ബഹിരാകാശയാത്രികരുടെ 98% മൂത്രവും വിയർപ്പും കുടിവെള്ളമാക്കി; വമ്പൻ കണ്ടുപിടിത്തവുമായി നാസ
ഓരോ ക്രൂ അംഗത്തിനും കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും ശുചിത്വ ഉപയോഗത്തിനുമായി പ്രതിദിനം ഒരു ഗാലൻ വെള്ളം ആവശ്യമാണ്
ബഹിരാകാശ പരീക്ഷണങ്ങളിൽ നിർണായക പരീക്ഷണവുമായി യു.എസ് ബഹിരാകാശ ഏജൻസിയായ നാസ (നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ). അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികരുടെ 98% മൂത്രവും വിയർപ്പും കുടിവെള്ളമാക്കി മാറ്റാൻ തങ്ങൾക്ക് കഴിഞ്ഞതായാണ് ഏജൻസി അവകാശപ്പെട്ടിരിക്കുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറമുള്ള വരാനിരിക്കുന്ന ദൗത്യങ്ങളിലും സഹായിക്കുന്ന കണ്ടുപിടിത്തമാണിത്. സ്‌പേസ്.കോമടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മൂത്രവും വിയർപ്പും കുടിവെള്ളമാക്കുന്ന റീസൈക്കിൾ സംവിധാനമാണ് വിജയകരമായി സജ്ജീകരിച്ചിരിക്കുന്നതെന്ന് ബഹിരാകാശ ഏജൻസി പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഓരോ ക്രൂ അംഗത്തിനും കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും ശുചിത്വ ഉപയോഗത്തിനുമായി പ്രതിദിനം ഒരു ഗാലൻ വെള്ളം (3.7 ലിറ്റർ) ആവശ്യമാണ്. ദൈർഘ്യമേറിയ ദൗത്യങ്ങളിൽ ജലലഭ്യത പ്രധാന വെല്ലുവിളിയാണ്. അതിനാൽ തന്നെ ജലത്തിന്റെ പുനരുപയോഗം പ്രധാനമാണ്.
പരിസ്ഥിതി നിയന്ത്രണത്തിന്റെയും ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്റെയും (ഇ.സി.എൽ.എസ്.എസ്) ഭാഗമായ ഉപ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ജല പുനരുപയോഗം സാധ്യമാക്കിയിരിക്കുന്നത്.
ബഹിരാകാശത്ത് ഭക്ഷണം, വായു, വെള്ളം തുടങ്ങിയ ഉപഭോഗവസ്തുക്കളെ പുനരുജ്ജീവിപ്പിക്കുകയോ പുനരുപയോഗം ചെയ്യുകയോ ചെയ്യുന്ന സംവിധാനങ്ങൾ ഒരുക്കാനാണ് ഇ.സി.എൽ.എസ്.എസ് പ്രവർത്തിക്കുന്നത്.
മലിനജലം ശേഖരിച്ച് കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന വാട്ടർ പ്രോസസർ അസംബ്ലിയിലേക്ക് (WPA) അയയ്ക്കുന്ന വാട്ടർ റിക്കവറി സിസ്റ്റം ഉൾപ്പെടുന്ന ഹാർഡ്വെയറുകളുടെ കൂട്ടമാണ് ഇ.സി.എൽ.എസ്.എസ് . ജീവനക്കാരുടെ ശ്വാസത്തിൽ നിന്നും വിയർപ്പിൽ നിന്നും ക്യാബിൻ വായുവിലേക്ക് പുറപ്പെടുവിക്കുന്ന ഈർപ്പം പിടിച്ചെടുക്കാൻ ഡീഹ്യൂമിഡിഫയറുകളാണ് ഉപയോഗിക്കുന്നത്. അതേസമയം, മറ്റൊരു ഉപസംവിധാനമായ യൂറിൻ പ്രോസസർ അസംബ്ലി (യുപിഎ), വാക്വം ഡിസ്റ്റിലേഷൻ ഉപയോഗിച്ച് മൂത്രത്തിൽ നിന്ന് വെള്ളം വീണ്ടെടുക്കുന്നു. എന്നാൽ ഈ പ്രക്രിയയുടെ ഒരു ഉപോൽപ്പന്നമായി ഉപ്പുവെള്ളം ലഭിക്കുന്നത്, അതിൽ ഉപയോഗയോഗ്യമല്ലാത്ത വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ശേഷിക്കുന്ന മലിനജലം വേർതിരിച്ചെടുക്കാൻ ബ്രൈൻ പ്രോസസർ അസംബ്ലി (ബിപിഎ) യുപിഎയിൽ ചേർക്കുകയായിരുന്നു.
മൂത്രത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ശുദ്ധജലത്തിന്റെ അളവ് 94% ൽ നിന്ന് 98% ആയി ഉയർത്തിയിരിക്കുകയാണെന്ന് ജോൺസൺ സ്പേസ് സെന്ററിലെ ക്രിസ്റ്റഫർ ബ്രൗൺ പറഞ്ഞു.
U.S. space agency NASA turns 98% of urine and sweat from astronauts on the International Space Station into drinking water
Adjust Story Font
16