എഐ മനുഷ്യരാശിയുടെ കോഡെഴുതുകയാണ്: നരേന്ദ്ര മോദി
‘മറ്റേത് ടെക്നോളജിയേക്കാളും അതിവേഗത്തിലാണ് ഇതിന്‍റെ വളർച്ച’

പാരീസ്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഈ നൂറ്റാണ്ടിൽ മനുഷ്യരാശിയുടെ കോഡുകൾ എഴുതുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പാരീസിൽ നടക്കുന്ന എഐ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
ജനാധിപത്യപരവും ആർക്കും ഉപയോഗിക്കാവുന്നതുമായ സാങ്കേതികവിദ്യകൾക്കും പക്ഷപാതരഹിതമായ വിവരങ്ങൾക്കും അദ്ദേഹം ആഹ്വാനം ചെയ്തു. നവീകരണവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക ഭരണത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു.
രാഷ്ട്രീയം, സമ്പദ്‍വ്യവസ്ഥ, സുരക്ഷ എന്നിവയെയെല്ലാം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മാറ്റിമറിക്കുകയാണെന്ന് മോദി പറഞ്ഞു. ഈ നൂറ്റാണ്ടിൽ മനുഷ്യരാശിയുടെ കോഡെഴുതുകയാണ് എഐ. എന്നാൽ, മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റു നാഴികകല്ലുകളിൽനിന്ന് വ്യത്യസ്തമാണ് എഐ. മറ്റേത് ടെക്നോളജിയേക്കാളും അതിവേഗത്തിലാണ് ഇതിന്‍റെ വളർച്ച ഉണ്ടാവുന്നത്.
എഐയുടെ നിയന്ത്രണത്തിനായി മാർഗനിർദേശങ്ങൾ കൊണ്ടുവരാൻ ആഗോളതലത്തിൽ ശ്രമമുണ്ടാവണം. വ്യവസായം, കാർഷികമേഖല, പരിസ്ഥിതി തുടങ്ങിയവയെല്ലാം എഐ മാറ്റിമറിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജോലിയെ ബാധിക്കില്ല. അതിന്‍റെ വ്യാപനം ഉണ്ടാവുമ്പോൾ പുതിയതരം തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നും മോദി പറഞ്ഞു.
വൈവിധ്യം കണക്കിലെടുത്ത് ഇന്ത്യ സ്വന്തമായി വലിയ ലാംഗ്വേജ് മോഡൽ നിർമിക്കുകയാണ്. കമ്പ്യൂട്ടിംഗ് പവർ പോലുള്ള കാര്യങ്ങൾക്കായി രാജ്യത്ത് സവിശേഷമായ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
Adjust Story Font
16