'ക്യൂവിൽ നിന്നിട്ട് കാര്യമില്ല, പെട്രോൾ വാങ്ങാൻ പണമില്ല'; ദയനീയാവസ്ഥ തുറന്നുപറഞ്ഞ് ശ്രീലങ്കൻ മന്ത്രി
കഴിഞ്ഞ മാർച്ച് 28 മുതൽ പെട്രോൾ ഷിപ്‌മെൻറ് കൊളമ്പോ തുറമുഖത്ത് കിടക്കുകയാണെന്നും എന്നാൽ ഗവൺമെൻറിന് അവ വാങ്ങാൻ പണമില്ലെന്നും മന്ത്രി
കൊളംബോ: രണ്ടു ദിവസത്തേക്ക് പെട്രോൾ പമ്പുകളിൽ ക്യൂവിൽ നിന്നിട്ട് കാര്യമില്ലെന്നും പെട്രോൾ ഷിപ്‌മെൻറുകൾ വാങ്ങാൻ ഡോളറില്ലെന്നും ശ്രീലങ്കയുടെ പവർ ആൻഡ് എനർജി മന്ത്രി കാഞ്ചന വിജശേഖര. കഴിഞ്ഞ മാർച്ച് 28 മുതൽ പെട്രോൾ ഷിപ്‌മെൻറ് കൊളമ്പോ തുറമുഖത്ത് കിടക്കുകയാണെന്നും എന്നാൽ ഗവൺമെൻറിന് അവ വാങ്ങാൻ പണമില്ലെന്നും അദ്ദേഹം പാർലമെൻറിൽ അറിയിച്ചു. പെട്രോൾ വാങ്ങാനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും വാരാന്ത്യം വരെ പെട്രോൾ ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ പെട്രോൾ ശേഖരം മാത്രമാണ് രാജ്യത്തുള്ളതെന്നും അവ ആംബുലൻസ് പോലെയുള്ള അവശ്യ സേവനങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രശ്‌നങ്ങൾ തീർക്കാൻ ലോകബാങ്ക് 160 മില്യൺ ഡോളർ നൽകുന്നതായി ബുധനാഴ്ച പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അറിയിച്ചിരുന്നു. എന്നാൽ ഈ തുക ഇന്ധനം വാങ്ങാൻ ഉപയോഗിക്കാമോയെന്ന് വ്യക്തമല്ല.
അതേസമയം, ശ്രീലങ്കൻ പ്രസിഡൻറ് ഗോതബായ രജപക്‌സെയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാർലമെൻറ് വോട്ടിനിട്ട് തള്ളി. 68 എം.പിമാർ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. 119 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തി. റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ചതിന് ശേഷമുള്ള ആദ്യ പാർലമെൻറ് സമ്മേളനത്തിലായിരുന്നു അവിശ്വാസം വോട്ടിനിട്ടത്. ഭരണപക്ഷ എം.പി അജിത് രജപക്‌സെയെ ഡെപ്യൂട്ടി സ്പീക്കറായി സമ്മേളനത്തിൽ തെരഞ്ഞെടുത്തു. ശ്രീലങ്കയിൽ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 70 വർഷത്തിനിടെയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് രാജ്യം. ഒരു കാലത്ത് ഏഷ്യയിൽ ഏറ്റവും വേഗത്തിൽ സാമ്പത്തിക വളർച്ച നേടിയ ശ്രീലങ്ക, ഇന്ന് 50 ബില്യൺ ഡോളറിലെ കടത്തിലാണ്.
No queue, no money to buy petrol: Sri Lankan Power and Energy Minister Kanchana Wijesekera
Adjust Story Font
16