ജപ്പാനുമുകളിലൂടെ ഉ.കൊറിയയുടെ മിസൈൽ; ജനങ്ങളെ ഒഴിപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി-പരിഭ്രാന്തി
ഉത്തര ജപ്പാനിലെ പൗരന്മാരോട് ഭൂഗർഭ അറകൾ അടക്കമുള്ള സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചിരിക്കുകയാണ് ഭരണകൂടം
ടോക്യോ: ജപ്പാനു മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ. അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഉ.കൊറിയ ജപ്പാനുനേരെ മിസൈൽ വിക്ഷേപിക്കുന്നത്. സംഭവത്തിനു പിന്നാലെ വടക്കൻ ജപ്പാനിലെ പൗരന്മാരോട് ഭൂഗർഭ അറകൾ അടക്കമുള്ള സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഉ.കൊറിയയുടെ അപ്രതീക്ഷിത മിസൈൽ ആക്രമണം. ജപ്പാന്റെ മിസൈൽ നിരീക്ഷണ കേന്ദ്രമാണ് രാജ്യത്തിനു മുകളിലൂടെ മിസൈൽ കടന്നുപോയത് കണ്ടെത്തിയത്. ജപ്പാന്റെ വ്യോമാതിർത്തിയിലൂടെ കടന്നുപോയ മിസൈൽ പസഫിക് സമുദ്രത്തിൽ പതിക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിനു പിന്നാലെയാണ് ജപ്പാൻ പ്രധാനമന്ത്രി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. വടക്കൻ മേഖലയിലുള്ളവർക്കാണ് ജാഗ്രതാ നിർദേശം. കടലിൽ മിസൈൽ പതിച്ച ഭാഗത്തേക്ക് ബോട്ടുകളോ കപ്പലുകളോ അടുക്കരുതെന്നും അറിയിച്ചിട്ടുണ്ട്.
4,500-4,600 കി.മീറ്റർ ദൂരത്തിൽ ആയിരം കി.മീറ്റർ ഉയരത്തിലാണ് മിസൈൽ പറന്നത്. എന്നാൽ, മിസൈൽ തകർക്കാനുള്ള നടപടികളൊന്നും ജപ്പാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആവശ്യമെങ്കിൽ പ്രത്യാക്രമണമുണ്ടാകുമെന്ന് ജപ്പാൻ പ്രിതരോധ മന്ത്രി യാസുകാസു ഹമാദ പ്രതികരിച്ചു. ഉ.കൊറിയുടെ ഭാഗത്തുനിന്നുള്ള നിരന്തര മിസൈൽ പരീക്ഷണങ്ങളുടെയും പ്രകോപനങ്ങളുടെയും പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുകയാണ്. സഖ്യകക്ഷി രാജ്യങ്ങളുമായി ചേർന്ന് സൈനികശക്തി കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.
Summary: Trains stopped and warning for residents to evacuate as North Korea fires ballistic missile over Japan
Adjust Story Font
16