ഹിന്ദുക്കൾക്കെതിരെ ഭീഷണി: കാനഡയിലെ ഖലിസ്ഥാൻ നേതാവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻ.ഐ.എ
കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുമായി ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു പന്നൂൻ.
ന്യൂഡൽഹി: കാനഡയിലെ ഹിന്ദുക്കൾക്കെതിരെ ഭീഷണി മുഴക്കി രംഗത്തെത്തിയ ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെതിരെ നടപടിയുമായി എൻഐഎ. പന്നൂന്റെ സ്വത്തുകൾ എൻ.ഐ.എ കണ്ടുകെട്ടി. ചണ്ഡീഗഡിലെയും അമൃത്സറിലെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതു കൂടാതെ വിവിധയിടങ്ങളിൽ പരിശോധന തുടരുകയാണ്. പഞ്ചാബിൽ മൂന്ന് രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ 22 ക്രിമിനൽ കേസുകളാണ് പന്നൂനെതിരെയുള്ളത്.
ഇന്തോ- കനേഡിയൻ ഹിന്ദുക്കൾ രാജ്യം വിട്ട് ഇന്ത്യയിലേക്ക് മടങ്ങണമെന്നായിരുന്നു നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) നേതാവായ ഗുർപത്വന്ത് സിങ് പന്നൂന്റെ ഭീഷണി. കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുമായി ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു പന്നൂൻ. ഇതോടൊപ്പം നിജ്ജറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്കും എൻ.ഐ.എ കടന്നിട്ടുണ്ട്.
മൊഹാലിയിലെ എൻ.ഐ.എ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സ്വത്ത് കണ്ടുകെട്ടൽ നടപടി. കണ്ടുകെട്ടിയവയിൽ അമൃത്സർ ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള അദ്ദേഹത്തിന്റെ പൂർവിക ഗ്രാമമായ ഖാൻകോട്ടിലെ കാർഷിക സ്വത്തുക്കളും ഉൾപ്പെടുന്നു. ചണ്ഡീഗഢിലെ സെക്ടർ 15-സിയിലെ 2033-ാം നമ്പർ വീടും കണ്ടുകെട്ടിയിട്ടുണ്ട്. 2020ലും പന്നൂന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. കാനഡ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന വിഘടനവാദ ശൃംഖലയ്‌ക്കെതിരായ രാജ്യത്തിന്റെ നടപടിക്ക് ഉത്തേജനം നൽകുന്ന നടപടിയാണിതെന്നും എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയും കാനഡയും തമ്മിലുള്ള വൻ നയതന്ത്ര തർക്കത്തിനിടെയാണ് ഭീഷണിയുമായി ഗുർപത്വന്ത് സിങ് രംഗത്തെത്തിയത്. 'ഇന്തോ- കനേഡിയൻ ഹിന്ദുക്കളേ, നിങ്ങൾ കാനഡയോടും കനേഡിയൻ ഭരണഘടനയോടുമുള്ള കൂറ് ഇല്ലാതാക്കി. നിങ്ങളുടെ സ്ഥലം ഇന്ത്യയാണ്. കാനഡ വിടൂ, ഇന്ത്യയിലേക്ക് പോകൂ'- പന്നൂൻ പറഞ്ഞു. കഴിഞ്ഞദിവസമായിരുന്നു ഇത്.
അതേസമയം, ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കി കാനഡ രംഗത്തെത്തിയിരുന്നു. എന്നാൽ തെളിവുകൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് കാനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കാനഡയിലെ ഇന്ത്യക്കാർക്ക് ആശങ്ക വേണ്ടെന്നും കാനഡ അറിയിച്ചു.
അതേസമയം, കാനഡയ്ക്കെതിരായ നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ. കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ ഇന്ത്യ നിർത്തിയിരുന്നു. അനിശ്ചിതകാലത്തേക്കാണ് വിസ നൽകുന്നത് നിർത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. വിസ അപേക്ഷ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്.
ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് നടത്തിയ വാർത്താസമ്മേളനത്തിൽ കാനഡയ്ക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ഭീകരവാദത്തിന്റെ മണ്ണായി കാനഡ മാറി. നിരവധി ഭീകരവാദികൾ കാനഡയിലേക്ക് കുടിയേറുന്നു, അവിടെ അവർക്ക് ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നു എന്നതാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഇതിന് പിന്നാലെയാണ് വിസ സേവനങ്ങൾ താത്കാലികമായി നിർത്തുന്ന തരത്തിലേക്ക് ഇന്ത്യ കടന്നത്.
ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽപെടുത്തുകയും ചെയ്ത ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകമാണ് ഇന്ത്യ– കാനഡ ബന്ധം വഷളാക്കിയത്. ബന്ധം വഷളായ സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. പ്രതിഷേധമുണ്ടായ സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യക്കാർ ഹൈക്കമ്മീഷന്റെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.
നേരത്തെ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ പേരിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ റായിയെ കാനഡ പുറത്താക്കിയിരുന്നു. ഇതിൽ തിരിച്ചടിച്ച് കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കയിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം നടപടി അറിയിച്ചത്. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടാനും കനേഡിയൻ നയതന്ത്ര പ്രതിനിധിക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്നാണ് പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. എന്നാൽ ആരോപണം തളളി ഇന്ത്യ രംഗത്തെത്തിയിരുന്നു. നിജ്ജറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും കാനഡ ഖാലിസ്താൻ വാദികൾക്ക് താവളമൊരുക്കുകയണെന്നും ഇന്ത്യ തിരിച്ചടിച്ചു.
ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജർ കൊല്ലപ്പെട്ടത്. കാനഡ–യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് അജ്ഞാതരാണ് വെടിവച്ചതെന്നും ഹർദീപ് തൽക്ഷണം മരിച്ചെന്നുമാണ് റിപ്പോർട്ട്.
Adjust Story Font
16