ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്തയുടെ ജനപ്രീതി കുറഞ്ഞതായി റിപ്പോർട്ട്
ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകളെ പ്രതിരോധിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നാണ് വിമർശകർ ആരോപിക്കുന്നത്
2017 ന് ശേഷം ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന്റെ ജനപ്രീതി ഇടിഞ്ഞതായി റിപ്പോർട്ട്. അഭിപ്രായ വോട്ടെടുപ്പിലാണ് ജസീന്തയുടെ ജനപ്രീതി കുറഞ്ഞ നിലയിലാണെന്ന് കണ്ടെത്തിയത്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ന്യൂസിലാൻഡ് സർക്കാർ പരാജയപ്പെട്ടെന്നും 2017 ന് ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദുർബലമായി എന്നതുമാണ് ജസീന്തയ്ക്കും സർക്കാരിനുമെതിരായ വിമർശനം. ഇത്തരം വിമർശനങ്ങൾ ജസീന്തയുടെ ജനപ്രീതി ഇടിയുന്നതിലേക്ക് നയിച്ചുവെന്നാണ് സുപ്രാധാന കണ്ടെത്തൽ.
അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിൽ 35 ശതമാനം പേരുടെ പിന്തുണ ജസീന്തയ്ക്കുണ്ട്. എന്നാൽ 2023 അവസാനത്തോടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യ സർക്കാർ വിജയിക്കാൻ സാധ്യതയുണ്ടെന്നാണ് ന്യൂസിലാൻഡിലെ ചില മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. അഭിപ്രായ സർവേയിൽ പ്രതിപക്ഷ നേതാവായ ക്രിസ് ലക്സണിന്റെ ജനപ്രീതി മുമ്പത്തേക്കാൾ കൂടിയിട്ടുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. കൺസർവേറ്റീവ് നാഷണൽ പാർട്ടിയുടെ നേതാവായി ലക്സൺ അടുത്തകാലത്താണ് സ്ഥാനാരോഹിതനായത്.
ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകളെ പ്രതിരോധിക്കുന്നതിലും സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നാണ് വിമർശകർ ആരോപിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർക്കാർ നടപ്പിലാക്കുന്ന ചില നിയന്ത്രണങ്ങളലും പൊതുവെ അതൃപ്തിയുണ്ട്. എന്നാൽ രാജ്യത്തെ അഞ്ച് ദശലക്ഷം ജനസംഖ്യയിൽ 52 കോവിഡ് മരണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് ജസീന്തയെ പിന്തുണയ്ക്കുന്നവരുടെ വാദം. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അഭിപ്രായ വോട്ടെടുപ്പിൽ 49 ശതമാനം പേരും പറയുന്നു. എന്നാൽ 22 ശതമാനം പേരാണ് അടുത്ത 12 മാസത്തിനുള്ളിൽ സമ്പദ് വ്യവസ്ഥയിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. ന്യൂസിലൻഡിന്റെ വാർഷിക പണപ്പെരുപ്പം 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.9 ശതമാനത്തിലെത്തിയിരിക്കുകയാണ്.2021-ൽ വീടുകളുടെ വില 28 ശതമാനത്തിലേറെ കുതിച്ചുയർന്നത് നവ ദമ്പതിമാരെ ഏറെ പ്രയാസത്തിലാക്കിയിട്ടുണ്ട്.പല സുപ്രധാന വിഷയങ്ങളിലും ജനപ്രിയ നിലപാടുകൾ സ്വീകരിച്ചതാണ് ജസീന്ത ആർഡേർണിന് ജനകീയ മുഖം നൽകിയത്. രാജ്യത്തിന്റെ നയ രൂപീകരണത്തിലും ജസീന്തയ്ക്ക് കാര്യമായ പുരോഗതി കൊണ്ടുവരാൻ സാധിച്ചിരുന്നു.
Adjust Story Font
16