Quantcast

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തില്‍ പ്രതിഷേധം: 11 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത് ന്യൂയോർക്ക് സർവകലാശാല

വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തെന്നു കാണിച്ചു രണ്ട് സർവകലാശാലാ അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-01-11 05:25:07.0

Published:

11 Jan 2025 5:19 AM GMT

New York University suspends 11 students for one-year over peaceful sit-ins for Gaza, NYU antiwar Protest, Israel attack on Gaza, Gaza war,
X

ന്യൂയോര്‍ക്ക് സിറ്റി: ഗസ്സയിലെ ഇസ്രായേൽ നരഹത്യയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടിയുമായി ന്യൂയോർക്ക് സർവകലാശാല(എൻവൈയു). കഴിഞ്ഞ ഡിസംബറിൽ നടന്ന സമാധാനപരമായ യുദ്ധവിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ 11 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. നടപടിക്കെതിരെ 'എൻവൈയു ഫാക്കൽറ്റി ആൻഡ് സ്റ്റാഫ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ' രംഗത്തെത്തി.

കഴിഞ്ഞ ഡിസംബറിൽ സർവകലാശാലാ കാംപസിൽ നടന്ന പ്രതിഷേധത്തിലാണു നടപടി വന്നിരിക്കുന്നത്. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുംമുൻപ് പൊതിയുന്ന കഫൻപുടവ പ്രതീകാത്മകമായി പുനരാവിഷ്‌ക്കരിച്ചായിരുന്നു വിദ്യാർഥി പ്രതിഷേധം. ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേഷൻ ഓഫിസിനു മുന്നിലാണ് ധർണ നടത്തിയത്. ഇസ്രായേൽ സ്ഥാപനങ്ങളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന ആവശ്യമാണു വിദ്യാർഥികൾ ഉയർത്തിയത്.

സംഭവത്തിൽ വിദ്യാർഥികളെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്താണ് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്. 2026 ജനുവരി വരെ വിലക്ക് തുടരും. വിദ്യാർഥി ധർണയ്ക്കിടെ രണ്ട് സർവകലാശാലാ അധ്യാപകർ അറസ്റ്റിലായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തെന്ന് ആരോപിച്ചായിരുന്നു നടപടി.

എന്നാൽ, ഇവർ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ലെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് യൂനിവേഴ്‌സിറ്റി പ്രൊഫസേഴ്‌സ് പറഞ്ഞു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്ഥലത്ത് എത്തിയിരുന്നതായിരുന്നു ഇവരെന്നും സംഘടന ചൂണ്ടിക്കാട്ടി. ആൾക്കൂട്ട ശിക്ഷയുടെ അതിക്രൂരമായ ഉദാഹരണമാണിതെന്നു വിദ്യാർഥികൾക്കെതിരായ നടപടിയിൽ 'എൻവൈയു ഫാക്കൽറ്റി ആൻഡ് സ്റ്റാഫ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ' വിമർശിച്ചു.

Summary: New York University suspends 11 students for one-year over peaceful sit-ins for Gaza

TAGS :

Next Story