രണ്ടാഴ്ചയായി പുതിയ രോഗികളില്ല; കോവിഡ് പോരാട്ടത്തില്‍ 'തിളങ്ങുന്ന വിജയം' പ്രഖ്യാപിച്ച് കിം ജോങ് ഉന്‍
ആരോഗ്യ പ്രവർത്തകരുമായും ശാസ്ത്രജ്ഞരുമായും ഒരു മീറ്റിംഗിൽ അധ്യക്ഷത വഹിച്ച കിം, 'മഹാമാരിക്കെതിരായ യുദ്ധത്തിൽ വിജയം പ്രഖ്യാപിച്ചുവെന്ന്' സർക്കാർ വാർത്താ ഏജൻസിയായ കെ.സി.എൻഎ റിപ്പോർട്ട് ചെയ്യുന്നു
സിയോള്‍: കോവിഡിനെതിരായ പോരാട്ടത്തില്‍ ഉത്തര കൊറിയ 'തിളങ്ങുന്ന വിജയം' നേടിയതായി ഭരണാധികാരി കിം ജോങ് ഉന്‍. രണ്ടാഴ്ചയായി പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് കിമ്മിന്‍റെ പ്രഖ്യാപനം.
ആരോഗ്യ പ്രവർത്തകരുമായും ശാസ്ത്രജ്ഞരുമായും ഒരു മീറ്റിംഗിൽ അധ്യക്ഷത വഹിച്ച കിം, 'മഹാമാരിക്കെതിരായ യുദ്ധത്തിൽ വിജയം പ്രഖ്യാപിച്ചുവെന്ന്' സർക്കാർ വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. "നമ്മുടെ ജനങ്ങൾ നേടിയ വിജയം, നമ്മുടെ രാഷ്ട്രത്തിന്‍റെ മഹത്വവും നമ്മുടെ ജനങ്ങളുടെ അദമ്യമായ ദൃഢതയും നാം അഭിമാനിക്കുന്ന മനോഹരമായ ദേശീയ ആചാരങ്ങളും എന്താണെന്ന് ഒരിക്കൽ കൂടി ലോകത്തിന് കാണിച്ചുകൊടുത്ത ഒരു ചരിത്ര സംഭവമാണ്" എന്ന് കിം പറഞ്ഞു. കിമ്മിന്‍റെ പ്രസംഗത്തിനൊടുവിൽ യോഗത്തില്‍ പങ്കെടുത്തവര്‍ 'ഹുറേ' എന്ന് ഉച്ചത്തില്‍ ആര്‍പ്പുവിളിച്ചു. പങ്കെടുത്തവരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കിം ഒരു ഫോട്ടോ സെഷനും നടത്തി. അത് അവരെ വലിയ ആവേശത്തിലും സന്തോഷത്തിലുമാഴ്ത്തി.
കോവിഡ് പൊട്ടിപ്പുറപ്പെട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒരു അണുബാധ പോലും ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട ഉത്തരകൊറിയയില്‍ കഴിഞ്ഞ മേയിലാണ് തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു. ജൂലൈ 29 മുതൽ, പ്യോങ്‌യാങില്‍ പുതിയ വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല. ഏപ്രിൽ അവസാനം മുതൽ ഉത്തര കൊറിയയിൽ ഏകദേശം 4.8 ദശലക്ഷം അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കെ.സി.എൻ.എയുടെ കണക്കനുസരിച്ച് 74 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മോശം സജ്ജീകരണങ്ങളുള്ള ആശുപത്രികളും കുറച്ച് തീവ്രപരിചരണ വിഭാഗങ്ങളും കോവിഡ് ചികിത്സാ മരുന്നുകളോ വാക്സിനുകളോ ഇല്ലാത്ത ലോകത്തിലെ ഏറ്റവും മോശം ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൊന്നാണ് രാജ്യത്തുള്ളതെന്ന് വിദഗ്ധർ പറയുന്നു. ഇതിനു വിപരീതമാണ് ദക്ഷിണ കൊറിയ. നൂതന ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ഉയർന്ന വാക്സിനേഷൻ നിരക്കുമാണ് ദക്ഷിണ കൊറിയയില്‍. ഔദ്യോഗിക കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണനിരക്ക് 0.12 ശതമാനമാണ്.
Adjust Story Font
16