Quantcast

ട്രംപിനെതിരെ മുൻകരുതൽ; യുഎസിനെതിരെ നയം കടുപ്പിക്കാനൊരുങ്ങി ഉത്തര കൊറിയ

കഴിഞ്ഞ തവണ പ്രസിഡന്റായ അവസരത്തിൽ നടന്ന ചർച്ചകൾക്ക് ശേഷം "കിം ജോങ് ഉന്നും താനുമായി പ്രണയത്തിലായെന്ന്" ട്രംപ് പറഞ്ഞിരുന്നു; എന്നാൽ ആണവ ഉപരോധത്തെച്ചൊല്ലി ഇരു രാജ്യങ്ങളും പിന്നീട് തർക്കിച്ച് പിരിയുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-12-30 05:11:10.0

Published:

30 Dec 2024 4:30 AM GMT

ട്രംപിനെതിരെ മുൻകരുതൽ; യുഎസിനെതിരെ നയം കടുപ്പിക്കാനൊരുങ്ങി ഉത്തര കൊറിയ
X

പിയോങ്‌യാങ്: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ.

ട്രംപ് മുമ്പ് പ്രസിഡന്റായ അവസരത്തിൽ കിം ജോങ് ഉന്നുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര കൊറിയയുടെ ആണവനയത്തെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ഈ കൂടിക്കാഴ്ചകൾ. ട്രംപ് രണ്ടാം തവണയും അധികാരമേൽക്കുന്ന അവസരത്തിൽ ഉന്നത നയതന്ത്ര ചർച്ചകൾ ഇരു രാജ്യങ്ങൾ തമ്മിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അധികാരമേറ്റ ഉടൻ യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങളിലേക്കായിരിക്കും ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാൽ യുക്രൈനുമായുള്ള യുദ്ധത്തിനായി റഷ്യയ്ക്ക് സൈനികസഹായം നൽകിയ ഉത്തര കൊറിയൻ നടപടി നയതന്ത്ര ചർച്ചകൾക്ക് വിലങ്ങുതടിയായേക്കാമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

ഉത്തര കൊറിയയിലെ ഭരണ പാർട്ടിയായ വർക്കേഴ്‌സ് പാർട്ടിയുടെ പ്രീനറി യോഗം വെള്ളിയാഴ്ചയാണ് അവസാനിച്ചത്. യോഗത്തിൽ 'കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പൻ സംസ്ഥാനം' എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ സുരക്ഷാ പങ്കാളിത്തം 'ആക്രമത്തിനായുള്ള സൈനിക സംഘമായി വളരുകയാണ്' എന്നും കിം പറഞ്ഞു.

' ഈ വളർച്ച ഏത് നയമാണ് നാം സ്വീകരിക്കേണ്ടതെന്നും ഏത് വഴികളാണ് നാം സ്വീകരിക്കേണ്ടത് എന്നും വ്യക്തമാക്കുന്നു' എന്നും കിം കൂട്ടിച്ചേർത്തു.

ഉത്തര കൊറിയയുടെ താൽപര്യങ്ങളും സുരക്ഷയ്ക്കുമായുള്ള അമേരിക്കൻ വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും കഠിനമായ തന്ത്രമാണ് നടപ്പിലാക്കാൻ പോകുന്നത് എന്നും കിമ്മിന്റെ പ്രസംഗം വ്യക്തമാക്കി.

എന്ത് നയങ്ങളായിരിക്കും യുഎസിനെതിരെ കിം സ്വീകരിക്കുക എന്നതിൽ വ്യക്തതയില്ല. എന്നാൽ പ്രതിരോധ മേഖലയുടെ സാങ്കേതിക ശേഷി വർധിപ്പിക്കുന്നതും, സൈനികരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പദ്ധതികൾ രൂപീകരിക്കുന്നതും കിം മുന്നോട്ടുവെച്ച ആശയങ്ങളിൽ ചിലതാണ്.

വർഷങ്ങളായി തുടർന്നിരുന്ന യുഎസ് - ഉത്തര കൊറിയ ഭീഷണികൾക്കും ആരോപണങ്ങൾക്കും ഒരു പരിധി വരെ അറുതി വരുത്താൻ ട്രംപ് - കിം കൂടിക്കാഴ്ച വഴിയൊരുക്കിയിരുന്നു. 'താനും കിമ്മും തമ്മിൽ പ്രണയത്തിലായി' എന്ന് ട്രംപ് കൂടിക്കാഴ്ചകൾക്ക് ശേഷം പ്രതികരിച്ചിരുന്നു. എന്നാൽ ഉത്തരകൊറിയയ്ക്ക് മേൽ യുഎസ് ചുമത്തിയ ഉപരോധത്തെ ചൊല്ലി ഇവരുടെ ചർച്ചകൾ 2019ൽ പരാജയപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ ഉത്തരകൊറിയ തങ്ങളുടെ ദീർഘദൂര ആണവ മിസൈലുകളുടെ വികസന, പരീക്ഷണ പ്രവർത്തനങ്ങൾ വിപൂലീകരിച്ചിരുന്നു. യുഎസിനും യുഎസിന്റെ സഖ്യകക്ഷികൾക്കെതിരെയും പ്രയോഗിക്കാനാണ് രാജ്യം മിസൈലുകളിൽ പരീക്ഷണം നടത്തിയതെന്നാണ് നിഗമനം. ഇതിന് മറുപടിയെന്നോണം യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ ത്രിരാഷ്ട്ര സഖ്യം സൈനിക അഭ്യാസം നടത്തിയിരുന്നു. ഇതിനെതിരെ ഉത്തരകൊറിയ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ആണവ ഉപരോധത്തിൽ നിന്നും ഉത്തര കൊറിയയെ സ്വതന്ത്രമാക്കാനാണ് റഷ്യയുമായി രാജ്യം സൈനിക സഹകരണം ശക്തമാക്കുന്നത്.

പതിനായിരം സൈനികരെയും ആയുധങ്ങളെയും ഉത്തര കൊറിയ യുക്രൈനെതിരെ പോരാടാൻ റഷ്യയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് യുക്രൈൻ്റെയും, യുഎസിൻ്റെയും, ദക്ഷിണ കൊറിയയുടെയും നിഗമനം. ഈ സൈനികസഹായത്തിന് മറുപടിയായി ഉത്തര കൊറിയയ്ക്ക് ആണവ ആയുധങ്ങൾ നിർമിക്കാനുള്ളതടക്കം നൂതന ആയുധ സഹായങ്ങൾ റഷ്യ നൽകുമെന്നും നിഗമനമുണ്ട്.

ഇതിനിടെ യുക്രൈനുമായി യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. വ്യവസ്ഥകളില്ലാതെ യുക്രൈനിയൻ അധികൃതരുമായും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ചർച്ചകൾ ആരംഭിക്കാൻ തയ്യാറാണെന്നാണ് പുടിന്റെ പരാമർശം. നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം എത്രയും വേഗം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

TAGS :

Next Story