Quantcast

ശമ്പള വർധനവില്ല കൂടെ ജോലിഭാരവും: ന്യൂയോർക്കിൽ നഴ്‌സുമാർ സമരത്തിൽ

ന്യൂയോർക്കിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളിലെ 7100 നഴ്‌സുമാരാണ് സമരം ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-11 05:04:24.0

Published:

11 Jan 2023 5:03 AM GMT

nurse strike america
X

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നഴ്സുമാര്‍ സമരത്തില്‍. ന്യൂയോർക്കിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളിലെ 7100 നഴ്സുമാരാണ് സമരം ചെയ്യുന്നത്. വേതന വര്‍ധനവ്, കൂടുതല്‍ നഴ്സുമാരെ നിയമിക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ദി ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സമരം. മോണ്ടെഫിയോർ മെഡിക്കൽ സെന്ററിലെ 3500 നഴ്സുമാരും മൗണ്ട് സിനായ് ആശുപത്രിയിലെ 3600 നഴ്സുമാരുമാണ് പണിമുടക്കുന്നത്.

ആവശ്യത്തിനു നഴ്സുമാർ ഇല്ലാത്തത് ജോലിഭാരം വർധിപ്പിച്ച സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങേണ്ടിവന്നതെന്ന് ദി ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു- "നഴ്‌സുമാർ പണിമുടക്കാൻ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ നഴ്സുമാരെ നിയമിക്കണമെന്ന് ഉള്‍പ്പെടെയുള്ള ഞങ്ങളുടെ നിര്‍ദേശങ്ങള്‍ മേലധികാരികള്‍ അവഗണിച്ചതിനാലാണ് സമരം ചെയ്യേണ്ടിവരുന്നത്".

"ഞങ്ങൾ ക്ഷീണിതരാണ്. ജോലിഭാരം കാരണം മടുത്തു. സ്ഥിതി കൂടുതല്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്"- സഫീ സെസെ എന്ന എമർജൻസി റൂം നഴ്‌സ് പറഞ്ഞു. ചര്‍ച്ചയിലൂടെ എല്ലാം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മൌണ്ട് സിനായ് ആശുപത്രി വക്താവ് ലീസിയ ലീ പ്രതികരിച്ചു. അടുത്ത മൂന്ന് വർഷങ്ങളിൽ യഥാക്രമം 7%, 6%, 5% എന്നിങ്ങനെയുള്ള ശമ്പള വർധനവാണ് ആശുപത്രികള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനിടെ മറ്റ് ആശുപത്രികൾ വേതന വർധന ഉറപ്പാക്കി യൂണിയനുമായി പുതിയ കരാർ ഉണ്ടാക്കിയതിനാൽ സമരം വ്യാപിക്കാനിടയില്ല.

ശമ്പള വര്‍ധനവിനൊപ്പം നഴ്സുമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. കോവിഡ് കാലത്തെ സേവനത്തിന് ഹീറോകളെന്ന് വാഴ്ത്തപ്പെട്ട നഴ്സുമാര്‍ക്കാണ് ഇപ്പോള്‍ സമരം ചെയ്യേണ്ടിവരുന്നത്. നഴ്സ് സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് ചെയ്യുന്നത്. രോഗികളുമായെത്തുന്ന ആംബുലൻസുകൾ മറ്റ് മെഡിക്കൽ സെന്ററുകളിലേക്ക് തിരിച്ചുവിട്ടു. താൽക്കാലിക ജീവനക്കാരെ പല വാര്‍ഡുകളിലും നിയോഗിച്ചിരിക്കുകയാണ്.


TAGS :

Next Story