8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും കീഴടക്കി; ലോക റെക്കോർഡുമായി പതിനെട്ടുകാരൻ
ടിബറ്റിലെ 8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് നിമ റിൻജി ഷെർപ്പ റെക്കോർഡ് സ്വന്തമാക്കിയത്
കാഠ്മണ്ഡു : ലോകത്ത് 8000 മീറ്ററിന് മുകളിൽ ഉയരമുള്ള 14 കൊടുമുടികളും വിജയകരമായി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് നേപ്പാൾ സ്വദേശിക്ക്. 18കാരനായ പർവതാരോഹകൻ നിമ റിൻജി ഷെർപ്പയാണ് റെക്കോർഡ് സ്വന്തമാക്കിയത്. ബുധനാഴ്ച രാവിലെ ടിബറ്റിലെ 8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് റെക്കോർഡ് സ്വന്തമാക്കിയതെന്ന് അദ്ദേഹത്തിന്റെ സംഘം അറിയിച്ചു.
ഇതോടെ 2022 സെപ്റ്റംബറിൽ ആരംഭിച്ച പർവതാരോഹണ പരമ്പര അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു. 18 വയസ്സും 5 മാസവും കൊണ്ടാണ് 8,000 മീറ്ററിനു മുകളിലുള്ള 14 കൊടുമുടികളും അദ്ദേഹം കീഴടക്കുന്നത്.
നേപ്പാളിയിലെ മറ്റൊരു പർവതാരോഹകനായ മിംഗ്മ ഗ്യാബു 'ഡേവിഡ്' ഷെർപ്പയുടെ പേരിലായിരുന്നു നേരത്തേ ഈ റെക്കോർഡ്. 2019-ൽ 30-ാം വയസ്സിൽ ആണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. മകൻ നന്നായി പരിശീലിച്ചിരുന്നുവെന്നും ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതിൽ ഉറപ്പുണ്ടായിരുന്നെന്നും നിമ റിൻജി ഷെർപ്പയുടെ പിതാവ് താഷി ഷെർപ്പ എ.എഫ്.പിയോട് പറഞ്ഞു.
16-ാം വയസ്സിൽ 8136 മീറ്റർ ഉയരമുള്ള മനസ്സ്ലു പർവതം കീഴടക്കിയാണ് നിമ റിൻജി ഷെർപ്പ റെക്കോർഡിലേക്കുള്ള ആരോഹണം ആരംഭിച്ചത്. ഡസൻ കണക്കിന് കൊടുമുടികൾ കീഴടക്കി ഇതിനകം ഒന്നിലധികം റെക്കോർഡുകളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം ജൂണിലാണ് തന്റെ പതിമൂന്നാം പർവതമായ കാഞ്ചൻജംഗ കയറിത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണിത്. ഈ നേട്ടം തന്റെ വ്യക്തിപരമായ യാത്രയുടെ പര്യവസാനം മാത്രമല്ല, പരമ്പരാഗത അതിരുകൾക്കപ്പുറത്ത് സ്വപ്നം കാണാൻ ധൈര്യപ്പെട്ട ഓരോ ഷെർപ്പയ്ക്കുമുള്ള ആദരാഞ്ജലിയാണെന്ന് നിമ റിൻജി ഷെർപ്പ പറഞ്ഞു.
Adjust Story Font
16