയില്‍ 17 ശസ്ത്രക്രിയകള്‍ക്ക് അവള്‍ വിധേയയായി. പിന്നെയും വര്‍ഷങ്ങള്‍ വേണ്ടി വന്നു സാധാരണ നിലയിലെത്താന്‍. വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു പുതിയ ശസ്ത്രക്രിയ. അതിലൂടെ യുദ്ധത്തിന്‍റെ അവസാന മുറിപ്പാടും അവളില്‍ നിന്നും നീക്കം ചെയ്തു. അന്ന് രക്ഷിച്ച നിക് ഉട്ടും ഇത്തവണ അവളുടെ ചിരിക്കുന്ന മുഖം പകര്‍ത്താന്‍ മിയാമിയിലെത്തിയിരുന്നു.

''മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുമ്പോഴായിരുന്നു വിയറ്റ്നാമീസ് സൈനികര്‍ ഞങ്ങളോട് ഓടാന്‍ പറഞ്ഞത്. ആകാശത്തേക്ക് നോക്കിയപ്പോള്‍ വിമാനം ബോംബ് ഇടുന്നതു കണ്ടു. എന്തൊരു ചൂടായിരുന്നു അന്ന്. എന്‍റെ വസ്ത്രങ്ങള്‍ കത്തിപ്പോയി. ആ നിമിഷം എന്താണ് ചിന്തിച്ചതെന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു.. എനിക്ക് പൊള്ളലേറ്റു, അപ്പോൾ ഞാൻ വിരൂപനാകും, അപ്പോൾ ആളുകൾ എന്നെ മറ്റൊരു രീതിയിൽ കാണും'' കിം ഫുക് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

"ഇപ്പോൾ 50 വർഷത്തിന് ശേഷം, ഞാൻ ഇനി യുദ്ധത്തിന്‍റെ ഇരയല്ല, ഞാൻ നപാം പെൺകുട്ടിയല്ല, ഇപ്പോൾ ഞാൻ ഒരു സുഹൃത്താണ്, ഒരു സഹായിയാണ്, ഞാൻ ഒരു മുത്തശ്ശിയാണ്. സമാധാനം ആഗ്രഹിക്കുന്ന അതിജീവിതയാണ്'' വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം കിം ഫുക് പറഞ്ഞു.

TAGS :

Next Story