ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ
ഫലസ്തീൻ ജനതക്കൊപ്പം നിലകൊള്ളുമെന്ന് നിക്കരാഗ്വ സർക്കാർ
തെൽഅവീവ്: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ. ദേശീയ അസംബ്ലിയുടെ ഏകകണ്ഠമായ തീരുമാനത്തിന് ശേഷം ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി നിക്കരാഗ്വ സർക്കാർ അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ പ്രയാസമനുഭവിക്കുന്ന ഫലസ്തീൻ ജനതയിലേക്ക് ശ്രദ്ധക്ഷണിക്കുന്നുവെന്നും പ്രാകൃതമായ ഇത്തരം ക്രൂരതകൾ നേരിടേണ്ടിവരുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും നിക്കരാഗ്വ അറിയിച്ചു. എപ്പോഴും ഫലസ്തീനൊപ്പം നിലകൊള്ളുമെന്നും നിക്കരാഗ്വ സർക്കാർ വ്യക്തമാക്കി.
ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ വംശഹത്യയും അടിച്ചമർത്തൽ നയങ്ങളെയും അപലപിക്കുന്നുവെന്നും ലെബനാനെതിരായ ഇസ്രായേൽ നടപടിയും സിറിയ, യെമൻ, ഇറാൻ എന്നി രാജ്യങ്ങൾക്കെതിരായ ഭീഷണികളിലും നിക്കരാഗ്വ ആശങ്ക പ്രകടിപ്പിച്ചു. ഇസ്രായേലിന്റെ ഈ നീക്കം മേഖലയിലെ സമാധാനം തകർക്കുമെന്ന മുന്നറിയിപ്പും നിക്കരാഗ്വ നല്‍കി.
അതേസമയം നിക്കരാഗ്വയുടെ നിലപാടിനെ ഫലസ്തീൻ സ്വാഗതം ചെയ്തു. ഫലസ്തീനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കെതിരെയും തുടരുന്ന ആക്രമണം തടയാനുള്ള നിക്കരാഗ്വയുടെ നീക്കത്തെ ഫലസ്തീന്‍ അഭിനന്ദിച്ചു. അന്താരാഷ്ട്ര സമൂഹത്തിലെ അംഗമെന്ന നിലയിൽ നിക്കരാഗ്വയുടെ വ്യക്തമായ നിലപാടും ഉത്തരവാദിത്തവുമാണ് തീരുമാനത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് ഫലസ്തീൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Adjust Story Font
16