Quantcast

സമാനതകളില്ലാത്ത പ്രതിരോധവും അതിജീവനവുമായി ഗസ്സ; ഗസ്സ-ഇസ്രായേൽ യുദ്ധത്തിന് ഒരു വർഷം തികയുന്നു

ലോകശക്തികളുടെ പിന്തുണയോടെ ഇസ്രായേൽ കൊടുംഭീകരത നടപ്പാക്കിയപ്പോഴും ഗസ്സ കീഴടങ്ങിയില്ല. ഹമാസിനെ ഇല്ലാതാക്കുക, ബന്ദികളെ ജീവനോടെ മോചിപ്പിക്കുക തുടങ്ങിയ നെതന്യാഹുവിന്റെ ലക്ഷ്യങ്ങളൊന്നും ഒരുവർഷമായിട്ടും നേടാനായിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2024-10-06 02:21:44.0

Published:

6 Oct 2024 12:54 AM GMT

സമാനതകളില്ലാത്ത പ്രതിരോധവും അതിജീവനവുമായി ഗസ്സ;  ഗസ്സ-ഇസ്രായേൽ യുദ്ധത്തിന് ഒരു വർഷം തികയുന്നു
X

ഗസ്സ സിറ്റി: ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിരോധവും അതിജീവനവുമാണ് കഴിഞ്ഞ ഒരു വർഷമായി ഗസ്സ കാഴ്ചവെക്കുന്നത്. ലോകശക്തികളുടെ പിന്തുണയോടെ ഇസ്രായേൽ കൊടുംഭീകരത നടപ്പാക്കിയപ്പോഴും ഗസ്സ കീഴടങ്ങിയില്ല. ഹമാസിനെ ഇല്ലാതാക്കുക, ബന്ദികളെ ജീവനോടെ മോചിപ്പിക്കുക തുടങ്ങിയ നെതന്യാഹുവിന്റെ ലക്ഷ്യങ്ങളൊന്നും ഒരുവർഷമായിട്ടും നേടാനായിട്ടില്ല.

45,000 ബോംബുകളാണ് ഒരുവർഷത്തിനിടെ ഇസ്രായേൽ ഗസ്സയിൽ വർഷിച്ചത്. വെറും 326 ചതുരശ്ര കിമീറ്ററിൽ 23 ലക്ഷം മനുഷ്യർ ജീവിക്കുന്ന ഇടത്താണ് ഈ തീവർഷം. ലോകത്ത് തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ഇടങ്ങളിലൊന്ന്. നാലുപാടും അടച്ചിട്ട് രക്തത്തിൽ മുക്കിയിട്ടും ഗസ്സയുടെ ചെറുത്തുനിൽപ്പ് തകർന്നില്ല. ഹമാസ് സേനയും സാധാരണ ജനങ്ങളും പിറന്ന നാടിന്റെ മോചനത്തിനായി വീരോചിതം പൊരുതി. ഇസ്രായേലിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് ഹമാസിന്റെ റോക്കറ്റുകൾ ഇസ്രായേലിൽ പതിച്ചുകൊണ്ടിരുന്നു. ഗസ്സയെ പൂർണമായി പിടിച്ചടക്കാൻ ഗസ്സയിലേക്ക് കടന്നുവന്ന ഇസ്രായേൽ കരസേന ഫലസ്തീൻചെറുത്തുനിൽപ്പിന്റെ ശക്തിയറിഞ്ഞു. മുന്നൂറിലേറെ സൈനികരുടെ മൃതദേഹമാണ് ഗസ്സയിൽ നിന്ന് ?തെൽ അവീവിലെത്തിയത്. ആയിരക്കണക്കിന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു.

അത്യാധുനികമായ മെർകാവ ടാങ്കുകൾ വരെ ഹമാസിന്റെ ആക്രമണത്തിൽ തകർന്നു തരിപ്പണമായി. 50 ദിവസത്തിലധികം രൂക്ഷമായ ആക്രമണം നടത്തിയ ശേഷം ഗസ്സ സിറ്റിയെയും ഹമാസിനെയും അവിടെ തകർത്തെന്നായിരുന്നു ഇസ്രായേൽ വാദം. പക്ഷേ താത്കാലിക വെടിനിർത്തൽ ഉണ്ടായപ്പോൾ ഗസ്സ സിറ്റിയിൽ ഹമാസ് പോരാളികൾബന്ദികളെ മോചിപ്പിക്കാനെത്തിയ ദൃശ്യങ്ങൾ കണ്ട് ലോകം അമ്പരന്നു

തുടർന്ന് ഖാൻ യൂനുസ്, റഫ.. ഇവിടങ്ങളിലെല്ലാം കടന്നുകയറി ഹമാസിന്റെ ശേഷി തകർത്തെന്നായിരുന്നു ഇസ്രായേൽ പ്രചാരണം . പക്ഷേ പിന്നെയും മാസങ്ങൾ പിന്നിട്ടിട്ടും ഹമാസിന്റെ ശക്തിക്ക് ഒരു പോറലുമേറ്റിട്ടില്ലെന്ന് പാശ്ചാത്യ മാധ്യമങ്ങൾ തന്നെ ചൂണ്ടിക്കാട്ടി. ഹമാസിന്റെ തുരങ്കശൃംഖല തകർക്കാനും ബന്ദികളെ കണ്ടെത്താനുമുള്ള ഇസ്രായേൽ പദ്ധതികൾ ഒന്നൊന്നായി പാളി.

ഗസ്സ ജനതയെ ഹമാസിനെതിരെ ഇളക്കിവിടാനുള്ള ശ്രമമുണ്ടായെങ്കിലും അതും നടന്നില്ല. അവർ ഹമാസിനൊപ്പം ഉറച്ചുനിൽക്കുന്നു. വെള്ളവും ഭക്ഷണവും വസ്ത്രവും കിട്ടാത്തപ്പോഴും അവർ അതിജീവനത്തിന്റെ മറുവഴി തേടി. പഴയകാല അടുപ്പിലേക്ക് മാറിയും കാട്ടുചെടികൾ വേവിച്ചു തിന്നും അവർ ജീവിത പോരാട്ടം തുടർന്നു.

ഒരു വർഷത്തിനിടെ രണ്ട് പെരുന്നാളുകൾ ഗസ്സ ആഘോഷിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ വിനോദത്തിനുള്ള വഴികൾ കണ്ടെത്തിയ കുട്ടികളുടെ കാഴ്ച ഗസ്സയുടെ അതിജീവനത്തിന്റെ പ്രതീകമായിരുന്നു.വംശഹത്യ ഒരു വർഷം പിന്നിടുമ്പോൾ ഗസ്സ പാടുകയാണ്. ‘ഇല്ല ഞങ്ങൾ വീഴില്ലെന്ന്., ഒരു നാൾ ശത്രു തോറ്റു പിന്മാറുക തന്നെ ചെയ്യുമെന്ന്



TAGS :

Next Story