Quantcast

വിവേക് അഗ്നിഹോത്രിയുടെ പ്രഭാഷണ പരിപാടി ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി റദ്ദാക്കി

അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദി കശ്മീർ ഫയൽസി'ന്റെ പ്രദർശനം ഈ മാസം ആദ്യത്തിൽ സിംഗപ്പൂർ തടഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-05-31 15:48:27.0

Published:

31 May 2022 3:42 PM GMT

വിവേക് അഗ്നിഹോത്രിയുടെ പ്രഭാഷണ പരിപാടി ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി റദ്ദാക്കി
X

ലണ്ടൻ: വിവാദ ബോളിവുഡ് ചിത്രം 'ദ കശ്മീർ ഫയൽസി'ന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പരിപാടി റദ്ദാക്കി ഓക്‌സ്ഫഡ് സർവകലാശാല. വിവേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് അറിയുന്നത്.

ഹിന്ദുഫോബിക്കായ ഓക്‌സ്ഫഡിൽ മറ്റൊരു ഹിന്ദുശബ്ദം കൂടി നിരോധിക്കപ്പെട്ടെന്ന കുറിപ്പോടെ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിവേക് അഗ്നിഹോത്രി ഇക്കാര്യം പരിപാടി റദ്ദാക്കിയ വിവരം സ്ഥിരീകരിച്ചത്. ഇന്നായിരുന്നു ഓക്‌സ്ഫഡ് വിദ്യാർത്ഥി യൂനിയന്റെ നേതൃത്വത്തിൽ സർവകലാശാലയിൽ വിവേകിന്റെ പ്രഭാഷണം നിശ്ചയിച്ചിരുന്നത്. എന്നാൽ, പരിപാടിക്കായി ലണ്ടനിലേക്ക് തിരിക്കുന്നതിന്റെ ഏതാനും മണിക്കൂറുകൾക്കുമുൻപ് പരിപാടി റദ്ദാക്കിയതായി അറിയിച്ച് സംഘാടകർ മെയിൽ ചെയ്യുകയായിരുന്നുവെന്ന് വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തി.

തങ്ങൾക്കൊരു അബദ്ധം സംഭവിച്ചുവെന്നും ഈ ദിവസം രണ്ടു പരിപാടികൾക്ക് ബുക്കിങ്ങുണ്ടായെന്നും ഇതിനാൽ താങ്കളുടെ പരിപാടിക്ക് വേദിയൊരുക്കാനാകില്ലെന്നും അറിയിച്ചായിരുന്നു വിദ്യാർത്ഥി യൂനിയന്റെ ഇ-മെയിൽ. പരിപാടിയുടെ തിയതി ജൂലൈ ഒന്നിലേക്ക് മാറ്റിയെന്നും എന്നാൽ, ഈ ദിവസം സർവകലാശാലയിൽ വിദ്യാർത്ഥികളൊന്നും ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ പരിപാടി നടത്തുന്നതിൽ അർത്ഥമില്ലെന്നും വിവേക് അഗ്നിഹോത്രി വിഡിയോയിൽ വ്യക്തമാക്കി. 'ഓക്‌സ്ഫഡിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. യൂനിയൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഒരു പാകിസ്താനിയുമാണ്.'-ട്വീറ്റിൽ സൂചിപ്പിച്ചു.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ 'ദി കശ്മീർ ഫയൽസി'നെതിരെ രാജ്യത്തും അന്താരാഷ്ട്രതലത്തിലും വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നിട്ടുള്ളത്. ചിത്രത്തിന് ഈ മാസം ആദ്യത്തിൽ സിംഗപ്പൂർ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. മുസ്ലിംകളെ ഏകപക്ഷീയമായ രീതിയിൽ ചിത്രീകരിക്കുന്ന ചിത്രം നാട്ടിലെ മതസൗഹാർദം തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിംഗപ്പൂർ വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഇൻഫോകോം മീഡിയ ഡെവലപ്മെന്റ് അതോറിറ്റിയാണ് വിലക്കേർപ്പെടുത്തിയത്.

പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്താൽ കശ്മീരിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയെന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്. എന്നാൽ, ബി.ജെ.പി ചിത്രത്തെ ആശയപ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതാണ് ചിത്രമെന്നും വ്യാപക വിമർശനമുയർന്നിരുന്നു. ഇതിനിടയിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ വിനോദ നികുതി ഒഴിവാക്കിക്കൊടുത്തും മറ്റും ചിത്രത്തിന് വലിയ പിന്തുണയും നൽകിയിരുന്നു. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Summary: Oxford University cancels Vivek Agnihotri's address

TAGS :

Next Story