Quantcast

നെതന്യാഹുവിനെ അറസ്റ്റ്​ ചെയ്യുമെന്ന മുന്നറിയിപ്പുമായി നോർവെ

ഐ.സി.സിയുടെ അറസ്റ്റ് വാറന്റ് വന്നതിന് പിന്നലെയാണ് നോർവെ നിലപാട് വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    21 May 2024 6:16 PM

Benjamin Netanyahu
X

നെതന്യാഹു

ഓസ്ലോ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ്​ ചെയ്യുമെന്ന മുന്നറിയിപ്പുമായി നോർവെ. അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ് വന്നതിന് പിന്നലെയാണ് നോർവെ നിലപാട് വ്യക്തമാക്കിയത്. ഗസ്സ ആക്രമണത്തിലാണ് ഐ.സി.സി നടപടി. ദക്ഷിണാഫ്രിക്കയും ബെല്‍ജിയവും വാറന്‍റിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും യഹ്‌യ സിൻവാർ ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഇസ്രായേലിലും തുടർന്ന് ഗസ്സയിലും നടന്ന ആക്രമണങ്ങളിലാണ് ഐ.സി.സിയുടെ നടപടിയെന്ന് ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ അറിയിച്ചു. അൽഖസ്സാം ബ്രിഗേഡ് തലവനും മുഹമ്മദ് ദൈഫ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽമസ്രി, ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഈൽ ഹനിയ്യ എന്നിവരാണ് അറസ്റ്റ് വാറന്റ് നേരിടുന്ന മറ്റ് ഹമാസ് നേതാക്കൾ.

പട്ടിണി ആയുധമാക്കി ജനങ്ങളെ കൂട്ടക്കുരുതി നടത്തിയെന്നാണ് നെതന്യാഹുവിനും ഗാലന്റിനുമെതിരായ പ്രധാന കുറ്റങ്ങൾ. ഗസ്സയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തി, പ്രദേശത്തേക്കുള്ള മാനുഷിക സഹായങ്ങൾ തടഞ്ഞു തുടങ്ങിയ കുറ്റങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊലപാതകം, ബന്ദിയാക്കൽ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ഹമാസ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതാദ്യമായാണ് യു.എസിന്റെ ഉറ്റ കൂട്ടാളിയായ ഒരു രാജ്യത്തിന്റെ തലവനെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അടുത്തിടെ, യുക്രൈൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ ഐ.സി.സി വാറന്റ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം അസോഷിയേറ്റഡ് പ്രസിനുള്ള സംപ്രേക്ഷണവിലക്ക് പിൻവലിക്കണമെന്ന് ഇസ്രായേലിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഗസ്സയിലെ യുദ്ധസംപ്രേക്ഷണം നിർത്തി വെക്കുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത ഇസ്രായേൽ സൈനിക നടപടി ശരിയായില്ലെന്നും അമേരിക്ക വ്യക്തമാക്കി. അൽ ജസീറയല്ല അസോഷിയേറ്റഡ്​ പ്രസെന്ന് പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ്​ പറഞ്ഞു.

TAGS :

Next Story