Quantcast

'കൈലാസ'വലയിൽ വീണത് 30 യു.എസ് നഗരങ്ങൾ; നിത്യാനന്ദയുടെ അന്താരാഷ്ട്ര തട്ടിപ്പ് തുടരുന്നു

ന്യൂജഴ്‌സിയിലെ നെവാർക്ക് കൈലാസയുമായുള്ള 'സഹോദര നഗര' കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-18 06:47:10.0

Published:

18 March 2023 5:39 AM GMT

NithyanandaScams, NithyanandafakecountryKailasa, UScitiessigningagreementwithKailasa
X

വാഷിങ്ടൺ: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയുടെ സാങ്കൽപിക രാജ്യം 'കൈലാസ'യുമായി 30ഓളം യു.എസ് നഗരങ്ങൾ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഫ്‌ളോറിഡ മുതൽ റിച്ച്‌മോണ്ട്, വിർജീനിയ, ഒഹിയോ ഉൾപ്പെടെയുള്ള നഗരങ്ങൾ കൂട്ടത്തിലുണ്ട്. ദ്വീപ് രാജ്യമാണെന്ന് അവകാശപ്പെട്ട് കബളിപ്പിച്ചാണ് ഈ നഗരങ്ങളിൽനിന്ന് നിത്യാനന്ദ കരാർ ഒപ്പിച്ചതെന്നാണ് റിപ്പോർട്ട്. യു.എസ് മാധ്യമമായ 'ഫോക്‌സ് ന്യൂസ്' ആണ് വാർത്ത പുറത്തുവിട്ടത്.

ന്യൂജഴ്‌സിയിലെ നെവാർക്ക് കഴിഞ്ഞ ദിവസം കൈലാസയുമായുള്ള 'സഹോദര നഗര' കരാർ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാങ്കൽപികരാജ്യവുമായി കരാർബന്ധമുള്ള മറ്റു നഗരങ്ങളുടെയും പട്ടിക പുറത്തുവന്നത്. കഴിഞ്ഞ ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് കൈലാസയുമായി നഗര ഭരണകൂടം കരാറിൽ ഒപ്പുവച്ചിരുന്നത്.

കരാറിൽ ഒപ്പുവച്ച ശേഷമാണ് കൈലാസയെക്കുറിച്ചുള്ള ദുരൂഹമായ വിവരങ്ങൾ അറിയുന്നതെന്ന് നെവാർക്ക് വാർത്താ വിനിമയ വിഭാഗത്തിലെ പ്രസ് സെക്രട്ടറി സൂസൻ ഗരോഫാലോ പ്രതികരിച്ചു. ഉടൻ തന്നെ നടപടി സ്വീകരിക്കുകയും കരാർ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. വഞ്ചനയുടെ അടിസ്ഥാനത്തിലുള്ള ആ കരാർ അസാധുവാണ്. എന്നാൽ, തുടർന്നും വിവിധ സാംസ്‌കാരിക പരിസരങ്ങളിലുള്ളവരുമായി പരസ്പര സഹകരണം തുടരുമെന്നും ഗരോഫാലോ കൂട്ടിച്ചേർത്തു.

30ഓളം യു.എസ് നഗരങ്ങളുമായി കരാറിൽ ഒപ്പുവച്ച വിവരം കൈലാസ വെബ്‌സൈറ്റിലും നൽകിയിട്ടുണ്ട്. ഇക്കാര്യം വിവിധ നഗര ഭരണകൂടങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തതായി 'ഫോക്‌സ് ന്യൂസ്' റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പുതിയ റിപ്പോർട്ടുകൾക്കു പിന്നാലെ ഇവയിൽ മിക്ക നഗരങ്ങളും കരാറിൽനിന്ന് പിന്മാറുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭാ പൊതുയോഗത്തിൽ കൈലാസ പ്രതിനിധി പങ്കെടുത്തത് വലിയ വാർത്തയായത്. ഫെബ്രുവരി 22ന് നടന്ന സ്ത്രീവിവേചനം ഇല്ലാതാക്കാനുള്ള യു.എൻ സമിതി സംഘടിപ്പിച്ച പരിപാടിയിൽ വിജയപ്രിയ എന്നു പേരുള്ള വനിതയാണ് കൈലാസ പ്രതിനിധിയായി പങ്കെടുത്തത്. ഫെബ്രുവരി 24ന് നടന്ന യു.എൻ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശ സമിതിയുടെ പൊതുചർച്ചയിലും അവർ സംസാരിച്ചു. ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും കൈലാസയിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് പറഞ്ഞ വിജയപ്രിയ, നിത്യാനന്ദയെ വേട്ടയാടുന്നത് തടയാൻ ദേശീയ-അന്തർദേശീയ തലങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ യു.എൻ ഔദ്യോഗിക വിശദീകരണവും പുറത്തിറക്കി. ഇത്തരം പരിപാടികളിൽ എൻ.ജി.ഒകൾക്കും പൊതുജനങ്ങൾക്കുമെല്ലാം രജിസ്റ്റർ ചെയ്തു പങ്കെടുക്കാമെന്നായിരുന്നു യു.എൻ മനുഷ്യവകാശ ഹൈക്കമ്മിഷണറുടെ കാര്യാലയം വിശദീകരിച്ചത്.

ഇന്ത്യയിൽ നിരവധി ബലാത്സംഗ, ബാലപീഡന കേസുകളിൽ പിടികിട്ടാപുള്ളിയാണ് നിത്യാനന്ദ. 2010ലാണ് നിത്യാനന്ദക്കെതിരെ അനുയായി നൽകിയ പരാതിയിൽ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികളെ അനധികൃതമായി തടഞ്ഞുവച്ചതടക്കമുള്ള കേസുകളും നിത്യാനന്ദയ്‌ക്കെതിരെയുണ്ട്. അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെ 2019ൽ രാജ്യംവിട്ട ഇയാൾ കൈലാസ എന്ന പേരിൽ രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Summary: Self-proclaimed godman and fugitive Nithyananda's fake country 'United States of Kailasa' duped in 30 US cities with Sister City scam: Report

TAGS :

Next Story