യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ ഇ- പൗരത്വം സൗജന്യമായി വിതരണം ചെയ്യുന്നതായി നിത്യാനന്ദ
സ്വയം പ്രഖ്യാപിത ആൾദൈവവും നിരവധി ലൈംഗീകാതിക്രമക്കേസുകളിൽ പ്രതിയുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ
Nityananda, United States of Kailasa, Ma Vijayapriya Nityananda
സ്വയം പ്രഖ്യാപിത ആൾദൈവവും നിരവധി ലൈംഗീകാതിക്രമക്കേസുകളിൽ പ്രതിയുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ ഇ പൗരത്വം സൗജന്യമായി വിതരണം ചെയ്യുന്നതായി നിത്യാനന്ദ. ആദ്യ ഹിന്ദു രാജ്യമെന്ന് നിത്യാനന്ദ അവകാശപ്പെടുന്ന കൈലാസയുടെ ഇ - പൗരത്വം വിതരണം ചെയ്യുന്നതായി ട്വിറ്ററിലാണ് അദ്ദേഹം അറിയിച്ചത്. കൈലാസ.ഓർഗ് https://kailaasa.org/e-citizen/ എന്ന വെബ്‌സൈറ്റ് വഴി ഇ-പൗരത്വത്തിന് അപേക്ഷിക്കാമെന്നും ട്വീറ്റിൽ പറയുന്നു. കൈലാസാസ് എസ്.പി.എച്ച് നിത്യാനന്ദയെന്ന പേരിലുള്ള അക്കൗണ്ടിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഹിന്ദുയിസത്തിന്റെ പരമാധികാരിയുടെ അക്കൗണ്ട്, നിത്യാനന്ദ പരമശിവം, പുരാതന പ്രബുദ്ധമായ ഹിന്ദു നാഗരിക രാഷ്ട്രം 'കൈലാസ'യുടെ പുനരുജ്ജീവകൻ എന്നിങ്ങനെയാണ് ഈ ട്വിറ്റർ അക്കൗണ്ടിലെ വിവരങ്ങൾ.
കൈലാസയുടെ ഇ-പൗരത്വത്തെ കുറിച്ച് വെബ്‌സൈറ്റിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: കൈലാസ സേവനങ്ങൾ ലോകത്തിന് ലഭ്യമാക്കുന്നതിനായി ഹിന്ദുയിസത്തിന്റെ പരമാധികാരിയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയിലെ ഭരണകൂടവും രൂപകൽപ്പന ചെയ്ത സംരംഭമാണ് ഇ-പൗരത്വം. ഈ സംരംഭം ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കൾക്കും വേണ്ടിയുള്ളതാണ്. ഇ-പൗരത്വ കാർഡ് ഉടമയ്ക്ക് നിരവധി സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമെന്നും വെബ്‌സൈറ്റിൽ പറയുന്നു.
ബലാത്സംഗം, കുട്ടികളെ അന്യായമായി തടങ്കലിൽ വയ്ക്കൽ, പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് നിത്യാനന്ദ. 2010ൽ ബലാത്സംഗക്കേസിൽ ബംഗളൂരുവിലെ രാംനഗര കോടതി നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2019ലാണ് നിത്യാനന്ദ ഇന്ത്യയിൽ നിന്ന് ഒളിച്ചോടി കൈലാസം സ്ഥാപിക്കുന്നത്. അവിടെ ആളുകൾ ഹിന്ദുവിശ്വാസമനുസരിച്ച് ജീവിക്കുന്നുവെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്.
ഈ രാജ്യത്തിന്റെ കൃത്യമായ ലൊക്കേഷൻ എവിടെയാണെന്ന് അറിയില്ലെങ്കിലും ഇക്വഡോറിന് സമീപമാണെന്നാണ് കരുതപ്പെടുന്നത്. ഇക്വഡോർ തീരത്ത് ദ്വീപ് വാങ്ങിയെന്നാണ് നിത്യാനന്ദ അവകാശപ്പെട്ടത്. എന്നാൽ നിത്യനന്ദയ്ക്ക് ഇക്വഡോർ അഭയം നൽകുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ആ രാജ്യത്തെ ഗവൺമെൻറ് അറിയിച്ചിരുന്നു. അതിനിടെ, യുഎസ് സംസ്ഥാനമായ ന്യൂജേഴ്സിയിലെ നെവാർക്ക് നഗരം, 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ'മായുള്ള സഹോദരി-നഗര ഉടമ്പടി റദ്ദാക്കി. രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള വഞ്ചനാപരമായ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടി. നെവാർക്ക് സിറ്റിയിലെ കമ്മ്യൂണിക്കേഷൻസ് വകുപ്പിലെ പ്രസ് സെക്രട്ടറി സൂസൻ ഗാരോഫാലോ PTI യോട് ഇമെയിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പല കേസുകളും നിത്യാനന്ദക്കെതിരെയുണ്ടെങ്കിലും ആഗോള തലത്തിൽ നിരവധി ശിഷ്യന്മാരാണുള്ളത്. അതിൽ ഏറ്റവും പ്രബലയാണ് മാ വിജയപ്രിയ നിത്യാനന്ദ. ഫെബ്രുവരിയിൽ ജെനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പരിപാടിയിൽ വിജയപ്രിയക്ക് പുറമെ, മറ്റ് അഞ്ച് പ്രതിനിധികളും യു.എന്നിൽ കൈലാസയുടെ പ്രതിനിധികളായി എത്തിയിരുന്നു.
