ഉത്തര കൊറിയയിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ്; കിമ്മിന്റെ ചിത്രങ്ങൾ സംരക്ഷിക്കാൻ കർശന നിർദേശം
കിം വംശത്തിന്റെ പൈതൃകം വെളിവാക്കുന്ന പ്രതിമകൾ, ചുവർചിത്രങ്ങൾ, സ്മാരകങ്ങൾ എന്നിവ സംരക്ഷിക്കാനും നിർദേശമുണ്ട്.
സോൾ: ഉത്തര കൊറിയയിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഖനൂൻ വീശിയടിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ വിചിത്ര നിർദേശവുമായി ഭരണകൂടം. കിം ജോങ് ഉന്നിന്റെ ഛായാചിത്രങ്ങൾ സംരക്ഷിക്കണമെന്നാണ് രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന കർശന നിർദേശം. ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ റോഡോങ് സിൻമുൻ ആണ് ഇക്കാര്യം അറിയിച്ചത്.
കിം ജോങ് ഉൻ, പിതാവ് കിം ജോങ് ഇൽ, ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇൽ സങ് എന്നിവരുടെ ഛായാചിത്രങ്ങൾ കനത്ത മഴയിലും ശക്തമായ കാറ്റിലും സംരക്ഷിക്കണമെന്നാണ് നിർദേശം. കിം വംശത്തിന്റെ പൈതൃകം വെളിവാക്കുന്ന പ്രതിമകൾ, ചുവർചിത്രങ്ങൾ, സ്മാരകങ്ങൾ എന്നിവയുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ഇവയ്ക്ക് കേടുപാടുണ്ടായാൽ വധശിക്ഷയ്ക്ക് ഉൾപ്പെടെ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഖനൂൻ അടുത്തിടെയാണ് കൊറിയൻ ഉപദ്വീപിൽ കര തൊട്ടത്. ഉത്തര കൊറിയയിൽ പ്രളയസാധ്യത ഉൾപ്പെടെ പ്രവചിക്കുന്ന സാഹചര്യത്തിൽ കൊടുങ്കാറ്റ് വ്യാപകനാശമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് ഉത്തര കൊറിയയിലെ ഔദ്യോഗിക വാർത്ത ഏജൻസിയായ കെസിഎൻഎ അറിയിച്ചു. ദക്ഷിണ കൊറിയയിൽ ഇതിനോടകം തന്നെ ഖനൂൻ നാശംവിതച്ചിരുന്നു.
Adjust Story Font
16