വൈതാംഗി ഉടമ്പടി ബില്ലിൽ പ്രതിഷേധം; നൃത്തം ചെയ്ത് പാർലമെൻ്റ് തടസ്സപ്പെടുത്തി ന്യൂസിലൻഡ് എംപിമാർ
പ്രതിഷേധത്തെ തുടർന്ന് ന്യൂസിലൻഡ് പാർലമെൻ്റ് താൽക്കാലികമായി നിർത്തിവച്ചു
വെല്ലിംഗ്ടൺ: ബ്രിട്ടീഷുകാരും തദ്ദേശീയരായ മാവോറികളും തമ്മിലുള്ള വൈതാംഗി ഉടമ്പടിയിൽ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള വിവാദ ബില്ലിന്റെ വോട്ടെടുപ്പ് തടസ്സപ്പെടുത്തി മാവോറി അംഗങ്ങൾ. പരമ്പരാഗത നൃത്ത രൂപമായ ഹക്ക നടത്തിയതിനെത്തുടർന്ന് ന്യൂസിലൻഡ് പാർലമെൻ്റ് ഇന്നലെ താൽക്കാലികമായി നിർത്തിവച്ചു.
ന്യൂസിലൻഡിലെ വൈതാംഗി ഉടമ്പടിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഭരണകക്ഷി പാര്‍ട്ടിയായ എസിടി കൊണ്ടുവന്ന നിര്‍ദേശമാണ് പാർലമെൻ്റിൽ പ്രതിഷേധത്തിന് വഴിവെച്ചത്. തുടർന്ന് ബില്ല് പാസാക്കുന്നതുമായി സംബന്ധിച്ച ചര്‍ച്ചകൾ പാര്‍ലമെന്റില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മാവോറി വിഭാഗത്തില്‍ നിന്നുള്ള എംപിമാർ പാർലമെൻ്റിന്റെ നടുത്തളത്തിലിറങ്ങി നൃത്തം ചെയ്യുകയും ബില്ലിന്റെ പകര്‍പ്പ് കീറിയെറിയുകയും ചെയ്തത്.
ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് 1840ല്‍ ബ്രിട്ടീഷ് അധികാരികളും 500ല്‍ അധികം മാവോറി നേതാക്കളും ചേര്‍ന്നാണ് വൈതാംഗി ഉടമ്പടിയില്‍ ഒപ്പുവെച്ചത്. രാജ്യത്തെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാന രേഖയായാണ് ഇത് കണക്കാക്കുന്നത്. വൈതാംഗി ഉടമ്പടി തിരുത്തുന്നതിന്റെ കരട് ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഈ നിര്‍ദേശം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് സഖ്യകക്ഷി കൂടിയായ നാഷണല്‍ പാര്‍ട്ടിയും ന്യൂസിലാന്‍ഡ് ഫസ്റ്റും വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂസിലന്റ് പാര്‍ലമെന്റിലെ ഏറ്റവും പ്രായകുറഞ്ഞ എംപിയായ ഹന റൗഹിതി കരേരികി മൈപി ക്ലാര്‍ക്ക് പാർലമെൻ്റിന്റെ നടുത്തളത്തിലിറങ്ങി ഡാന്‍സ് ചെയ്യുന്നതും ബില്ലിന്റെ പകര്‍പ്പ് കീറിയെറിയുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Adjust Story Font
16