Quantcast

പാകിസ്താൻ പ്രളയം: ദുരിതത്തിലായി 6.5 ലക്ഷത്തോളം ​ഗർഭിണികൾ; അടിയന്തര പരിചരണം ആവശ്യപ്പെട്ട് യുഎൻ‍

​ഗർഭധാരണവും പ്രസവവും പ്രകൃതി ദുരന്തങ്ങൾ അവസാനിക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഏജൻസി, ഓരോ സ്ത്രീയും കുഞ്ഞും അതീവ ദുർബലരാണെന്നും ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Updated:

    2022-08-31 14:55:06.0

Published:

31 Aug 2022 2:53 PM GMT

പാകിസ്താൻ പ്രളയം: ദുരിതത്തിലായി 6.5 ലക്ഷത്തോളം ​ഗർഭിണികൾ; അടിയന്തര പരിചരണം ആവശ്യപ്പെട്ട് യുഎൻ‍
X

ഇസ്‌ലാമാബാദ്‌: മഹാപ്രളയം ദുരിതത്തിലാക്കിയ പാകിസ്താനിലെ ദുരന്തബാധിത പ്രദേശങ്ങളിലെ 6.5 ലക്ഷത്തിലേറെ ഗർഭിണികൾക്ക് അടിയന്തര പരിചരണം ആവശ്യമാണെന്ന് യുഎൻ. ഇവരിൽ 73000 പേരും അടുത്ത മാസത്തോടെ പ്രസവം പ്രതീക്ഷിക്കുന്നവരാണെന്നും അവർക്ക് അടിയന്തര ആരോ​ഗ്യസേവനം ലഭ്യമാക്കണമെന്നും ശിശുപരിചരണം ഉറപ്പാക്കണമെന്നും യുഎൻ ഏജൻസിയായ യുഎൻ പോപുലേഷൻ ഫണ്ട് ആവശ്യപ്പെടുന്നു.

ജൂൺ ആദ്യം മുതൽ പാകിസ്താനിലുടനീളമുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു ദശലക്ഷത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് യുഎൻ പോപുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) മുന്നറിയിപ്പ് നൽകി.

​ഗർഭധാരണവും പ്രസവവും പ്രകൃതി ദുരന്തങ്ങൾ അവസാനിക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഏജൻസി, ഓരോ സ്ത്രീയും കുഞ്ഞും അതീവ ദുർബലരാണെന്നും പാകിസ്താന്റെ മൂന്നിലൊന്ന് ഭാ​ഗവും വെള്ളത്തിലായ ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് അതീവ പരിചരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൻഖ്വ, പഞ്ചാബ് എന്നിവിടങ്ങളിൽ ഉടനടി നൽകാനായി 8,311 ഡിഗ്നിറ്റി കിറ്റുകളും 7,411 നവജാത ശിശുകിറ്റുകളും 6,412 ക്ലീൻ ഡെലിവറി കിറ്റുകളും യുഎൻഎഫ്പിഎ‌ സംഘടിപ്പിച്ചിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ലോകത്തോട് ആവശ്യപ്പെട്ട യുഎൻ ഏജൻസി, സിന്ധിൽ 1,000ലധികം ആരോഗ്യ കേന്ദ്രങ്ങൾ ഭാഗികമായോ പൂർണമായോ തകർന്നതായി പറഞ്ഞു. നിലവിലെ വെള്ളപ്പൊക്ക സാഹചര്യത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ബലൂചിസ്ഥാനിൽ 198 ആരോഗ്യ സൗകര്യങ്ങൾ തകർന്നതായും അവർ അറിയിച്ചു.

ഇതിനോടകം 1100ഓളം ആളുകൾ മരണപ്പെടുകയും 1600ലേറെ പേർക്ക് പരിക്കേൽക്കുകയും 3.3 കോടിയോളം ആളുകളെ ബാധിക്കുകയും ചെയ്ത വെള്ളപ്പൊക്കത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും രണ്ട് ദശലക്ഷത്തോളം ഏക്കർ കൃഷിഭൂമി നശിക്കുകയും 735000 കന്നുകാലികൾ ചാവുകയും ആയിരക്കണക്കിന് കിലോമീറ്ററോളം റോഡുകൾ തകരുകയും ചെയ്തു.

TAGS :

Next Story