Quantcast

താലിബാനുമായി നയതന്ത്രബന്ധത്തിന് ഇന്ത്യ; അഫ്ഗാന്‍ പ്രതിനിധിക്ക് അംഗീകാരം നല്‍കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്‌

താലിബാൻ പ്രതിനിധിയായ ഇക്രാമുദ്ദീൻ കാമിലിനെ സെക്കൻഡ് സെക്രട്ടറിയാക്കാനാണ് സാധ്യത

MediaOne Logo

Web Desk

  • Published:

    12 Nov 2024 10:12 AM GMT

താലിബാനുമായി നയതന്ത്രബന്ധത്തിന് ഇന്ത്യ; അഫ്ഗാന്‍ പ്രതിനിധിക്ക് അംഗീകാരം നല്‍കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്‌
X

ന്യു‍ഡൽഹി: മുംബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസുലേറ്റിലേക്ക് പ്രതിനിധിയെ നിയമിക്കാനുള്ള താലിബാൻ നേതൃത്വത്തിലുള്ള അഫ്ഗാൻ സർക്കാരിൻ്റെ അഭ്യർത്ഥന ഇന്ത്യൻ സർക്കാർ അംഗീകരിക്കുമെന്ന് റിപ്പോര്‍ട്ട്‌. നയതന്ത്രബന്ധം ഔപചാരികമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിലാണ് ഡൽഹിയും കാബൂളുമെന്ന് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോർട്ട് ചെയ്തു.

താലിബാൻ പ്രതിനിധിയായ ഇക്രാമുദ്ദീൻ കാമിലിനെ സെക്കൻഡ് സെക്രട്ടറിയാക്കാനാണ് സാധ്യത. താലിബാൻ കൈമാറിയ നോമിനിയുടെ അംഗീകാരം ഉൾപ്പെടുന്ന ഈ നീക്കം നിലവിലെ അഫ്ഗാൻ ഭരണകൂടവുമായി ഇടപഴകുന്നതിനുള്ള ഇന്ത്യയുടെ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്.

2021 ഓഗസ്റ്റിൽ താലിബാൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളിൽ ഇന്ത്യ അകലം പാലിച്ചിരുന്നു. എന്നാൽ കാബൂളും ഡൽഹിയും അനൗപചാരികമായി ബന്ധം നിലനിർത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്‌. കുറച്ച് മാസങ്ങളായി ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒരു സാങ്കേതിക സംഘം കാബൂളിൽ പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലസ്ഖർ, ജെയ്ഷ് തുടങ്ങിയ ഭീകരസംഘങ്ങളെ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കാനോ ഒളിക്കാനോ അനുവദിക്കില്ലെന്ന് കാബൂൾ വ്യക്തമാക്കിയിട്ടുണ്ട്.

നിയമിക്കപ്പെടാൻ സാധ്യതയുള്ള ഇക്രാമുദ്ദീൻ കാമിൽ ഇന്ത്യയിലെ വിദ്യാർത്ഥിയായിരുന്നു. സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കിയ അദ്ദേഹം അഷ്‌റഫ് ഗനി സർക്കാരിൻ്റെ പതനത്തിനുശേഷം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുകയും താലിബാൻ്റെ വിദേശകാര്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുകയും ചെയ്തു. തൻ്റെ നിയമനത്തെക്കുറിച്ച് കാമിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story