'ഭയങ്കര ചൂടല്ലേ'; ഫലസ്തീനികളെ അടിവസ്ത്രത്തിൽ കുനിച്ചിരുത്തിയതിനെ ന്യായീകരിച്ച് ഇസ്രായേൽ
പിടികൂടിയ ബന്ദികളോട് ഹമാസ് മാന്യമായാണ് പെരുമാറിയതെന്ന റിപ്പോർട്ടുകളും വെളിപ്പെടുത്തലുകളും പുറത്തുവന്നിരിക്കെയാണ് മറുഭാഗത്ത് ഇസ്രായേൽ സേനയുടെ ഇത്തരം ക്രൂരതകൾ.
ഗസ്സ: ഗസ്സയിൽ തുടരുന്ന കൂട്ടക്കുരുതിക്കിടെ ഫലസ്തീൻ ബന്ദികളെ പൊതുവിടത്തിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഇരുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ ഹീനപ്രവൃത്തിയെ ന്യായീകരിച്ച് ഇസ്രായേൽ. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ മുതിർന്ന ഉപദേശകൻ മാർക് റെഗെവാണ് ന്യായീകരണവുമായി രംഗത്തെത്തിയത്. മിഡിൽ ഈസ്റ്റിലെ വലിയ ചൂട് കാരണമാണ് ബന്ദികളെ അർധനഗ്നരാക്കി ഇരുത്തിയതെന്നാണ് റെഗെവിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ഇയാളുടെ പ്രതികരണം.
വടക്കൻ ഗസ്സയിൽ നിന്ന് പിടികൂടിയ മാധ്യമപ്രവർത്തകനടക്കമുള്ള നൂറോളം വരുന്ന ഫലസ്തീനികളെയാണ് ഇസ്രായേൽ സേന അടിവസ്ത്രം മാത്രം ധരിപ്പിച്ച് കണ്ണുകൾ മൂടിക്കെട്ടി തെരുവിൽ മുട്ടുകുത്തി ഇരുത്തിയത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും അധിനവേശ രാഷ്ട്രത്തിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരിക്കെയാണ് ന്യായീകരണം. ക്രൂരമായ നരനായാട്ടിന്റെയും യുദ്ധക്കുറ്റങ്ങളുടേയും പേരിൽ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ നാണംകെട്ടിരിക്കെയാണ് ഇത്തരമൊരു നടപടി കൂടിയുണ്ടായത്.
‘ഒന്നാമതായി, ഇത് മിഡിൽ ഈസ്റ്റാണെന്നും ഇവിടെ ചൂട് കൂടുതലാണെന്നും ഓർക്കുക. പ്രത്യേകിച്ച് പകൽ സമയത്ത് നല്ല വെയിലുള്ളപ്പോൾ നിങ്ങളുടെ ഷർട്ട് അഴിക്കാൻ ആവശ്യപ്പെടുന്നത് നല്ലതല്ലേ, പക്ഷേ ഇത് ലോകാവസാനമല്ല’- റെഗെവ് പ്രതികരിച്ചു. വിദ്യാർഥികളും മാധ്യമപ്രവർത്തകനും ഉൾപ്പെടെ സിവിലിയന്മാരെയാണ് ഇത്തരത്തിൽ പിടികൂടിയതെന്ന് ബി.ബി.സി, അൽജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാധാരണക്കാരെയും പലായനം ചെയ്യുന്നവരെയുമാണ് പിടികൂടി ഇത്തരത്തിൽ പീഡിപ്പിക്കുന്നതെന്നും അവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതായും റിപ്പോർട്ടുകൾ പറയുന്നു. തടങ്കലിലാക്കിയവരിൽ അൽ-അറബി കറസ്‌പോണ്ടന്റ് ദിയ കഹ്‌ലോട്ടും അവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഉൾപ്പെടുന്നു. തടവുകാരോടുള്ള ഇസ്രായേലിന്റെ പെരുമാറ്റം ഞെട്ടിക്കുന്നതും രണ്ടാം ലോകയുദ്ധകാലത്തെ ഓർമിപ്പിക്കുന്നതുമാണെന്നും വിവിധ മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു.
പിടികൂടിയ ബന്ദികളോട് ഹമാസ് മാന്യമായാണ് പെരുമാറിയതെന്ന റിപ്പോർട്ടുകളും വെളിപ്പെടുത്തലുകളും പുറത്തുവന്നിരിക്കെയാണ് മറുഭാഗത്ത് ഇസ്രായേൽ സേനയുടെ ഇത്തരം ക്രൂരതകൾ. തങ്ങളോട് ഹമാസ് നല്ല രീതിയിലാണ് പെരുമാറിയതെന്നും സുരക്ഷിതരായിരുന്നെന്നും ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ബന്ദികളടക്കം മോചനത്തിനു പിന്നാലെ വ്യക്തമാക്കിയിരുന്നു. മോചനം ലഭിച്ച് റെഡ്ക്രോസ് വാഹനങ്ങളിൽ കയറുന്നതിന് മുമ്പ് ഹമാസ് പോരാളികളോട് ഇസ്‌ലാം- ജൂത അഭിവാദന വാക്കുകളായ സലാം, ശാലോം എന്നിങ്ങനെ പറഞ്ഞും സല്യൂട്ട് നൽകിയുമാണ് അവരിൽ പലരും മടങ്ങിയത്. തന്റെ കുട്ടി ഗസ്സയിൽ രാജകുമാരിയെ പോലെയായിരുന്നെന്നും ബന്ദികളിൽ ഒരാൾ പറഞ്ഞിരുന്നു.
അതേസമയം, ഗസ്സയിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട അഞ്ചു സൈനികരുടെ പേരുകൾ ഇസ്രായേൽ പുറത്തുവിട്ടു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികനും തെക്കൻ ഗസ്സയിൽ നാലു സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ 36 ശതമാനം ആളുകളും കടുത്ത പട്ടിയിലാണെന്ന് യു.എൻ അറിയിച്ചു. ഗസ്സയിൽ സുരക്ഷിതമായി ഒരു സ്ഥലം പോലുമില്ലെന്ന് ആരോഗ്യ വകുപ്പ് വക്താവ് അഷ്റഫ് അൽഖുദ്ര വ്യക്തമാക്കി.
Adjust Story Font
16