ആണവ കരാർ തീരുമാനം ഉടൻ; ഇറാൻ രേഖാമൂലം പ്രതികരണം കൈമാറി
കരാർ പുന:സ്ഥാപിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.
ടെഹ്റാൻ: ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ സമർപ്പിച്ച പുതിയ നിർദേശത്തിൽ ഇറാൻ രേഖാമൂലം പ്രതികരണം കൈമാറി. ഉപരോധം പൂർണമായും നീക്കം ചെയ്യുക, ഏതെങ്കിലും രാജ്യം കരാർ ലംഘിച്ചാൽ വൻതുക നഷ്ട പരിഹാരം നൽകുക എന്നീ നിർദ്ദേശങ്ങൾ ഇറാൻ മുന്നോട്ടു വെച്ചതായാണ് വിവരം. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇറാന്റെ പ്രതികരണം വിലയിരുത്തി വരികയാണ്.
2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുതകുന്ന ഏറ്റവും പുതിയ നിർദേശത്തോട് യാഥാർഥ്യബോധം കലർന്ന പ്രതികരണമാണ് തങ്ങൾ കൈമാറിയ രേഖയിലുള്ളതെന്ന് ഇറാൻ അറിയിച്ചു. അമേരിക്കയാണ് ഇനി തീരുമാനം കൈക്കൊള്ളേണ്ടതെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ പ്രതികരണം വിശദമായി പരിശോധിച്ചു വരികയാണെന്ന് യുഎസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. കരാർ പുന:സ്ഥാപിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയനും പ്രതികരിച്ചു.
പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നത്. അവയിൽ കാര്യമായ ചില വിട്ടുവീഴ്ചകൾക്ക് ഇറാൻ സന്നദ്ധമായെന്നാണ് റിപ്പോർട്ട്. അതേസമയം, ഒപ്പുവെച്ച രാജ്യം പിൻവാങ്ങിയാൽ നഷ്ടപരിഹാര പാക്കേജ് വേണമെന്ന ഇറാന്റെ നിർദേശത്തോട് അമേരിക്ക എന്തു നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്. ഇത് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ച വിയന്നയിൽ ചേരുന്ന മന്ത്രിതല സമിതി യോഗത്തിലുണ്ടായേക്കും. ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം എണ്ണവിപണി ഉൾപ്പെടെ പല മേഖലകളിലും നിർണായകമായിരിക്കും.
Adjust Story Font
16