Quantcast

'മുജീബുറഹ്മാൻ ഇനി രാഷ്ട്രപിതാവല്ല'; ചരിത്രത്തിൽ തിരുത്തലുമായി ബംഗ്ലാദേശിലെ പുതിയ ടെക്സ്റ്റ് ബുക്കുകൾ

1971ൽ ബം​ഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സിയാവുറഹ്മാൻ ആണെന്നാണ് പുതിയ ഹിസ്റ്ററി ടെക്സ്റ്റ് ബുക്കുകൾ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    2 Jan 2025 11:27 AM GMT

New Bangladesh textbooks make changes to history
X

ധാക്ക: 1971ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് സിയാവുറഹ്മാൻ ആണെന്ന് ബംഗ്ലാദേശിലെ പുതിയ പാഠപുസ്തകങ്ങൾ. ബംഗബന്ധു ശൈഖ് മുജീബുറഹ്മാൻ ആണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എന്നായിരുന്നു പഴയ പാഠപുസ്തകങ്ങളിൽ പറഞ്ഞിരുന്നത്. ഇത് തിരുത്തിയാണ് പുതിയ പുസ്തകങ്ങൾ പുറത്തിറക്കിയത്.

പ്രൈമറി, സെക്കൻഡറി ക്ലാസുകളിലെ പുതിയ ടെക്സ്റ്റ് ബുക്കുകളിൽ നിരവധി മാറ്റങ്ങളുണ്ടെന്ന് 'ദ ഡെയ്‌ലി സ്റ്റാർ' പത്രം റിപ്പോർട്ട് ചെയ്തു. ശൈഖ് മുജീബുറഹ്മാന്റെ 'രാഷ്ട്രപിതാവ്' എന്ന പദവിയും പുതിയ പാഠപുസ്തകത്തിൽ ഒഴിവാക്കിയിട്ടുണ്ട്.

'1971 മാർച്ച് 26ന് സിയാവുറഹ്മാൻ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, മാർച്ച് 27ന് ബംഗബന്ധുവിന് വേണ്ടി അദ്ദേഹം മറ്റൊരു പ്രഖ്യാപനവും നടത്തി'- ദേശീയ കരിക്കുലം ആൻഡ് ടെക്സ്റ്റ്ബുക്ക് ബോർഡ് ചെയർമാൻ പ്രൊഫ. എ.കെ.എം റിയാസുൽ ഹസനെ ഉദ്ധരിച്ച് 'ഡെയ്‌ലി സ്റ്റാർ' റിപ്പോർട്ട് ചെയ്തു. പ്രഖ്യാപനത്തിന്റെ പൂർണവിവരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിയാസുൽ ഹസൻ വ്യക്തമാക്കി.

അതിശയോക്തി കലർന്നതും അടിച്ചേൽപ്പിക്കപ്പെട്ടതുമായ ചരിത്രത്തിൽനിന്ന് പാഠപുസ്തകങ്ങളെ സ്വതന്ത്രമാക്കുകയാണ് ചെയ്തതെന്ന് പാഠപുസ്തക നിർമാണ സമിതിയിൽ അംഗമായിരുന്ന രാഖൽ റാഹ പറഞ്ഞു. പാകിസ്താൻ സൈന്യം അറസ്റ്റ് ചെയ്തപ്പോൾ ശൈഖ് മുജീബുറഹ്മാൻ വയർലെസ് സന്ദേശത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു എന്നത് വസ്തുതാപരമല്ല. അതുകൊണ്ടാണ് പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കിയതെന്ന് പാഠപുസ്തക സമിതി പറഞ്ഞു.

ശൈഖ് മുജീബുറഹ്മാൻ തന്നെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതെന്നും ആർമി മേജറും പിന്നീട് വിമോചന പോരാട്ടത്തിന്റെ സെക്ടർ കമാൻഡറുമായ സിയാവുറഹ്മാൻ മുജീബുറഹ്മാന്റെ നിർദേശ പ്രകാരം പ്രഖ്യാപനം വായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അവാമി ലീഗ് പ്രവർത്തകർ പറയുന്നത്.

2024 ആഗസ്റ്റ് അഞ്ചിനാണ് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീന രാജ്യം വിട്ടത്. ഇതിന് പിന്നാലെ ശൈഖ് മുജീബുറഹ്മാന്റെ പ്രതിമകളും സ്മാരകങ്ങളും പ്രതിഷേധക്കാർ തകർത്തിരുന്നു. കറൻസികളിൽനിന്ന് ശൈഖ് മുജീബുറഹ്മാന്റെ ചിത്രം നീക്കം ചെയ്യാൻ ഇടക്കാല സർക്കാർ തീരുമാനിച്ചിരുന്നു. ശൈഖ് മുജീബുറഹ്മാൻ കൊല്ലപ്പെട്ട ആഗസ്റ്റ് 15നുള്ള പൊതു അവധി ഒഴിവാക്കുകയും ചെയ്തിരുന്നു.

TAGS :

Next Story