'ഒമിക്രോൺ': ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കി
ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളിലും പുതുതായി ഒമൈക്രോൺ സ്ഥിരീകരിച്ചതോടെ ഗൾഫിലും ആശങ്ക ശക്തമാണ്
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ എല്ലാ ഗൾഫ് രാജ്യങ്ങളിലെയും വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കി. നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ജി.സി.സി രാജ്യങ്ങളുടെ തീരുമാനം. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്താനും ആവശ്യമെങ്കിൽ മാത്രം കൂടുതൽ നിയന്ത്രണങ്ങൾ മതിയെന്നുമാണ് മിക്ക ഗൾഫ് രാജ്യങ്ങളുടെയും നിലപാട്. ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളിലും പുതുതായി ഒമൈക്രോൺ സ്ഥിരീകരിച്ചതോടെ ഗൾഫിലും ആശങ്ക ശക്തമാണ്. യു.എ.ഇ ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളും ദക്ഷിണാഫ്രിക്ക ഉൾപ്പെടെ നിരവധി ആഫ്രിക്കൻ രാജ്യങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കർശന സുരക്ഷാ പരിശോധനകളിലൂടെ കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് എത്തുന്നത് തടയാനുള്ള തയാറെടുപ്പിലാണ് ഗൾഫ് രാജ്യങ്ങൾ.
അതേ സമയം കോവിഡ് വ്യാപന സാഹചര്യത്തിൽ ഇൻഡോർ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ അബൂദബി ഇളവു നൽകിയിരിക്കുകയാണ്. 80 ശതമാനം പേർക്ക് ഇനിമുതൽ ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു. ഔട്ട്‌ഡോർ പരിപാടികൾക്കും വിവാഹങ്ങൾക്കുമൊക്കെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവ് നൽകി. ഇൻഡോർ പരിപാടികളിൽ കയറുന്നതിന് അൽഹുസ്ൻ ആപ്പിൽ ഗ്രീൻപാസും 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആർ പരിശോധനാഫലവും കാണിക്കണം.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോൺ വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വൈറസിനെക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് ഗുരുതര കണ്ടെത്തലുകൾ വന്നിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളിൽ നിന്ന് ഏറ്റവും അപകടകാരിയായ വൈറസാണെന്നാണ് മുന്നറിയിപ്പ്. അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് B11529 എന്ന പുതിയ വൈറസെന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. വാക്സിനേഷൻ എല്ലാ രാജ്യങ്ങളും വേഗത്തിലാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോംഗ്, ഇസ്രയേൽ, ബെൽജിയം എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. വുഹാനിൽ കണ്ടെത്തിയ കോറോണ വൈറസിനേക്കാളും പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാണ് പുതിയവകഭേദം. 50 ലേറെ ജനിതക മാറ്റങ്ങൾ സംഭവിച്ച വൈറസ് അതിതീവ്ര വ്യാപനശേഷിയാണുള്ളതെന്ന് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. വാക്സിന്റെ പ്രതിരോധത്തെയും പുതിയ വകഭേദം ബാധിക്കുമെന്ന് ആശങ്കയുണ്ട്. യുകെ, ജർമ്മനി, ഇറ്റലി, ഇസ്രായേൽ, ജപ്പാൻ, കെനിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി ബോറിസ് ജോൺസൺ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ ബാരലിന് 10 ഡോളറായി കുറഞ്ഞു.
Adjust Story Font
16