Quantcast

അവിശ്വാസ വോട്ടെടുപ്പിന് അനുമതിയില്ല; തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഇംറാന്‍ ഖാന്‍റെ ആഹ്വാനം

അസംബ്ലി പിരിച്ചുവിടണമെന്ന് ഇംറാന്‍ ശിപാര്‍ശ ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-04-03 08:25:27.0

Published:

3 April 2022 7:48 AM GMT

അവിശ്വാസ വോട്ടെടുപ്പിന് അനുമതിയില്ല; തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഇംറാന്‍ ഖാന്‍റെ ആഹ്വാനം
X

പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് ഡപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പാകിസ്താനില്‍ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. അസംബ്ലി പിരിച്ചുവിടണമെന്ന് പ്രസിഡന്‍റിനോട് ഇംറാന്‍ ശിപാര്‍ശ ചെയ്തു. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഇംറാന്‍ ആഹ്വാനം ചെയ്തു.

അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി ചേര്‍ന്ന പാക് അസംബ്ലിയില്‍ ഇന്ന് നാടകീയ രംഗങ്ങളാണുണ്ടായത്. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. സ്പീക്കറെ പുറത്താക്കണമെന്നായിരുന്നു ആവശ്യം. അസംബ്ലിയില്‍ നിന്ന് സ്പീക്കര്‍ ഇറങ്ങിപ്പോയി. അതിനിടെ ഇംറാനെതിരായ അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് ഭരണഘടനയുടെ അഞ്ചാം അനുച്ഛേദത്തിന് എതിരാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി പറഞ്ഞു. ഏപ്രിൽ 25 വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഇതെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഇംറാന്‍ ഖാന്‍ സഭയില്‍ ഹാജരായിരുന്നില്ല. പാകിസ്താനിലെ ജനങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അധികാരമെന്ന് ഇംറാന്‍ പറഞ്ഞു.

അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നിരുന്നുവെങ്കില്‍ ഇംറാന്‍ ഖാന്‍ പരാജയപ്പെടുമായിരുന്നുവെന്ന് ഏകദേശം ഉറപ്പായിരുന്നു. 176 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു. 342 അംഗ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ സർക്കാറിന് 172 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. ഇംറാന്റെ തെഹ്‍രീകെ ഇൻസാഫ് പാർട്ടിക്ക് (പി.ടി.ഐ) 155 അംഗങ്ങളാണുള്ളത്.

ഏഴ് അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്‍റ്-പാകിസ്താൻ (എം.ക്യു.എം-പി), നാല് അംഗങ്ങളുള്ള ബാലൂചിസ്ഥാൻ അവാമി പാർട്ടി, ഒരു അംഗമുള്ള പി.എം.എൽ-ക്യൂ എന്നിവ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് ഇംറാന്‍റെ നില പരുങ്ങലിലായത്. പി.ടി.ഐയിൽതന്നെ ഇംറാനോട് എതിർപ്പുള്ളവരുണ്ട്.

അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കുമ്പോൾ ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ഇംറാൻ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. തന്നെ പുറത്താക്കാൻ വിദേശശക്തികള്‍ ഗൂഢാലോചന നടത്തുകയാണെന്ന ആരോപണം ഇംറാന്‍ ആവർത്തിച്ചു. പാകിസ്താനിൽ ഒരു പ്രധാനമന്ത്രി പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ല. താന്‍ രാജി വെയ്ക്കില്ലെന്നും അവസാന പന്തു വരെ പോരാടുമെന്നും ഇംറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ന് ഇസ്‍ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരത്തില്‍ 10,000 സൈനികരെ വിന്യസിച്ചു.



Summary- Pakistan Prime Minister Imran Khan, in a rapid turn of events today, asked the Governor to dissolve the national assembly and announced fresh elections ahead of an expected no-trust motion.

TAGS :

Next Story