'ഇസ്രായേലിന് സ്വയം പ്രതിരോധിക്കാം, എന്നാൽ ഗസ്സയ്ക്ക് മേലുള്ള ഉപരോധം അംഗീകരിക്കാനാവില്ല': നോർവെ
"ഗസ്സയുടെ തകർച്ച വളരെ വലുതാണ്. അതിർത്തി അടച്ചിട്ട് ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഗസ്സ ജനത വരും ദിവസങ്ങളിൽ ഇനിയും വലിയ ദുരിതമനുഭവിക്കേണ്ടി വരുമെന്ന് ഭയക്കുന്നു"
ഒസ്‌ലോ: ഗസ്സയിലെ ഇസ്രായേൽ ഉപരോധം അംഗീകരിക്കാനാവില്ലെന്ന് നോർവെ. സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ടെന്നും എന്നാൽ വൈദ്യുതിയും വെള്ളവും ഭക്ഷണവുമൊക്കെ തടഞ്ഞ് ഗസ്സയ്ക്ക് മേൽ ഇസ്രായേൽ തീർത്തിരിക്കുന്ന ഉപരോധത്തെ എതിർക്കുന്നുവെന്നും നോർവീജിയൻ വിദേശകാര്യ മന്ത്രി അനികൻ ഹ്യൂട്ട്‌ഫെൽറ്റ് പ്രസ്താവനയിൽ അറിയിച്ചു.
"സായുധാക്രമണത്തെ പ്രതിരോധിക്കാൻ പൂർണ അവകാശം ഇസ്രായേലിനുണ്ട്. പക്ഷേ പ്രതിരോധമുറകളെല്ലാം അന്താരാഷ്ട്ര നിയമമനുസരിച്ചുള്ളതായിരിക്കണം. ഗസ്സയുടെ തകർച്ച വളരെ വലുതാണ്. സാധാരണക്കാരായ അനേകം ജനങ്ങൾ കൊല്ലപ്പെട്ടു. അതിർത്തി അടച്ചിട്ട് ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഗസ്സ ജനത വരും ദിവസങ്ങളിൽ ഇനിയും വലിയ ദുരിതമനുഭവിക്കേണ്ടി വരുമെന്ന് ഭയക്കുന്നു.
വൈദ്യുതിയില്ലാതെ, ഭക്ഷണമോ വെള്ളമോ കിട്ടാതെ ഗസ്സക്കാർ അനുഭവിക്കുന്ന പൂർണ ഉപരോധം അംഗീകരിക്കാനേ കഴിയില്ല. ഗസ്സയ്ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം കൂടി നിലച്ചാൽ അവരുടെ നില അതീവ ഗുരുതരമായിരിക്കും. നിലവിലെ സ്ഥിതി കൂടുതൽ രൂക്ഷമാകാതിരിക്കാൻ ആരെന്ത് നീക്കവുമായി മുന്നോട്ട് പോയാലും നോർവെ പിന്തുണയ്ക്കും. ഇസ്രായേലികളും ഫലസ്തീനികളും തമ്മിലുള്ള രാഷ്ട്രീയപരമായ നീക്കത്തിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാനാവൂ". ഹ്യൂട്ട്‌ഫെൽറ്റ് കൂട്ടിച്ചേർത്തു.
അതേസമയം ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. ഗസ്സയിലെ വെള്ളം മണിക്കൂറുകൾക്കുള്ളിൽ തീരുമെന്നാണ് യുഎൻ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. യുഎൻ ക്യാമ്പുകളിൽ ഇതിനോടകം തന്നെ വെള്ളം തീർന്നു. ഇതുവരെ 2215 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 28 ആരോഗ്യപ്രവർത്തകരുമുണ്ട്.
Adjust Story Font
16