Quantcast

ഓപ്പൺ എഐക്കെതിരെ വെളിപ്പെടുത്തൽ: മുൻ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് കുടുംബം

ഈ മാസം ആദ്യമാണ് സുചിറിനെ സാൻ ഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    1 Jan 2025 9:58 AM GMT

ഓപ്പൺ എഐക്കെതിരെ വെളിപ്പെടുത്തൽ: മുൻ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
X

സാൻ ഫ്രാൻസിസ്‌കോ: ഓപ്പൺ എഐക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ ജീവനക്കാരന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഇന്ത്യൻ വംശജനായ സുചിർ ബാലാജിയുടെ മരണത്തിലാണ് കുടുംബത്തിന്റെ ആരോപണം. സുചിറിന്റെ മരണം ആത്മഹത്യയല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കൊലപതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും കുടുംബം പറഞ്ഞു.

ഈ മാസം ആദ്യമാണ് സുചിറിനെ സാൻ ഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോലീസ് കണ്ടെത്തൽ. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സുചിറിന്റെ തലക്ക് പരിക്കേറ്റതായി കാണിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ദേശീയ മാധ്യമമായ എൻഡിടിവിയോട് പറഞ്ഞു. "ഞങ്ങൾ രണ്ടാമത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചു. അതിൽ തലക്ക് പരിക്കേറ്റത് പോലെയുള്ള മല്പിടുത്തതിന്റെ അടയാളങ്ങൾ ഉണ്ട്. പോസ്റ്റ്‌മോർട്ടത്തിൽ നിന്നുള്ള കൂടുതൽ വിശദാംശങ്ങൾ ഇത് കൊലപാതകമാണെന്ന് തെളിയിക്കുന്നു," സുചിർ ബാലാജിയുടെ 'അമ്മ പൂർണിമ റാവു പറഞ്ഞു. മകൻ സന്തോഷവാനായിരുന്നുവെന്നും, ആത്മഹത്യ ചെയ്യേണ്ട പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും അച്ഛൻ ബാലാജി രാമമൂർത്തി ചൂണ്ടിക്കാട്ടി.

ബുക്കാനൻ സ്ട്രീറ്റ് അപ്പാർട്ട്മെൻ്റിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സുചിർ ബാലാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് സുചിറിനെ അന്വേഷിച്ച് പൊലീസ് അപ്പാർട്മെന്റിൽ എത്തിയത്. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, ആത്മഹത്യയാണെന്നുമായിരുന്നു പൊലീസ് നിഗമനം. അതേസമയം, സുചിർ ബാലാജിയുടെ മാതാപിതാക്കളെ പിന്തുണച്ച് എലോൺ മസ്ക് രംഗത്ത് വന്നിരുന്നു.

2020 മുതൽ 2024 ഓഗസ്റ്റ് വരെ ഓപ്പൺ എഐയിൽ ജീവനക്കാരനായിരുന്നു സുചിർ. ഒക്ടോബറിൽ, ഓപ്പൺഎഐ പകർപ്പവകാശ നിയമം ലംഘിക്കുന്നുവെന്ന് സുചിർ ബാലാജി ആരോപണം ഉന്നയിച്ചിരുന്നു. ചാറ്റ്ജിപിടി പോലുള്ള സാങ്കേതികവിദ്യാ കണ്ടുപിടിത്തങ്ങള്‍ ഇന്റർനെറ്റിനെ അപകടത്തിലാക്കുമെന്നും സുചിർ ചൂണ്ടിക്കാട്ടി . അനുമതിയില്ലാതെ വ്യക്തികളുടെയും ബിസിനസുകളുടെയും സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും സുചിർ ന്യൂയോർക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ തുറന്നു സംസാരിച്ചിരുന്നു.

TAGS :

Next Story