സെലൻസ്‌കിക്ക് ഓസ്‌കർ വേദിയിൽ പങ്കെടുക്കാനാകില്ല; വീണ്ടും ആവശ്യം തള്ളി അക്കാദമി
വെളുത്ത വംശജർ ഇരകളായതിനാലാണ് ഹോളിവുഡ് യുക്രൈൻ യുദ്ധത്തിന് ഇത്രയും ശ്രദ്ധ നൽകുന്നതെന്ന് ഓസ്‌കർ നിർമാതാവ് വിൽ പാക്കർ വിമർശിച്ചു
ലോസ് ഏഞ്ചൽസ്: ഓസ്‌കർ പുരസ്‌കാര വേദിയിൽ പങ്കെടുക്കാനുള്ള യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുടെ ആവശ്യം വീണ്ടും നിരസിച്ചു. ഇതു രണ്ടാം തവണയാണ് സെലൻസ്‌കിയുടെ ആവശ്യം അക്കാദമി തള്ളുന്നത്. മാർച്ച് 12ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടക്കുന്നത്.
ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ വിർച്വൽ പ്രസംഗം നടത്താനുള്ള അനുമതി തേടിയാണ് യുക്രൈൻ പ്രസിഡന്റ് അക്കാദമിയെ സമീപിച്ചത്. ഏജന്റ് മുഖേനെയായിരുന്നു നീക്കം. എന്നാൽ, സെലൻസ്‌കിക്ക് വേദി നൽകാനാകില്ലെന്ന് വ്യക്തമാക്കിയ അക്കാദമി ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനു കൂട്ടാക്കിയില്ല.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനു പിന്നാലെ നിരവധി അന്താരാഷ്ട്ര വേദികളിൽ സെലൻസ്‌കി പങ്കെടുത്തിരുന്നു. കാൻ, വെനീസ് ചലച്ചിത്ര മേളകളിലും ഗ്രാമി പുരസ്‌കാരദാന ചടങ്ങിലുമെല്ലാം പ്രത്യേക ക്ഷണിതാവായി അദ്ദേഹം പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു. അടുത്തിടെ സമാപിച്ച ബെർലിൻ ചലച്ചിത്ര മേളയിൽ നടത്തിയ വിർച്വൽ പ്രസംഗത്തിനിടെ വൻ സ്വീകരണവും കരഘോഷവുമാണ് സെലൻസ്‌കിക്ക് ലഭിച്ചത്. ഏറ്റവുമൊടുവിൽ ജനുവരിയിൽ നടന്ന 80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാ വിതരണ വേദിയിലും അദ്ദേഹം പങ്കെടുത്തു.
അതേസമയം, വെളുത്ത വംശജർ ഇരകളായതിനാലാണ് ഹോളിവുഡ് യുക്രൈൻ യുദ്ധത്തിന് ഇത്രയും ശ്രദ്ധ നൽകുന്നതെന്ന് ഓസ്‌കർ നിർമാതാവ് വിൽ പാക്കർ വിമർശിച്ചു. മുൻപ് മറ്റു പ്രദേശങ്ങളിൽ നടന്ന യുദ്ധങ്ങളെയെല്ലാം ഹോളിവുഡ് അവഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Summary: Oscars rejects Ukrainian President Volodymyr Zelenskyy's request to make appearance at the Academy Awards ceremony
Adjust Story Font
16