Quantcast

‘ഇറാനുമായി ഏറ്റുമുട്ടാനില്ല’; ഇസ്രായേലിനോട് നയം വ്യക്തമാക്കി അമേരിക്ക

ഇസ്രായേൽ ഇനി ആക്രമിച്ചാൽ കൂടുതൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ

MediaOne Logo

Web Desk

  • Updated:

    2024-04-14 07:14:55.0

Published:

14 April 2024 5:06 AM GMT

us president Joe Biden and benjamin netanyahu
X

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോർട്ട്. സീനിയർ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടർന്ന് നെതന്യാഹു ബൈഡനെ ഫോണിൽ വിളിച്ചിരുന്നു. ഇതിനിടയിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡൻ വ്യക്തമാക്കിയത്. ഇസ്രായേൽ ഇറാനെ വീണ്ടും ആക്രമിച്ചൽ അമേരിക്ക അതിനെ പിന്തുണക്കില്ല. ഇറാന്റെ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകർക്കാൻ സാധിച്ചതിനാൽ ശനിയാഴ്ച രാത്രിയിലെ സംഭവം ഇസ്രായേൽ വിജയമായി കണക്കാക്കണമെന്നും ജോ ബൈഡൻ നെതന്യാഹുവിനോട് പറഞ്ഞു.

ഇറാന്റെ 70-ലധികം ഡ്രോണുകളും കുറഞ്ഞത് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും യു.എസ് സേന തടഞ്ഞതായാണ് റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വിന്യസിച്ച യുദ്ധക്കപ്പലുകളാണ് ചെറുത്തത്. യു.എസ് നേവിയുടെ രണ്ട് ഡിസ്ട്രോയറുകൾ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും മിസൈൽ, ഡ്രോൺ വിക്ഷേപണങ്ങളെ തടയാൻ കഴിവുള്ള യുദ്ധക്കപ്പലുകളാണ്.

യു.എസ് യുദ്ധവിമാനങ്ങളും ഇസ്രായേലിന് നേരെ ഇറാൻ വിക്ഷേപിച്ച ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയതായി മറ്റൊരു യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിൽ സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നതായും യു.എസ് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കി. തങ്ങൾ ഇറാനുമായി സംഘർഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കാനും ഇസ്രായേലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കാനും തങ്ങൾ മടിക്കില്ല. ശനിയാഴ്ച രാത്രിയിലെ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ധീരരായ യു.എസ് സേനാംഗങ്ങളെ അഭിനന്ദിക്കുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സഖ്യകക്ഷികളുമായും പങ്കാളികളുമായും കൂടിയാലോചിക്കുമെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു.

ഇസ്രായേൽ ഇനി ആക്രമിച്ചാൽ കൂടുതൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ സ്വതസിദ്ധമായ സ്വയരക്ഷ അവകാശം ആവശ്യമുള്ളപ്പോൾ വിനിയോഗിക്കാൻ മടിക്കില്ലെന്ന് ഇറാൻ അംബാസഡറും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ അമീർ സഈദ് ഇരവാനി പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ - ഇറാൻ സംഘർഷത്തിൽ ചൈന ആശങ്ക രേഖപ്പെടുത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ ബാക്കിപത്രമാണ് പുതിയ സംഘർഷമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യു.എൻ രക്ഷാസമിതി പ്രമേയം കാലതാമസം കൂടാതെ നടപ്പാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

TAGS :

Next Story