ഹോളിവുഡ് സിനിമകൾ കണ്ടാൽ കുട്ടികള്‍ക്ക് അഞ്ചുവര്‍ഷം ജയില്‍ ശിക്ഷ; കടുത്ത ശിക്ഷാനടപടിയുമായി ഉത്തരകൊറിയ
ദക്ഷിണ കൊറിയൻ സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ആറ് മാസം നിർബന്ധമായും ലേബർ ക്യാമ്പില്‍ കഴിയേണ്ടിവരും
പ്യോങ് യാങ്: ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് ഉത്തരകൊറിയ. ഹോളിവുഡ് സിനിമകൾ കുട്ടികൾ കണ്ടാൽ മാതാപിതാക്കളെ ജയിലിലടക്കുമെന്നാണ് ഉത്തര കൊറിയ ജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ്. ഹോളിവുഡ്, ദക്ഷിണ കൊറിയൻ സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾ നിർബന്ധിത ലേബർ ക്യാമ്പിൽ ആറ് മാസം കഴിയേണ്ടി വരും. സിനിമ കണ്ട കുട്ടികൾക്ക് അഞ്ച് വർഷത്തെ തടവ് അനുഭവിക്കേണ്ടിവരുമെന്നും 'മിറർ' റിപ്പോർട്ട് ചെയ്തു.
ഇതിന് മുമ്പ് ഇത്തരം 'കുറ്റകൃത്യം' കണ്ടെത്തിയാൽ രക്ഷിതാക്കൾക്ക് കർശന താക്കീത് മാത്രമായിരുന്നു നൽകിയിരുന്നത്. ഇത്തവണ പാശ്ചാത്യ സംസ്‌കാരത്തിന് അടിമപ്പെടുന്ന കുട്ടികളുള്ള മാതാപിതാക്കളോട് ഒരു ദയയും കാണിക്കില്ലെന്നാണ് ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്. ഉത്തരകൊറിയയിലെ ഓരോ വീടുകളിലും നിരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും 'മിറർ' റിപ്പോർട്ട് ചെയ്തു. അനധികൃതമായി സിനിമകൾ കൈവശം വയ്ക്കുന്ന കുടുംബത്തോട് ഇനി കരുണ കാണിക്കില്ലെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയതായി റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തു.
കിം ജോങ് ഉന്നിന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് അനുസൃതമായി കുട്ടികളെ ശരിയായി വളർത്താൻ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നൃത്തം, സംഗീതം തുടങ്ങിയവക്കും ഉത്തരകൊറിയയിൽ വിലക്കുണ്ട്. 'ദക്ഷിണ കൊറിയക്കാരനെപ്പോലെ പ്രകടനം പൊതു സ്ഥലത്ത് കലാപ്രകടനം നടത്തുന്നവർക്കും മാതാപിതാക്കളെ പോലെ ആറുമാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഉത്തര കൊറിയയിലെ യുവജനങ്ങൾ മറ്റ് രാജ്യങ്ങളുടെ മൂല്യങ്ങള്‍ പിന്തുടരുമോ എന്ന ഭയത്തിലാണ് ഈ അടിച്ചമർത്തൽ.
കൊറിയന്‍ ഡ്രാമകള്‍ കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയയിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, ദക്ഷിണ കൊറിയൻ, അമേരിക്കൻ സിനിമകൾ കണ്ടതിന് രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളെ വധിച്ചിരുന്നു. നാട്ടുകാർക്ക് മുന്നിൽ വെച്ചാണ് കൗമാരക്കാരെ വധിച്ചത്.
Adjust Story Font
16