Quantcast

'പടിഞ്ഞാറൻ മാധ്യമങ്ങൾ ചിത്രീകരിക്കുന്ന പോലെയല്ല ഷിൻജിയാങ്ങിലെ സ്ഥിതിഗതികൾ'; ഉയിഗൂർ വേട്ടയിൽ ചൈനയെ ന്യായീകരിച്ച് ഇമ്രാൻ ഖാൻ

സി.എൻ.എന്നിനു വേണ്ടി ഫരീദ് സകരിയ നടത്തിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഷിൻജിയാങ്ങിലെ മുസ്‌ലിം വേട്ടയെക്കുറിച്ചുള്ള വാർത്തകൾ തള്ളിക്കളഞ്ഞത്

MediaOne Logo

Web Desk

  • Published:

    14 Feb 2022 10:30 AM GMT

പടിഞ്ഞാറൻ മാധ്യമങ്ങൾ ചിത്രീകരിക്കുന്ന പോലെയല്ല ഷിൻജിയാങ്ങിലെ സ്ഥിതിഗതികൾ; ഉയിഗൂർ വേട്ടയിൽ ചൈനയെ ന്യായീകരിച്ച് ഇമ്രാൻ ഖാൻ
X

ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ഉയിഗൂർ മുസ്‍ലിംകൾക്കെതിരെ നടക്കുന്ന വേട്ടയെ തള്ളി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പടിഞ്ഞാറൻ മാധ്യമങ്ങൾ അവതരിപ്പിക്കുന്ന പോലെയല്ല ഷിൻജിയാങ്ങിലെ സാഹചര്യമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

സി.എൻ.എന്നിനു വേണ്ടി ഫരീദ് സകരിയ നടത്തിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ചൈനയെ പ്രതിരോധിച്ച് വാദങ്ങൾ അവതരിപ്പിച്ചത്. ചൈനയിലെ പാക് അംബാസഡർ മോയിനുൽ ഹഖ് ഷിൻജിയാങ് സന്ദർശിച്ച് അവിടത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. പടിഞ്ഞാറൻ മാധ്യമങ്ങൾ ചിത്രീകരിക്കുന്ന പോലെയല്ല അവിടത്തെ സാഹചര്യങ്ങളെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടതാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഷിൻജിയാങ് വിഷയത്തിൽ പാകിസ്താൻ ചൈനയ്ക്ക് പിന്തുണ ഉറപ്പാക്കിയതിനു പിന്നാലെയാണ് ഇമ്രാൻ ഖാന്റെ വിശദീകരണം.

തായ്‌വാൻ, ദക്ഷിണ ചൈനാ കടൽ, ഹോങ്കോങ്, ഷിൻജിയാങ്, ടിബറ്റ് അടങ്ങുന്ന വിവാദ വിഷയങ്ങളിലെല്ലാം ചൈനയെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം പാകിസ്താൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ പുറത്തിറക്കിയ സംയുക്ത വാർത്താകുറിപ്പിലായിരുന്നു പാകിസ്താൻ നിലപാട് വ്യക്തമാക്കിയത്.

ഷിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആഗോളതലത്തിൽ ആശങ്ക ഉയരുന്നതിനിടെയാണ് പാകിസ്താന്റെ നിലപാട് പ്രഖ്യാപനം. ഷിൻജിയാങ് വിഷയം ചൂണ്ടിക്കാട്ടി ചൈനയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് 243 അന്താരാഷ്ട്ര സംഘടനകൾ രംഗത്തെത്തിയിരുന്നു.

Summary: 'Not like what Western media portrays': Imran Khan defends China's Uyghur oppression

TAGS :

Next Story