Quantcast

അധിനിവിഷ്ട സമൂഹത്തിന് സായുധ പ്രതിരോധത്തിന് അവകാശമുണ്ടോ?; യു.എൻ പറയുന്നത് ഇങ്ങനെ

അധിനിവേശ ശക്തികൾക്കെതിരെ ഏത് തരത്തിലുള്ള പ്രതിരോധത്തിനും ഇരകൾക്ക് അവകാശമുണ്ടെന്ന് യു.എൻ ജനറൽ അസംബ്ലി പ്രമേയം പറയുന്നു.

MediaOne Logo

Web Desk

  • Published:

    14 Oct 2023 1:10 PM GMT

Occipied people has right for self defence?
X

ഫലസ്തീനെതിരെ എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണം ഒരാഴ്ച പിന്നിടുകയാണ്. ഫലസ്തീൻ ജനത നടത്തുന്ന സായുധ പ്രതിരോധത്തിന് എന്തെങ്കിലും ന്യായീകരണമുണ്ടോ എന്നാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണമാണ് തിരിച്ചടിക്ക് കാരണമെന്നും അത് ചോദിച്ചു വാങ്ങിയതാണെന്നും ന്യായീകരിക്കുന്നുവരുണ്ട്. ഹമാസിനെ നിരായൂധികരിക്കലാണ് പരിഹാരമെന്നും ഹമാസ് പോരാളികൾ തീവ്രവാദികളാണെന്നും പറയുന്നവരുണ്ട്.

എന്നാൽ സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനായി ഇസ്രായേലിനെതിരെ ഏത് തരത്തിലുള്ള പോരാട്ടത്തിനും ഫലസ്തീന് അർഹതയുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. താൽക്കാലികമായിട്ടാണെങ്കിൽ പോലും ഒരു തരത്തിലുള്ള സൈനിക അധിനിവേശവും പാടില്ലെന്ന് 1974ലെ യു.എൻ ജനറൽ അസംബ്ലി പ്രമേയം പറയുന്നു.

അധിനിവേശ ശക്തികൾക്കെതിരെ ഏത് തരത്തിലുള്ള പ്രതിരോധത്തിനും ഇരകൾക്ക് അവകാശമുണ്ടെന്ന് യു.എൻ ജനറൽ അസംബ്ലി പ്രമേയം 37/43 പറയുന്നു. സ്വാതന്ത്ര്യത്തിനും ദേശീയ ഐക്യത്തിനും വേണ്ടി വിദേശ കൊളോണിയൽ ശക്തികളുടെ അധിനിവേശത്തിനെതിരെ സായുധ സമരമടക്കം സാധ്യമായ എല്ലാ രീതിയിലും പോരാടാൻ അവകാശമുണ്ടന്നാണ് യു.എൻ പ്രമേയത്തിൽ പറയുന്നത്.

ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് സയണിസ്റ്റ് സംഘടനകളും ബ്രിട്ടീഷ് പൊലീസുകാർക്കെതിരെ സായുധ പോരാട്ടങ്ങൾ നടത്തിയിരുന്നു. 1938 ഏപ്രിൽ 12ന് സയണിസ്റ്റ് സംഘടനയായ ഇർഗൺ ഹൈഫയിലെ ഒരു ട്രെയിനിൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് ബ്രിട്ടീഷ് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. 1939 ആഗസ്റ്റ് 29ന് ഇർഗൺ നടത്തിയ മൈൻ ആക്രമണത്തിൽ ജറുസലേമിൽ രണ്ട് ബ്രിട്ടീഷ് ഓഫീസർമാർ കൊല്ലപ്പെട്ടു.

1944 ഫെബ്രുവരി 14ന് ഹൈഫയിൽ പോസ്റ്ററുകൾ പതിക്കുകയായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച രണ്ട് പൊലീസ് കോൺസറ്റബിൾമാർ വെടിയേറ്റു മരിച്ചിരുന്നു. 1944 സെപ്റ്റംബർ 27ന് ഇർഗൺ ഗ്രൂപ്പിൽ പെട്ട 100 അംഗങ്ങൾ നാല് ബ്രിട്ടീഷ് പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ചിരുന്നു. നൂറുകണക്കിന് പൊലീസുകാർക്കാണ് ഇതിൽ പരിക്കേറ്റത്. രണ്ട് ദിവസം കഴിഞ്ഞ് ക്രിമിനൽ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു.

1947 ജനുവരി 12ന് പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിന് നേരെ നടത്തിയ ആക്രമണത്തിൽ നാല് ബ്രിട്ടീഷ് പൊലീസ് ഓഫീസർമാരാണ് കൊല്ലപ്പെട്ടത്. ഇക്കാലയളവിൽ ബ്രിട്ടീഷ് സൈനിക കേന്ദ്രങ്ങൾക്കെതിരെയും സർക്കാർ ഓഫീസുകൾ, കപ്പലുകൾ തുടങ്ങിയവക്ക് നേരെയും വ്യാപകമായ ആക്രമണമാണ് സയണിസ്റ്റ് തീവ്രവാദ സംഘടനകൾ നടത്തിയത്. അധിനിവേശകർക്കെതിരായ പോരാട്ടമെന്നാണ് അന്ന് സയണിസ്റ്റുകൾ ഇതിനെ ന്യായീകരിച്ചത്.

ഇസ്രായേൽ ഗസ്സയും വെസ്റ്റ് ബാങ്കും അടക്കമുള്ള ഫലസ്തീൻ പ്രദേശങ്ങളിൽ തുടർച്ചയായി നടത്തുന്ന അധിനിവേശത്തെ മുൻനിർത്തി മാത്രമേ ഇപ്പോൾ നടക്കുന്ന യുദ്ധത്തെയും വിലയിരുത്താനാവൂ.

TAGS :

Next Story