വിജയപ്രിയ ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. യു.എന്നിലെ കൈലാസയുടെ സ്ഥിരം അംബാസഡറാണ് വിജയപ്രിയ. ചുവന്ന സാരിയുടുത്ത് രുദ്രാക്ഷ മാലകളും ധരിച്ച് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഇവരുടെ പ്രസംഗത്തിന് ശേഷം ആരാണ് ഈ സന്യാസിനി എന്ന് തിരയുകയാണ് സോഷ്യൽ മീഡിയ. പേരിന്റെ അവസാനം നിത്യാനന്ദ എന്നുള്ളതുകൊണ്ട് തന്നെ നിത്യാന്ദയുടെ ഭാര്യയാണോ ഇവർ എന്നാണ് എല്ലാവരുടേയും സംശയം.
യുഎന്നിന്റെ പത്തൊമ്പതാമത് എക്കണോമിക്, സോഷ്യൽ ആന്റ് കൾച്ചറൽ റൈറ്റ്‌സ് യോഗത്തിലാണ് യുണൈറ്റഡ് കിംങ്ഡം ഓഫ് കൈലാസയുടെ പ്രതിനിധി പങ്കെടുത്തത്. ഹിന്ദുമതത്തിന്റെ പരമോന്നത പുരോഹിതനാണ് ന്രിത്യാനന്ദ് പരമശിവമെന്നും അദ്ദേഹം സ്ഥാപിച്ച കൈലാസമാണ് ലോകത്തിലെ ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാഷ്ട്രമാണെന്നും സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾക്കുള്ള കമ്മിറ്റിയിൽ (CESCR) കൈലാസയുടെ പ്രതിനിധി പ്രസ്താവിച്ചു.
അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധി യു.എൻ യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ഐക്യരാഷ്ട്രസഭ രംഗത്ത് വന്നിരുന്നു. കൈലാസ പ്രതിനിധിയുടെ പരാമർശങ്ങൾ അപ്രസക്തമായതിനാൽ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ ഓഫീസിലെ മീഡിയ ഓഫീസർ വിവിയൻ ക്വോക്ക് പറഞ്ഞു. താത്പര്യമുള്ള ആർക്കും രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്ന പൊതുയോഗത്തിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തതെന്നും കമീഷണറുടെ ഓഫീസ് അറിയിച്ചു.
ഫെബ്രുവരി 24ന് ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശ സമിതിയുടെ (സി.ഇ.എസ്.സി.ആർ) യോഗത്തിലാണ് കൈലാസയുടെ പ്രതിനിധിയായി വിജയപ്രിയ പങ്കെടുത്തത്. 'തീരുമാനമെടുക്കുന്ന സംവിധാനങ്ങളിൽ സ്ത്രീകളുടെ തുല്യമായ പ്രാതിനിധ്യം' എന്ന വിഷയത്തിലായിരുന്നു ചർച്ച.
ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും കൈലാസയിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് വിജയപ്രിയ പറഞ്ഞു. ഹിന്ദുമതത്തിന്റെ പൗരാണിക പാരമ്പര്യങ്ങൾ പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദയെ വേട്ടയാടുകയാണെന്നും അദ്ദേഹം ജന്മനാട്ടിൽ നിന്ന് പോലും വിലക്കപ്പെട്ടിട്ടുണ്ടെന്നും പ്രതിനിധി പറഞ്ഞു. അദ്ദേഹത്തെ വേട്ടയാടുന്നത് തടയാൻ ദേശീയ അന്തർദേശീയ തലങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും വിജയപ്രിയ ആവശ്യപ്പെട്ടു.
യു.എൻ ചർച്ചയുടെ വിഷയവുമായി ബന്ധമുള്ളതല്ലാത്തതിനാൽ കൈലാസ പ്രതിനിധിയുടെ പരാമർശങ്ങൾ അപ്രസക്തമാണെന്ന് മീഡിയ ഓഫീസർ വിവിയൻ ക്വോക്ക് പറഞ്ഞു. ഈ പരാമർശങ്ങൾ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Nityananda to distribute free e-citizenship of United States of Kailasa
Adjust Story Font
16