യുദ്ധത്തിന്റെ അടുത്ത ഘട്ടമെന്ത്? ഉത്തരമില്ലാതെ നെതന്യാഹു- വാർ കൗൺസിൽ അനിശ്ചിത കാലത്തേക്ക് നീട്ടി
സൈന്യത്തിന് വലിയ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ യുദ്ധം നിർത്തണമെന്ന ആവശ്യം ഇസ്രായേലിൽ ശക്തമാണ്
ജറുസലേം: മന്ത്രിസഭയുടെ വാർ കൗൺസിൽ യോഗത്തിൽ യുദ്ധത്തിന്റെ അടുത്ത ഘട്ടം ചർച്ച ചെയ്യാൻ വിസമ്മതിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അടുത്ത കൗൺസിൽ ചേരുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഗസ്സയിലെ ആക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത സമിതിയാണ് വാർ കൗൺസിൽ.
ഗസ്സയിലെ യുദ്ധം നിർത്താനായി ഈജിപ്ത് മുമ്പോട്ടു വച്ച പദ്ധതി വാർ കാബിനറ്റ് ചർച്ച ചെയ്യുമെന്ന് നേരത്തെ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ സമ്പൂർണമായി പിൻവാങ്ങുക, ബന്ദികളെയും തടവുകാരെയും ഇരുവിഭാഗവും മോചിപ്പിക്കുക, ഗസ്സയുടെ അധികാരം ടെക്‌നോക്രാറ്റിക് ഫലസ്തീൻ ഗവൺമെന്റ് ഏറ്റെടുക്കുക എന്നിങ്ങനെയായിരുന്നു നിർദേശങ്ങൾ. ഇതിന്റെ കരട് ഹമാസിനും ഇസ്രായേലിനും പുറമേ യുഎസിനും യൂറോപ്യൻ യൂണിയനും ഈജിപ്ത് അയച്ചു കൊടുത്തിരുന്നു. വാർ കാബിനറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തോ എന്നതില്‍ വ്യക്തതയില്ല.
കരയുദ്ധത്തില്‍ സൈന്യത്തിന് വലിയ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ യുദ്ധം നിർത്തണമെന്ന ആവശ്യം ഇസ്രായേലിൽ ശക്തമാണ്. ബന്ദികളെ മോചിപ്പിക്കുന്നതിനായിരിക്കണം ആദ്യ പരിഗണനയെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ബന്ദികളെ തിരികെ എത്തിക്കുന്നതിന് മുന്‍ഗണന നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബന്ധുക്കൾ നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയിരുന്നു. കരയുദ്ധത്തിൽ നേരിട്ട തിരിച്ചടിക്ക് പിന്നാലെ പ്രധാന സൈനിക വിഭാഗമായ ഗോലാനി ഇൻഫാൻട്രി ബ്രിഗേഡിനെ ഇസ്രായേൽ തിരിച്ചുവിളിച്ചിരുന്നു.
ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധത്തിൽ നിന്ന് പിന്തിരിയില്ല എന്നാണ് നെതന്യാഹു ആവർത്തിക്കുന്നത്. എന്നാൽ പ്രധാനപ്പെട്ട ഹമാസ് നേതാക്കളിൽ ഒരാളെ പോലും കണ്ടെത്താൻ ഇസ്രായേൽ സേനയ്ക്കായിട്ടില്ല. ഹമാസ് നേതാക്കളെ പിടിക്കാൻ സഹായിക്കുന്നവർക്ക് വൻ തുക പ്രതിഫലം നൽകുമെന്ന ലഘുലേഖകളും മറ്റും ഇസ്രായേൽ സേന നേരത്തെ വിതരണം ചെയ്തിരുന്നു. ഇത് ഫലവത്തായിട്ടില്ല. അതിനിടെ, സൈനികരുടെ ആത്മവീര്യം ഉയർത്തുന്നതിന്റെ ഭാഗമായി നെതന്യാഹു കഴിഞ്ഞ ദിവസം ഗസ്സയിലെത്തി സൈനികരെ കണ്ടു. 'ഞങ്ങൾ അവസാനിപ്പിക്കുന്നില്ല....വരും ദിനങ്ങളിൽ യുദ്ധം കനപ്പിക്കും' - എന്നാണ് അദ്ദേഹം പറഞ്ഞത്.
Summary: At the War Council meeting,Netanyahu refused to discuss the next phase of the war and postponed it to an indefinite date
Adjust Story Font
16