അമേരിക്കയിലെ ആദ്യ മുസ്‌ലിം വനിത ഫെഡറൽ ജഡ്ജിയായി ചരിത്രം കുറിച്ച് നുസ്രത് ചൗധരി
2022 ജനുവരിയിലാണ് പ്രസിഡന്റ് ജോ ബൈഡൻ ചൗധരിയെ ഫെഡറൽ ബെഞ്ചിലേക്ക് നാമനിർദേശം ചെയ്തത്
ന്യൂയോർക്ക്: അമേരിക്കൻ നീതിന്യായ ചരിത്രത്തിലാദ്യമായി ഒരു മുസ്‌ലിം വനിതയെ ഫെഡറൽ ജഡ്ജിയായി സെനറ്റ് തിരഞ്ഞെടുത്തു. ബംഗ്ലാദേശ് വംശജയായ പൗരാവകാശ പ്രവർത്തക നുസ്രത് ജഹാൻ ചൗധരിക്കാണ് ഈ അപൂർവ നേട്ടം. കിഴക്കൻ ന്യൂയോർക്കിലെ ജില്ലാകോടതിയിലാണ് നുസ്രത് ചൗധരി ജഡ്ജിയായി സ്ഥാനമേൽക്കുന്നത്.
2022 ജനുവരിയിലാണ് പ്രസിഡന്റ് ജോ ബൈഡൻ ചൗധരിയെ ഫെഡറൽ ബെഞ്ചിലേക്ക് നാമനിർദേശം ചെയ്തത്. ആദ്യ ബഗ്ലാദേശി-അമേരിക്കൻ ഫെഡറൽ ജഡ്ജിയായ ചൗധരിക്ക് 49 ന് എതിരെ 50 വോട്ടാണ് ലഭിച്ചത്. ഇല്ലിനോയിസിലെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ (എ.സി.എൽ.യു) ലീഗൽ ഡയറക്ടറായിരുന്ന ചൗധരി വംശീയ വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ നിയമസഹായം നൽകുന്ന റേഷ്യൽ ജസ്റ്റിസ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്ടർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്.
അമേരിക്കയിലെ ആദ്യ മുസ്‌ലീം ജഡ്ജിയെ നിയമിച്ചതും ബൈഡൻ സർക്കാറായിരുന്നു. 2021 ലാണ് പാക്കിസ്താൻ വംശജനായ സാഹിദ് ഖുറേശിയെ ന്യൂ ജേഴ്‌സി ട്രെയൽ കോടതിയിൽ ജഡ്ജിയായി നിയമിച്ചത്.
Adjust Story Font
16