എട്ട് ആഴ്ച പിന്നിട്ട് റഷ്യൻ അധിനിവേശം: അഞ്ച് ദശലക്ഷം പേര്‍ യുക്രൈൻ വിട്ടെന്ന് യു.എന്‍
മരിയുപോളിൽ ആഴ്ചകളോളം കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള നീക്കം യുക്രൈൻ തുടങ്ങി
മരിയുപോള്‍: യുക്രൈനിലെ റഷ്യൻ അധിനിവേശം എട്ട് ആഴ്ച പിന്നിടുമ്പോൾ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കാനുള്ള ശ്രമം റഷ്യ ഊർജിതമായി തുടരുകയാണ്. മരിയുപോളിൽ ആഴ്ചകളോളം കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള നീക്കം യുക്രൈൻ തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിലൊക്കെയും റഷ്യ രൂക്ഷമായി ആക്രമിച്ചെങ്കിലും യുക്രൈൻ ചെറുത്തുനിൽപ്പ് ഇപ്പോഴും തുടരുകയാണ്. ഏത് നിമിഷവും മരിയുപോൾ അടക്കമുള്ള പ്രദേശങ്ങൾ റഷ്യ കീഴടക്കും. പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യ വ്യക്തമാക്കി. മരിയുപോൾ പിടിച്ചടക്കാതിരിക്കാൻ ചർച്ചകൾക്ക് തയ്യാറെന്ന് യുക്രൈൻ ആവർത്തിച്ചു. അധിനിവേശം ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം ആളുകൾ യുക്രൈൻ വിട്ടതായി ഐക്യരാഷ്ട്രസഭ പറഞ്ഞു. റഷ്യ നടത്തുന്ന സൈബർ ആക്രമണങ്ങൾക്കെതിരെയും നിരവധി രാജ്യങ്ങൾ രംഗത്തെത്തി.
സഖ്യകക്ഷികളിൽ നിന്ന് മുഴുവൻ വിമാനങ്ങളും യുക്രൈന് ലഭ്യമായിട്ടില്ലെന്ന് അമേരിക്കൻ പ്രതിരോധ കാര്യാലയമായ പെന്റഗൺ അറിയിച്ചു. ഷെല്ലുകൾ പ്രയോഗിക്കുന്ന ദീർഘദൂര ആയുധമായ ഹോവിറ്റ്‌സർ ഉപയോഗിക്കാൻ യുക്രൈനികൾക്ക് പരിശീലനം നൽകുമെന്ന് യുഎസ് വാഗ്ദാനം ചെയ്തു. റഷ്യയെ ദുർബലപ്പെടുത്താൻ യുദ്ധം കൂടുതൽ കാലം നിലനിൽക്കണമെന്നാണ് ചില നാറ്റോ സഖ്യകക്ഷികൾ ആഗ്രഹിക്കുന്നതെന്ന് തുർക്കി ആരോപിച്ചു. യുക്രൈന് നൂറോളം മിസ്ട്രൽ എയർ ഡിഫൻസ് മിസൈലുകൾ നോർവേ നൽകി. കിയവ് സന്ദർശിച്ച യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അതിനിടെ റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ. റഷ്യൻ ബാങ്കായ ട്രാൻസ്‌കാപിറ്റൽ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. നാൽപ്പതിലധികം വ്യക്തികൾക്കും പുതിയ ഉപരോധം ബാധകമാണ്. ഈ വർഷത്തെ വിംബിൾഡൺ ടൂർണമെന്റിൽ നിന്ന് റഷ്യൻ, ബെലാറസ് താരങ്ങളെ വിലക്കിയതായി വനിതാ ടെന്നീസ് അസോസിയേഷൻ വ്യക്തമാക്കി.
Summary- The United Nations' refugee agency says more than five million Ukrainians have been forced to flee their country in less than two months since the Russian invasion, creating an unprecedented refugee crisis.
Adjust Story Font
16