ഒമിക്രോൺ ഭീതി അകലുന്നു; രാത്രികാല കർഫ്യൂ ഒഴിവാക്കി ദക്ഷിണാഫ്രിക്ക
അതിവ്യാപന ശേഷിയുണ്ടെങ്കിലും ഒമിക്രോൺ ബാധിച്ച് ഒരാൾ മാത്രമാണ് ഇതുവരെ ലോകത്ത് മരിച്ചതെന്ന ആശ്വാസ കണക്കാണ് അധികൃതരെ ഈ തീരുമാനത്തിലെത്തിച്ചത്
ലോകത്ത് ആദ്യമായി കോവിഡിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ ഭീതി അകലുന്നു. രോഗബാധ റിപ്പോർട്ട് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ പല നിയന്ത്രണങ്ങളും അധികൃതർ നീക്കി തുടങ്ങി. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതിന് ശേഷം നടപ്പാക്കിയ രാത്രി കർഫ്യൂ പൂർണമായും ഒഴിവാക്കി. അതിവ്യാപന ശേഷിയുണ്ടെങ്കിലും ഒമിക്രോൺ ബാധിച്ച് ഒരാൾ മാത്രമാണ് ഇതുവരെ ലോകത്ത് മരിച്ചതെന്ന ആശ്വാസ കണക്കാണ് അധികൃതരെ ഈ തീരുമാനത്തിലെത്തിച്ചത്.
ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വ്യാപനം ഇപ്പോൾ ഉച്ചസ്ഥായിയിൽ ആണെങ്കിലും ഉടനെ കേസുകളിൽ വലിയ ഇടിവ് ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ജീവിക്കണമെന്നും പ്രസിഡണ്ട് റമപ്പോസയുടെ ഓഫീസിന്റെ നിർദേശമുണ്ട്. കഴിഞ്ഞയാഴ്ചയിലെ രോഗബാധിതരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ കേസുകളിൽ 30% ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം ഇതിനോടകം 100 ൽ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലും ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 1525 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒമിക്രോൺ കേസുകൾ കൂടുതൽ മഹാരാഷ്ട്രയിൽ-460 ആണ്. ഡൽഹിയിൽ 351 ഉം ഗുജറാത്തിൽ 136 ഉം ഒമിക്രോൺ കേസുകളുണ്ട്.
ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ വ്യാപിച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്തോടെ രാജ്യത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം നൽകിയിട്ടുമുണ്ട്. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കാനും ഗ്രാമീണ മേഖലയ്ക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
Adjust Story Font
16