തുർക്കി ഭൂചലനം: മരണം 500 കടന്നു, കുടുങ്ങിക്കിടക്കുന്നത് നിരവധി പേർ
ആദ്യ ഭൂചലനമുണ്ടായി ഏകദേശം 15 മിനിറ്റിന് ശേഷം 6.7 തീവ്രതയിൽ തുടർചലനവുമുണ്ടായി
ഇസ്താംബൂൾ: തുർക്കി ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
ഇന്ന് പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടാകുന്നത്. തുർക്കി-സിറിയ അതിർത്തി നഗരമായ ഗാസിയൻതപിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ഏകദേശം 45 സെക്കൻഡുകളോളം നീണ്ടു നിന്നതായാണ് റിപ്പോർട്ട്. ആദ്യ ഭൂചലനമുണ്ടായി ഏകദേശം 15 മിനിറ്റിന് ശേഷം 6.7 തീവ്രതയിൽ തുടർചലനവുമുണ്ടായി. നേരത്തേ തുർക്കിയിൽ മാത്രമാണ് മരണം റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും സിറിയയിലും 42ഓളം പേർ മരിച്ചതായാണ് നിലവിലെ റിപ്പോർട്ടുകൾ.
Also Read:തുർക്കിയയിൽ വൻ ഭൂചലനം; നിരവധി കെട്ടിടങ്ങൾ തകർന്നു
അയൽരാജ്യങ്ങളായ സിറിയ,ലെബനോൻ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയിലെ വിവിധ നഗരങ്ങളായ ഖറാമെൻമാരാസ്, ഹതാര, ഒസ്മാനിയ, ആദിയമൻ, മാലത്യ തുടങ്ങിയ സ്ഥലങ്ങളെയാണ് ഭൂചലനം കാര്യമായി ബാധിച്ചത്. 16 തുടർ ചലനങ്ങളും അനുഭവപ്പെട്ടു.
വലിയ തോതിൽ മരണ സംഖ്യ ഉയരാനാണ് സാധ്യത. സിറിയയിലെ വിമത മേഖലയായ ഇദ്‌ലിബിലെ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. രക്ഷാപ്രവർത്തനത്തിന് സിറിയ അന്താരാഷ്ട്ര സഹായം തേടി.
ഇതുപോലൊരു ദുരന്തം കണ്ടിട്ടില്ലെന്നായിരുന്നു തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പ്രതികരണം. ലബനാൻ, ദ്വീപ് രാഷ്ട്രമായ സൈപ്രസ് , ഇറാഖ് , ഈജിപ്ത് , ഗ്രീക്ക് സൈപ്രിയോട്ട് രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 1999 ലുണ്ടായ ഭൂകമ്പത്തിൽ തുർക്കിയിൽ 17,000 പേർ കൊല്ലപ്പെട്ടിരുന്നു,
Adjust Story Font
16